Kerala Rains: തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നിറഞ്ഞ ഡാമുകളിൽ നിന്നും വെളളം ഒഴുക്കി വിടുന്ന സാഹചര്യത്തിൽ ഇടമലയാർ, ലോവർ പെരിയാർ എന്നിവിടങ്ങളിലെ വൈദ്യുതി ഉൽപ്പാദനം നിർത്തിവച്ചു.

രണ്ടിടത്തും സുരക്ഷാ കാരണങ്ങളാലാണ് വൈദ്യുതി ഉൽപ്പാദനം നിർത്തിവച്ചിട്ടുളളതെന്നും ജലനിരപ്പ് താഴ്ന്ന് കഴിഞ്ഞാൽ അപ്പോൾ തന്നെ ഉൽപ്പാദനം പുനരാരംഭിക്കുമെന്നും കെഎസ്ഇബി ജനറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“ഇടമലയാർ ഡാമിൽ വെളളം ഉയരുകയും അത് പുറത്തേയ്ക്ക് ഒഴുക്കി വിടുകയും ചെയ്യുകയാണ്. ഇപ്പോൾ ജലനിരപ്പ് ഉയർന്നതിനാൽ വൈദ്യുത ഉൽപ്പാദനം നിർത്തിവച്ചു. ഇടുക്കിയിൽ നിന്നും വെളളം തുറന്നു വിട്ട സാഹചര്യത്തിലാണ് ലോവർ പെരിയാറിൽ വൈദ്യുതോൽപ്പാദനം നിർത്തിവയ്ക്കേണ്ടി വന്നത്”, അദ്ദേഹം വ്യക്തമാക്കി.

ജലനിരപ്പ് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉൽപ്പാദനം നടത്തിയാൽ ജനറേറ്ററിന്റെ ടർബൈനുകളിൽ​ വെളളം കയറാനുളള സാധ്യതയുണ്ടെന്നതിനാലാണ് വൈദ്യുതോൽപ്പാദനം നിർത്തിവച്ചിട്ടുളളതെന്ന് ജനറേഷൻ വിഭാഗവും അറിയിച്ചു.

നിലവിൽ മഴ കാരണം വൈദ്യുതി ഉപഭോഗത്തിൽ​ കുറവുളളതിനാൽ ഇവിടങ്ങളിലെ വൈദ്യുതോൽപ്പാദനം നിർത്തിവച്ചത് ജനങ്ങളെ ബാധിക്കില്ലെന്ന് കെഎസ്ഇബി വിലയിരുത്തുന്നു. മാത്രമല്ല, മറ്റിടങ്ങളില്ലെല്ലാം അധികവൈദ്യുതി ഉൽപ്പാദനം നടക്കുന്നതിനാലും വൈദ്യുതി ആവശ്യത്തിന് കുറവ് വരില്ലെന്നും അവർ പറഞ്ഞു.

മഴയുടെ തോത് കുറയുകയും ഡാമിലെ ജലനിരപ്പ് താഴുകയും ചെയ്താൽ മാത്രമേ ​ഇവിടങ്ങളിൽ വൈദ്യുതോൽപ്പാദനം പുനരാരംഭിക്കാൻ സാധിക്കുകയുളളൂവെന്ന് കെഎസ്ഇ​ബി വ്യക്തമാക്കി.

എന്നാൽ, പളളത്തേയ്ക്കുളള ഫീഡറിലെ കേടുപാടുകളും ഇടമലയാറിലെ ജനറേറ്ററിലെ കേടുപാടുമാണ് വൈദ്യുതി ഉൽപ്പാദനം നിർത്തിയതിന് കാരണമായി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് അനൗദ്യോഗികമായി പറയുന്ന കാര്യങ്ങൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ