കൊച്ചി: സംസ്ഥാനം നേരിട്ട നൂറ്റാണ്ടിലെ വലിയ പ്രളയത്തെ തുടര്‍ന്ന് നഷ്ടമായ വൈദ്യുതി കണക്ഷനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുന:സ്ഥാപിക്കുകയാണ് കെഎസ്ഇബി. പ്രളയത്തിന് ശേഷം 25 ലക്ഷം വീടുകളിലും സ്ഥാപനങ്ങളിലുമാണ് വൈദ്യുതി ബന്ധം നഷ്ടമായത്.

ഇന്ന് 24 ലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതായി കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഇനി ഏറെ പ്രയാസകരമായ ഒരു ലക്ഷം കണക്ഷനുകളാണ് പുന:സ്ഥാപിച്ചത്.

പ്രളയത്തിൽ വയറിംഗ് തകരാറിലായ 255 വീടുകളിൽ ഒരു പോയിന്റ് കണക്ഷൻ നൽകിയാണ് വൈദ്യുതി എത്തിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് ഓഫ് ചെയ്‌തിരുന്ന 16158 ട്രാന്‍സ്‌ഫോർമറുകളിൽ ഇതുവരെയായി 15,032 എണ്ണം പ്രവര്‍ത്തനക്ഷമമാക്കിയെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് പ്രളയബാധിതർ തങ്ങുന്ന ദുരിതാശ്വാസ ക്യാംപുകൾ സ്‌കൂളുകളിൽ നിന്ന് മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഈ മാസം 29 ന് ഓണാവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിലാണ് ക്യാംപുകൾ സൗകര്യപ്രദമായ ഇടങ്ങൾ കണ്ടെത്തി മാറ്റാൻ നിർദ്ദേശിച്ചത്. ഇതിന് ആവശ്യമെങ്കിൽ സ്വകാര്യ കെട്ടിടങ്ങൾ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ 1435 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 4,62,456 പേരാണ് ക്യാമ്പുകളിലുള്ളത്. ആഗസ്റ്റ് എട്ടുമുതല്‍ ഇന്നുവരെ 302 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളം കയറിയ മൂന്നു ലക്ഷത്തിലധികം വീടുകള്‍ ഇതിനോടകം വൃത്തിയാക്കിയതായാണ് ഇന്നത്തെ അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചത്.

ശുചീകരിക്കുമ്പോൾ ലഭിക്കുന്ന അജൈവ മാലിന്യം ശേഖരിച്ച് ഇവ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. ഈ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ക്ലീന്‍ കേരള കമ്പനിക്ക് അവ പെട്ടെന്ന് പൂര്‍ണ്ണമായും കൈകാര്യം ചെയ്യാന്‍ കഴിയില്ലെങ്കില്‍ മറ്റ് ഏജന്‍സികളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഇതിനകം 3,64,000 പക്ഷികളുടേയും 3285 വലിയ മൃഗങ്ങളുടേയും 14,274 ചെറിയ മൃഗങ്ങളുടേയും ശവങ്ങള്‍ മറവുചെയ്തു. ഇനിയും ശവങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തിരമായി മറവുചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കുടിവെള്ളം എല്ലായിടത്തും ലഭ്യമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കന്നുകാലികള്‍ക്ക് ഇതിനകം ഒരു ലക്ഷത്തിലേറെ ചാക്ക് (50 കിലോ) കാലിത്തീറ്റ വിതരണം ചെയ്തു. കേരള ഫീഡ്സില്‍ നിന്നും മില്‍മയില്‍ നിന്നും കൂടുതല്‍ കാലിത്തീറ്റ ലഭ്യമാക്കും. നാഷണല്‍ ഡയറി ഡെവലപ്പ്മെന്‍റ് ബോര്‍ഡില്‍ നിന്നും 500 ടണ്‍ കാലിത്തീറ്റ ലഭിച്ചിട്ടുണ്ട്. ക്ഷീര സഹകരണ സംഘങ്ങള്‍ വഴി നല്ല രീതിയില്‍ കാലിത്തീറ്റ വിതരണം നടക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.