തിരുവനന്തപുരം: കേരളത്തിന്റെ പുനർ നിർമ്മാണത്തിന് നെതർലൻഡ്സ് സഹായം വേണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയാണ് വിദേശകാര്യമന്ത്രാലയത്തിന് ഇതു സംബന്ധിച്ച കത്തെഴുതിയത്. നെതർലൻഡ്സ് സംഘത്തെ ഇന്ത്യ സന്ദർശിക്കാൻ അനുവദിക്കണമെന്നും കേരളം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കത്തിൽ വിദേശകാര്യമന്ത്രാലയം ആഭ്യന്തര, ജലവിഭവ മന്ത്രാലയങ്ങളുടെ നിലപാട് തേടിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഈ മന്ത്രാലയങ്ങളുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും നെതർലൻഡ്സ് സഹായം സ്വീകരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

കേരളത്തിന്റെ പുനർനിർമ്മാണത്തിന് ധനസഹായമല്ല, സാങ്കേതിക സഹായം നൽകാമെന്നാണ് നെതർലൻഡ്സ് വാഗ്‌ദാനം ചെയ്തത്. നെതർലൻഡ്സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രിയാണ് ഇക്കാര്യം അറിയിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയത്. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ അവസ്ഥ പരിശോധിക്കാന്‍ വിദഗ്ധ ടീമിനെ കേരളത്തിലേക്ക് അയയ്ക്കാമെന്നും നെതർലൻഡ്സിൽ വിജയിച്ച പദ്ധതികൾ കേരളത്തിൽ മാതൃകയാക്കാമെന്നും കത്തിൽ പറഞ്ഞിരുന്നു.

നേരത്തെ, കേരളത്തിന് ധനസഹായം വാഗ്‌ദാനം ചെയ്ത് വിദേശരാജ്യങ്ങൾ എത്തിയെങ്കിലും അവയൊന്നും സ്വീകരിക്കേണ്ടെന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈകൊണ്ടത്. കേരളത്തിലെ സാഹചര്യം നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിലൂടെ കഴിയുന്നുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

2004 ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ദുരന്തങ്ങൾക്ക് വിദേശരാജ്യങ്ങളിൽനിന്നും സാമ്പത്തിക സഹായം സ്വീകരിക്കേണ്ടെന്ന് നയം തീരുമാനിച്ചത്. 15 വർഷമായുളള ഈ നയത്തിൽ കേരളത്തിനു മാത്രമായി മാറ്റം വരുത്തേണ്ടതില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് കേന്ദ്രം അംഗീകരിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.