scorecardresearch
Latest News

മുന്നിൽ നിന്ന് മന്ത്രിമാർ; കുട്ടനാട്ടിലെ ശുചീകരണ യജ്ഞത്തിന് മുക്കാൽ ലക്ഷം പേർ

സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി പതിനായിരക്കണക്കിന് പേരാണ് കുട്ടനാട്ടിലേക്ക് ശുചീകരണത്തിനായി എത്തിയത്

മുന്നിൽ നിന്ന് മന്ത്രിമാർ; കുട്ടനാട്ടിലെ ശുചീകരണ യജ്ഞത്തിന് മുക്കാൽ ലക്ഷം പേർ

ആലപ്പുഴ: പ്രളയക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച കുട്ടനാട് മേഖലയിൽ മഹാശുചീകരണ യജ്ഞം ശക്തമായി മുന്നേറുന്നു. കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിൽ 226 വാർഡുകളിലാണ് ശുചീകരണം നടക്കുന്നത്. ഒരു വാർഡിൽ 60 പേർ എന്ന കണക്കിലാണ് ശുചീകരണത്തിനുളള സംഘങ്ങളെ വിന്യസിച്ചിരിക്കുന്നത്. വീടുകൾ തോറും ശുചീകരണം പൊടിപൊടിക്കുകയാണ് ഇവിടെ.

അരലക്ഷത്തിലേറെ പേരെ അണിനിരത്തും എന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകാൻ ചുരുങ്ങിയത് മുക്കാൽ ലക്ഷം പേർ കുട്ടനാട്ടിലേക്ക് എത്തിച്ചേർന്നു. മുണ്ടും മടക്കിക്കുത്തി കൈയ്യുറകളും ധരിച്ച് മന്ത്രി ജി സുധാകരൻ ശുചീകരണത്തിന് ഇറങ്ങിയപ്പോൾ മന്ത്രി ടിഎം തോമസ് ഐസകും വെറുതെയിരുന്നില്ല. കാസർഗോഡ് മുതൽ തിരുവനന്തപുരം കേരളത്തിലെ നാനാജാതി മതസ്ഥരും വ്യത്യസ്ത രാഷ്ട്രീയ കക്ഷികളിൽ പെട്ടവരും ഒറ്റക്കെട്ടായി ശുചീകരണം നടത്തുകയാണ് ഇവിടെ.

കുട്ടനാട്ടിലേക്ക് ശുചീകരണത്തിനായി എത്തിയ ആൾക്കാർ

തമിഴ്‌നാട്ടിൽ നിന്നുളള വിദ്യാർത്ഥി സംഘങ്ങളും ശുചീകരണത്തിന് എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സന്നദ്ധ പ്രവര്‍ത്തകരും ജില്ലാ ഭരണസംവിധാനവും തദേശഭരണ സ്ഥാപന പ്രതിനിധികളും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ഒരുപോലെ കൈകോര്‍ത്തുള്ള പ്രവര്‍ത്തനത്തിനാണ് കുട്ടനാട്ടിൽ തുടക്കം കുറിച്ചിരിക്കുന്നത്. 30ന് സ്‌കൂളുകളിലെ ക്യാമ്പുകള്‍ നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ വീടുകളിലേക്ക് മടങ്ങേണ്ടി വരുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് എത്തിക്കാനാണ് മഹാ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചത്.

30ന് വീടുകളിലേക്ക് പോകാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റും. 31ന് കുട്ടനാട് പ്ലാസ്റ്റിക് വിരുദ്ധ ദിനമായി ആചരിക്കും. സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഇറങ്ങുന്നവര്‍ക്കും ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്കും ഭക്ഷണം നൽകുന്നുണ്ട്. ശുചീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ ദുരിതബാധിത വീടുകളിൽ പാമ്പു പിടിത്തത്തിൽ വിദഗ്ദ്ധരായവർ പാമ്പുകളെ പിടികൂടാൻ ഇറങ്ങിയിരുന്നു. ഇന്ന് ശുചീകരണത്തിന് ശേഷം ഓരോ വീട്ടിലും ഇലക്ട്രീഷ്യന്മാരും പ്ലംബർമാരും പരിശോധനകൾ നടത്തും. വീട് പൂർണ്ണമായും താമസയോഗ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടാവും ശുചീകരണത്തിന് എത്തിയവർ മടങ്ങുക.

മന്ത്രി ജി സുധാകരൻ കുട്ടനാട്ടിൽ വീട് ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടപ്പോൾ

ശുചീകരണത്തിൽ പങ്കെടുക്കുന്നവർക്കായി കുട്ടനാട്ടിലെ ആയിരത്തോളം ഹൗസ് ബോട്ടുകളും മുഴുവൻ ജങ്കാറുകളും ഉപയോഗിച്ചു. ശുചീകരണത്തിന് എത്തുന്നവർ ഇന്ന് രാത്രി ഹൗസ് ബോട്ടുകളിലും മറ്റിടങ്ങളിലും തങ്ങും. ബുധനാഴ്ച തന്നെ ശുചീകരണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും രണ്ട് ദിവസം കൂടി ഇത് ദീർഘിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന്, മുട്ടാര്‍ എന്നിവിടങ്ങളിലെ മിക്ക വീടുകളിലും അര അടിയോളം ഉയരത്തിൽ ഇപ്പോഴും വെളളമുണ്ട്.

ചില ഭാഗങ്ങളിൽ വീടുകള്‍ക്കുള്ളിലും ഇപ്പോഴും അരടിയോളം വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. ഇത് നാളെയോടെ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അങ്ങിനെയെങ്കിൽ അടുത്ത ദിവസം തന്നെ ഇവിടെയും ശുചീകരണം പൂർത്തിയാക്കാനാവും. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകൾ ഈ മാസം 30 ന് മുൻപേ അടയ്ക്കാനാണ് ശ്രമം. സംസ്ഥാനത്തെ ഓഡിറ്റോറിയങ്ങൾ കേന്ദ്രീകരിച്ച് വീടുകളിലേക്ക് മടങ്ങാനാവാത്തവരെ താമസിപ്പിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala floods kuttanad cleaning 75000 members