കൊച്ചി: പ്രളയദുരിതത്തിൽനിന്നും കരകയറാനുളള ശ്രമങ്ങൾക്ക് കൈതാങ്ങുമായി ഒട്ടനവധി പേരാണ് രംഗത്തുവന്നത്. ഇക്കൂട്ടത്തിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരും ഉണ്ടായിരുന്നു. ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, പാർവ്വതി, കീർത്തി സുരേഷ് തുടങ്ങി നിരവധി താരങ്ങൾ നേരിട്ട് രംഗത്തിറങ്ങി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മെഗാസ്റ്റാർ മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പിലെത്തി അവിടെയുളളവർക്ക് ആശ്വാസവാക്കുകൾ പകർന്നു.

മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി കേരളത്തിന്റെ പുനരുദ്ധാരണത്തിൽ പങ്കാളിയായി. ഇപ്പോഴിതാ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തന്റെ നേതൃത്വത്തിലുളള വിശ്വശാന്തി ഫൗണ്ടേഷൻ ശേഖരിച്ച സാധനങ്ങൾ നേരിട്ടെത്തി കൈമാറിയിരിക്കുകയാണ് മോഹൻലാൽ. കൊച്ചി വെല്ലിങ്ടൺ ഐലന്റില കളക്ഷൻ സെന്ററിലാണ് ലാൽ നേരിട്ടെത്തി സാധനങ്ങൾ കൈമാറിയത്.

”വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമാണിത്. ആദ്യഘട്ടത്തിൽ വയനാട് മാനന്തവാടി മേഖലകളിലാണ് സാധനങ്ങൾ എത്തിച്ചത്. രണ്ടാം ഘട്ടത്തിൽ കൊച്ചി കൂടാതെ പത്തനംതിട്ട, ആറന്മുള, അയിരൂർ, ആലപ്പുഴയിലെ നെടുമുടി എന്നിവിടങ്ങളിലാണ് അവശ്യവസ്തുക്കൾ എത്തിക്കുന്നത്. വിദേശങ്ങളിൽനിന്നും വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തകർ ശേഖരിച്ച നിരവധി സാധനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നുണ്ട്. ഇവയെല്ലാം അവശ്യക്കാർക്ക് എത്തിക്കുകയാണ് മൂന്നാം ഘട്ടം. നല്ല പ്രവൃത്തിയാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തകർ നടത്തിയത്” മോഹൻലാൽ പറഞ്ഞു.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ അടക്കമുളള സാധനങ്ങളാണ് മോഹൻലാൽ എത്തിച്ചു നൽകിയത്. മോഹൻലാൽ ഫാൻസ് അസോസിയേഷനുകൾ ശേഖരിച്ച സാധനങ്ങളും എത്തിച്ചു കൊടുത്തിട്ടുണ്ട്. മേജർ രവിയും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ