ആലപ്പുഴ: പ്രളയം ഇപ്പോഴും അതിന്റെ രൂക്ഷതയോടെ നിലനിൽക്കുന്ന കുട്ടനാട്ടിൽ ജനങ്ങളെ തേടി റേഷൻ കടകളെത്തുന്നു. പ്രളയ ദുരന്തം ഏറ്റവും കഠിനമായി ബാധിച്ച മേഖലകളിലൊന്നാണ് കുട്ടനാട്. സംസ്ഥാനത്തെ ഏറ്റവും അധികം റേഷന്‍ കടകള്‍ നശിച്ചുപോയത് കുട്ടനാട്ടിലാണ്. ഈ സാഹചര്യത്തിലാണ് കുട്ടനാട് താലൂക്കില്‍ റേഷന്‍ വിതരണം നടത്തുവാന്‍ ഒഴുകി സഞ്ചരിക്കുന്ന റേഷന്‍ കട സർക്കാർ ആരംഭിച്ചത്. സംസ്ഥാന സക്കാരിന്റ ഒഴുകിയെത്തുന്ന റേഷൻ കടയുടെ പ്രവർത്തനം മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു,
പ്രളയക്കെടുതി കുട്ടനാട്ടിലെ റേഷൻ വിതരണത്തെയും ബാധിച്ചിരുന്നു. ജൂലൈ മാസത്തിൽ കനത്ത മഴ സൃഷ്ടിച്ച വെള്ളപ്പൊക്ക ദുരന്തം ഒഴിയുന്നതിന് മുമ്പാണ് പേമാരിയിലും പ്രളയത്തിലും വീണ്ടും കുട്ടനാട്ടിൽ വെളളം പൊങ്ങുന്നത്. ആദ്യത്തെ ദുരിതാശ്വാസ ക്യാംപുകളിൽ പലതും രണ്ടാമത്തെ വെള്ളപ്പൊക്കമുണ്ടായപ്പോൾ വെളളത്തിലായി.
കുട്ടനാട്ടിലെ പ്രളയക്കെടുതിയുടെ രൂക്ഷതയുടെ പ്രത്യേക പശ്ചാത്തലം പരിഗണിച്ച് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുവാന്‍ മൊബൈല്‍ മാവേലി സ്റ്റോറുകളുടെ സേവനം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെ 950 റേഷന്‍ കടകള്‍ ആണ് പ്രളയം ബാധിച്ച് സാധനങ്ങള്‍ നശിച്ചുപോയവ. ഉദ്ദേശം 6.62 കോടി രൂപയുടെ സാധനങ്ങളാണ് നശിച്ചു പോയതായി പ്രാഥമിക വിലയിരുത്തല്‍. ഇതിനുപുറമെ സംസ്ഥാനത്തെ സര്‍ക്കാര്‍ വക റേഷന്‍ ഗോഡൗണുകളില്‍ വെള്ളം കയറി ആറ് കോടി രൂപയോളം നഷ്ടം ഉണ്ടായതായി കണക്കാക്കുന്നതായി മന്ത്രി പറഞ്ഞു.
രൂക്ഷമായ പ്രളയദുരിതമുണ്ടായപ്പോഴും സംസ്ഥാനത്തെ 88% ഉപഭോക്താക്കള്‍ക്കും ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം നടത്താന്‍ സാധിച്ചതായി മന്ത്രി അവകാശപ്പെട്ടു. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മുന്‍ഗണന-മുന്‍ഗണനേതര പരിഗണന കൂടാതെ അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പകരം റേഷന്‍ കാര്‍ഡ് നല്‍കുവാനും റേഷന്‍ കടയില്‍ വെള്ളം കയറി അരി നഷ്ടപ്പെട്ടവര്‍ക്ക് പകരം അരി നല്‍കുവാനും സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചു. പ്രളയത്തില്‍ റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക അദാലത്ത് ക്യാപുകൾ തുടങ്ങി ഉടനടി കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടിയും ആരംഭിച്ചു.
പ്രളയ ദുരിത പശ്ചാത്തലത്തില്‍ കേന്ദ്ര വിഹിതമായി വകയിരുത്തിയ 89,540 മെട്രിക് ടൺ അരി വിഹിതമാണ്. മൂന്ന് മാസത്തേയ്ക്ക് കൂടി ദുരിത പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി അരി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.