പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്‍ മോഹന്‍ലാല്‍ കൂടിക്കാഴ്ച്ച നടത്തി. ജന്മാഷ്ടമി നാളില്‍ തന്നെ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞതില്‍ മോഹന്‍ലാല്‍ സന്തോഷം പ്രകടിപ്പിച്ചു. മോഹന്‍ലാലിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

നവകേരളത്തിന്റെ നിര്‍മ്മാണത്തിന് എല്ലാവിധ പിന്തുണകളും മോദി അറിയിച്ചതായും മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. വിശ്വശാന്തി ട്രസ്റ്റിന്റെ കീഴില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങാനുളള പദ്ധതിയും പ്രധാനമന്ത്രി അഭിനന്ദിച്ചതായി മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വെള്ളപ്പൊക്ക സമാശ്വാസ പ്രവര്‍ത്തനങ്ങളിലും വിശ്വശാന്തി ഫൗണ്ടേഷന്‍ സജീവമായിരുന്നു. വയനാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യ പ്രവര്‍ത്തനങ്ങള്‍.

25 ടണ്ണിലധികം വരുന്ന സാധന സാമഗ്രികളാണ് ദുരിതബാധിതര്‍ക്കായി ഇവര്‍ വയനാട്ടില്‍ വിതരണം ചെയ്തത്. ഇതിനെ കുറിച്ച് മോഹന്‍ലാല്‍ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തിരുന്നു.

‘ഒരു നൂറ്റാണ്ടിനിടയ്ക്ക് കേരളം കണ്ട മഹാ പ്രളയത്തില്‍, ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി നിലകൊള്ളുകയും അവരുടെ പുനരധിവാസത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ സുമനസ്സുകള്‍ക്കും എന്‍റെ സ്നേഹാദരങ്ങള്‍. എന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍റെ സന്നദ്ധ പ്രവര്‍ത്തകര്‍, വയനാട്ടിലെ ഉള്‍ പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇറങ്ങുകയാണ്.
ആദ്യഘട്ടത്തില്‍ വയനാട്ടിലെ രണ്ടായിരം കുടംബങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ആണ് ഞങ്ങളുടെ പരിശ്രമം. ഒരുകുടുംബത്തിന് ഒരു ആഴ്ചയ്ക്കുള്ള അവശ്യസാധനങ്ങള്‍ ആണ് വിതരണം ചെയ്യുന്നത്. ഒരുപാട് പേരുടെ സഹായ ഹസ്തങ്ങളിലൂടെ നമ്മുടെ കേരളം ഈ പ്രതിബന്ധങ്ങളെ അതിജീവിക്കും. അതിനായി നമുക്ക് ഒത്തുചേരാം’ മോഹന്‍ലാല്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ