കൊച്ചി: ‘ഞങ്ങളുടെ പുതിയ ജീവിതത്തെ ഇത്ര നാള്‍ കാത്തുസൂക്ഷിച്ച മഹാരാജാസിന്റെ നല്ല മനസ്സുകള്‍ക്ക് നന്ദി’. ക്ലാസ് മുറിയിലെ ഗ്രീന്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്ത ശേഷമാണ് ക്യാമ്പിലെത്തിയവര്‍ ക്യാമ്പസില്‍ നിന്ന് വീടുകളിലേക്ക് യാത്രയായത്. പ്രളയവും പേമാരിയും രൂക്ഷമായപ്പോള്‍ സ്വന്തം വീടുകള്‍ താമസ യോഗ്യമല്ലാതായ സാഹചര്യത്തില്‍ മഹാരാജാസില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയവരാണ് ബോര്‍ഡില്‍ നന്ദി വാചകങ്ങള്‍ എഴുതി വച്ചത്.

മഹാപ്രളയത്തിന്റെ കനലുകള്‍ക്കിടയിലും മഹാരാജാസില്‍ സംഘടിപ്പിച്ച ഓണാഘോഷവും പൊടിപൊടിച്ചു. പ്രളയം വിതച്ച നഷ്ടങ്ങള്‍ക്കുമേല്‍ പ്രതീക്ഷയുടെയും സമാധാനത്തിന്റെയും അന്തരീക്ഷമാണ് കോളേജ് അങ്കണത്തില്‍ തിരുവോണനാളില്‍ ഉണ്ടായിരുന്നത്. ഓണവുമായി ബന്ധപ്പെട്ട നിരവധി കലാപരിപാടികളാണ് ക്യാമ്പില്‍ എത്തിയവര്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികളും കലാകാരന്മാരും ഒരുക്കിയത്. വീടുകളിലെ ഓണം പോലെ തന്നെ ക്യാമ്പിലെ ഓണപ്പരിപാടികളും ആസൂത്രണം ചെയ്തു.

കസേരകളി, ഉറിയടി, വടംവലി, മിഠായി പെറുക്കല്‍, ലെമണ്‍ സ്പൂണ്‍ റേസ് എന്നിങ്ങനെ വിവിധ കലാപരിപാടികളാണ് മഹാരാജാസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്. വിജയികള്‍ക്ക് സമ്മാനദാനവും എല്ലാവര്ക്കും സദ്യവട്ടങ്ങളുമായി സുന്ദരമായൊരു ഓണക്കാലം തന്നെ ക്യാമ്പിലെത്തിയവര്‍ക്ക് ഒരുക്കാന്‍ കോളേജിന് സാധിച്ചു.

മഹാരാജാസിലൊരുക്കിയ ഓണസദ്യ

ക്യാമ്പില്‍ എത്തിയവര്‍ക്ക് കോളേജിലെ ഓണാഘോഷങ്ങള്‍ നഷ്ടങ്ങളെ മറക്കാനുള്ള കുറേ സുന്ദര നിമിഷങ്ങളായി. പ്രീഡിഗ്രിക്ക് മഹാരാജാസില്‍ പഠിക്കാന്‍ കിട്ടാത്ത അവസരമാണ് വെള്ളപ്പൊക്കം നല്‍കിയതെന്ന് ക്യാമ്പിലെത്തിയ കടമക്കുടി സ്വദേശി വിനോദ് പറയുന്നു. ക്യാമ്പും അന്തരീക്ഷവും വളരെ നല്ലതായിരുന്നു എന്ന് സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ് ക്യാമ്പില്‍ ഉണ്ടായിരുന്നതെന്നും വിനോദ് പറഞ്ഞു.

ക്യാമ്പില്‍ ആണെന്ന തോന്നല്‍ ഉണ്ടായിരുന്നില്ല, അത്രയ്ക്ക് സുന്ദരമായ അന്തരീക്ഷമാണ് ക്യാമ്പിലുണ്ടായിരുന്നതെന്ന് ചരിയം തുരുത്ത് നിവാസി പ്രമോദ് പറയുന്നു. എല്ലാം മറന്നാണ് ആളുകള്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തത്. കളിയും പരിപാടികളും എല്ലാമായി ഓണം ക്യാമ്പില്‍ ആഘോഷമായിരുന്നുവെന്നും മഹാരാജാസ് പഠിക്കാന്‍ നഷ്ടമായെന്നും ക്യാമ്പിലെ മറ്റൊരു നിവാസിയും കടമക്കുടി സ്വദേശിയുമായ രസ്‌ന പറയുന്നു.

മറ്റൊരു ക്യാമ്പ് നിവാസി ഡെല്‍മ തമ്പിക്കും ക്യാമ്പിനെ പറ്റി നല്ല അഭിപ്രായമാണ്. ദുരിതംപേറി അവിടെയെത്തിയ അവര്‍ക്കു മനോവിഷമം മറക്കുന്ന രീതിയിലാണ് എല്ലാവരും സഹകരിച്ചത്. ഗാനമേള, മാജിക്, നാടന്‍പാട്ട് എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ക്യാമ്പിലെത്തിയ വര്‍ക്ക് വേണ്ടി ക്യാമ്പസില്‍ സംഘടിപ്പിച്ചിരുന്നു. വെള്ളം കയറി വീട് വിട്ടുനില്‍ക്കേണ്ടിവന്ന തങ്ങള്‍ക്ക് മഹാരാജാസ് തണലായത് ഭാഗ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ പലയിടങ്ങളിലും വെള്ളം കരയില്‍ കയറിയതിനെ തുടര്‍ന്ന് ആഗസ്റ്റ് 16നാണ് മഹാരാജാസ് കോളേജില്‍ തഹസില്‍ദാര്‍ വൃന്ദാ ദേവിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചത്. 800ന് മേലെ ആളുകള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു. കടമക്കുടി, പിഴല, വൈപ്പിന്‍, ചരിയം തുരുത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് അതില്‍ കൂടുതലും. ക്യാമ്പില്‍ എത്തിയവര്‍ക്ക് ക്ലീനിങ് കിറ്റ്, വസ്ത്രങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ നല്‍കിയാണ് ക്യാമ്പില്‍ നിന്നും തിരികെ അയച്ചത്. ക്യാമ്പില്‍ അവസാനിച്ച 25 ഓളം പേരെ കടമക്കുടി വി എച്ച് സി സ്‌കൂളിലേക്ക് മാറ്റി. മഹാരാജാസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പ് അവസാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.