സലാല:ദുരിതബാധിതരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ലീല കമന്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ടതായി ലുലു ഗ്രൂപ്പ് അറിയിച്ചു. ഒമാനിലെ ബോഷര്‍ ലുലുവില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി സ്വദേശി രാഹുല്‍ സി.പി പുത്തലാത്തിനെയാണ് പിരിച്ചുവിട്ടത്.

കേരളത്തില്‍ പ്രളയം ദുരിതം വിതച്ചപ്പോള്‍ അവഹേളനപരമായ കമന്റുകളിട്ട രാഹുലിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ലുലു ഗ്രൂപ്പ് ഒരിക്കലും അംഗീകരിക്കില്ല. മാത്രമല്ല തങ്ങളുടെ സംസ്‌ക്കാരത്തിനും മൂല്യത്തിനും ചേര്‍ന്നതുമല്ല. പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാനാണ് ലുലു ഗ്രൂപ്പും തങ്ങളുടെ സി.എം.ഡി. യൂസഫലിയും ശ്രമിക്കുന്നതെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സാനിട്ടറി നാപ്കിനുകള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റിന് താഴെ രാഹുലിട്ട കമന്റ് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സാനിട്ടറി നാപ്കിനുകള്‍ക്ക് ഒപ്പം ഗര്‍ഭനിരോധന ഉറകള്‍ കൂടി അയക്കണമെന്നായിരുന്നു ഇയാള്‍ കമന്റ് ചെയ്തത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയരുകയും ഇയാളെ ലുലു ഗ്രൂപ്പില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. നാട് ഇത്ര വലിയ ദുരന്തം നേരിടുമ്പോഴും മനസിലെ വിഷം മാറാത്ത ‘യഥാര്‍ത്ഥ ദുരന്തമാണ്’ എത്തരക്കാര്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ലുലു ഗ്രൂപ്പ് സി.എം.ഡി യൂസഫലിയുടെ ഫേസ്ബുക്ക് പേജില്‍ ഇത്തരത്തില്‍ നിരവധി സന്ദേശങ്ങളുമെത്തി. തുടര്‍ന്നാണ് ലുലു ഗ്രൂപ്പ് അടിയന്തര നടപടിയെടുത്തത്. അതിനിടെ തനിക്ക് മദ്യലഹരിയില്‍ പറ്റിയ അബദ്ധമാണെന്നും എല്ലാവരും മാപ്പാക്കണമെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ രാഹുല്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ