തിരുവനന്തപുരം: പ്രളയ ദുരിതത്തിനിടെ മലയാളി അസോസിയേഷന്റെ പരിപാടിക്കായി ജർമനിയിലേക്ക് പോയ വനംമന്ത്രി കെ.രാജുവിന് തിരികെ വരാന്‍ ടിക്കറ്റ് ലഭിച്ചില്ല. മുഖ്യമന്ത്രി തിരികെ വിളിച്ച അദ്ദേഹം ശനിയാഴ്ച്ച തിരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്ക് കാരണം വിമാന ടിക്കറ്റ് ലഭ്യമായില്ല. ഇതോടെ ഞായറാഴ്ച്ചയ്ക്കാണ് ടിക്കറ്റ് ലഭ്യമായത്. കോട്ടയം ജില്ലയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ജർമനിയിലേക്ക് പോയത് സംസ്ഥാനത്ത് വൻ വിവാദമായിരുന്നു.

തുടർന്ന് മന്ത്രിയോട് അടിയന്തരമായി തിരിച്ചുവരാൻ സി.പി.ഐയും മുഖ്യമന്ത്രിയുടെ ഓഫീസും നിർദ്ദേശിച്ചിരുന്നു.വിമർശനങ്ങൾക്കിടയിൽ ജർമൻ പര്യടനം അദ്ദേഹം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ജർമനിയുടെ മുൻ തലസ്​ഥാനമായ ബോണിൽ വ്യാഴാഴ്ച്ച ആരംഭിച്ച വേൾഡ്​ മലയാളി കൗൺസിൽ സമ്മേളനത്തിൽ പ​ങ്കെടുക്കാനാണ്​ മന്ത്രി എത്തിയത്​. മുൻകൂട്ടി നിശ്​ചയിച്ച പരിപാടിയായതിനാലാണ്​ സമ്മേളനത്തിന്​ എത്തിയത്​. പ്രളയക്കെടുതിയിൽ ദുരിതപ്പെടുന്ന നാടി​​ന്റെ അവസ്​ഥ​ ജർമൻ പ്രവാസികളെ കൃത്യമായി ബോധ്യപ്പെടുത്താനും ​ മികച്ച പിന്തുണ ഉറപ്പാക്കാനും ഈ യാത്ര ഉപകരിക്കുമെന്നാണ്​ കരുതുന്നതെന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചു.

ഒരാഴ്​ചത്തെ പര്യടനമാണ്​ നിശ്​ചയിച്ചിരുന്നതെങ്കിലും ഞായറാഴ്ച്ച അദ്ദേഹം തിരിച്ചെത്തും. പ്രളയക്കെടുതിക്കിടെ നടത്തിയ വിദേശ യാത്ര നാട്ടിൽ വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നത്. വേൾഡ് മലയാളി കൗൺസിൽ കേരളത്തിന് അകമഴിഞ്ഞ സഹായം നൽകുമെന്ന് അറിയിച്ചിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.