തിരുവനന്തപുരം: ലോട്ടറി അടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി ഒരു കുടുംബം. ലോട്ടറി ഏജന്റും വില്‍പ്പനക്കാരനുമായ അഞ്ചല്‍ സ്വദേശി ഹംസയും കുടുംബവുമാണ് മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.

ഈ സമ്മനത്തുക മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്യാന്‍ ഹംസയും ഭാര്യ സോണിയയും തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച ഇരുവരും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ എന്നിവര്‍ക്കൊപ്പമെത്തിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് മുഖ്യന്ത്രിയെ നേരിട്ട് ഏല്‍പ്പിച്ചത്. നിര്‍മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനമാണ് ഹംസ എടുത്ത ടിക്കറ്റിന് ലഭിച്ചത്. ഈ മാസം പത്തിന് നടന്ന നറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്.

പുനരധിവാസത്തിന് സര്‍ക്കാരും സന്നദ്ധസംഘടനകളും എണ്ണയിട്ട യന്ത്രം കണക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരോടും അദ്ദേഹം സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഹംസയെ പോലെയുളളവരും നവകേരള നിര്‍മാണത്തിന്റെ ഭാഗമാവുന്നത്. എവിടെ ജോലി ചെയ്യുന്ന മലയാളിയായാലും പുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് ഒരു മാസത്തെ ശമ്പളം നല്‍കണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

‘ഒരുമിച്ച് നല്‍കേണ്ട, മൂന്ന് ദിവസത്തെ ശമ്പളം ഒരു മാസം നല്‍കുക. 10 മാസം കൊണ്ട് 30 ദിവസത്തെ ശമ്പളമാകും. പുതിയ കേരളം കെട്ടിപ്പടുക്കുന്നതില്‍ നമുക്ക് എല്ലാവര്‍ക്കും പങ്കാളികളാകാം. നമ്മുടെ നാട്ടിലെ നഴ്സറി ക്ലാസിലെ കുഞ്ഞ് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയാണ് ഇതില്‍ പങ്കാളികളാകുന്നത്. കഴിഞ്ഞ ദിവസം കേരളത്തിന് കരുത്ത് പകരാന്‍ സുപ്രിംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെ ഫണ്ട് സ്വരൂപിക്കാന്‍ ഡല്‍ഹിയില്‍ പാട്ട് പാടിയത് അഭിനന്ദനീയമാണ്. കേരളത്തിന്റെ ദുരിതത്തില്‍ ഓരോരുത്തരും പതിവ് രീതികള്‍ വിട്ട് മുന്നോട്ട് വരുന്നത് പുനര്‍നിര്‍മ്മാണത്തിന് പ്രതീക്ഷ നല്‍കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ഇത്തരം കാര്യങ്ങള്‍ പ്രചോദനവും കരുത്തുമായി മാറും’, പിണറായി വിജയന്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.