ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയവർ തിരികെയെത്തുമ്പോൾ വൈദ്യുതി വില്ലനാകാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി. വെളളം കയറിയ വീടുകളിലെ വയറിങ്, വൈദ്യുത മീറ്റർ, സ്വിച്ചുകൾ, പ്ലഗുകൾ തുടങ്ങിയവയിലെല്ലാം വെളളവും ചെളിയും കയറിയിരിക്കാനും വൈദ്യുത ഉപകരണങ്ങള്‍ കേടുവന്നിരിക്കാനും സാധ്യതയുണ്ട്.

പൊതുജനങ്ങള്‍ക്ക് അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കി സുരക്ഷ ഉറപ്പു വരുത്താനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബി. ഒപ്പം യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. അറ്റകുറ്റപ്പണിക്കിടെ ലൈനുകൾ ഇടയ്ക്ക് ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.

വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിംഗ്, എനര്‍ജി മീറ്റര്‍, ഇഎല്‍സിബി, എംസിബി, സ്വിച്ചുകള്‍, പ്ലഗ്ഗുകള്‍ തുടങ്ങിയവയില്‍ വെള്ളവും ചെളിയും കയറാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി പ്രവഹിപ്പിക്കുമ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അപകടങ്ങൾ ഒഴിവാക്കാൻ കെഎസ്ഇബിയുടെ ഈ നിർദേശങ്ങള്‍ പൊതുജനങ്ങളെ സഹായിക്കും.

കെഎസ്ഇബി അടയന്തിര മുന്നറിയിപ്പുകൾ

1. വീടിന്റെ പരിസരത്ത് സര്‍വീസ് വയര്‍/ലൈന്‍ കമ്പി/ എര്‍ത്ത് കമ്പി ഇവ പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ കണ്ടാല്‍ അതിൽ തൊടരുത്.  ഇക്കാര്യം ഉടന്‍ കെഎസ്ഇബി ഓഫീസിലോ 9496061061 എന്ന നമ്പറിലോ അറിയിക്കണം.

2.സുരക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജെസിബി പോലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴോ മഴവെള്ളപ്പാച്ചിലിലോ എര്‍ത്തിംഗ് സംവിധാനത്തിന് കേട് സംഭവിക്കാൻ സാധ്യതയുണ്ട്. വീടുകളിലെയും സ്ഥാപനങ്ങളിലെയും എര്‍ത്ത് ഇലക്‌ട്രോഡിന്റെ സ്ഥിതി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.

3. പാനലുകളിലെ എനര്‍ജി മീറ്റര്‍, എംസിബി, എംസിസിബി എന്നിവയില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ പറ്റാത്ത പക്ഷം അവ മാറ്റി സ്ഥാപിക്കണം.

4. വീടുകളിലും സ്ഥാപനങ്ങളിലും വച്ചിട്ടുള്ള വൈദ്യുതി പാനലുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ ചെളിയോ നനവോ ഇല്ലാത്തവിധം പാനലുകള്‍ വൃത്തിയാക്കി ഇന്‍സുലേഷന്‍ റസിസ്റ്റന്റ് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. ഇന്‍സുലേഷന്‍ റസിസ്റ്റന്റ് പരിശോധിക്കുവാന്‍ വയര്‍മാന്റെ സേവനം ഉപയോഗിക്കുക. വെള്ളം ഇറങ്ങിയാലും ചിലപ്പോള്‍ കണ്‍സീല്‍ഡ് അല്ലാതെയുള്ള പൈപ്പിനുള്ളില്‍ വെള്ളം നില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഷോര്‍ട്ട്‌സര്‍ക്യൂട്ട് ആകാന്‍ സാധ്യതയുണ്ട്.

5. വെള്ളത്തില്‍ മുങ്ങിയ വൈദ്യുതി ഉപകരണങ്ങള്‍ പ്ലഗ്ഗില്‍ ഘടിപ്പിക്കുന്നതിനു മുൻപ് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. ഇവ പ്രവർത്തിക്കുന്നില്ലെങ്കിൽ വൈദ്യുതി കടത്തിവിടരുത്.

6. എച്റ്റി/എല്‍റ്റി കേബിളുകള്‍ വഴി വൈദ്യുതി എത്തുന്ന വീടുകളില്‍ കേബിളുകള്‍ക്ക് കേടുപാടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. എല്‍റ്റി കേബിളുകള്‍ 500 വോള്‍ട്ട് ഇന്‍സുലേഷന്‍ ടെസ്റ്റര്‍ ഉപയോഗിച്ചും എച്ച്റ്റി കേബിളുകള്‍ 5000 വോള്‍ട്ട് ഇന്‍സുലേഷന്‍ ടെസ്റ്റര്‍ ഉപയോഗിച്ചും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം.

7. സബ് പാനല്‍, ഡിബി എന്നിവ ഓഫ് ചെയ്തതിന് ശേഷമേ മെയിന്‍സ്വിച്ച് ഓണ്‍ ചെയ്യാന്‍ പാടുള്ളൂ. ഇതിന് ശേഷം ഡിബിയിലെ ഇഎല്‍സിബി ഓണ്‍ ചെയ്ത് ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി ഇതിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. ഇഎല്‍സിബി പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ഓരോരോ എംസിബികളായി ഓണ്‍ ചെയ്യണം.

8. വെള്ളത്തില്‍ മുങ്ങിയ വൈദ്യുതി ഉപകരണങ്ങള്‍ പ്ലഗ്ഗില്‍ ഘടിപ്പിക്കുന്നതിന് മുമ്പ് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം.

9. ഇഎല്‍സിബി പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ അത് ബൈപാസ് ചെയ്ത് വൈദ്യതി കടത്തിവിടാന്‍ ശ്രമിക്കരുത്.

10. പ്രാദേശിക ഭരണകൂടങ്ങളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ വീടുകളുടെ ശുചീകരണം നടക്കുമ്പോള്‍ ആ ടീമില്‍ വയറിംഗില്‍ പരിചയമുള്ളവരെയും ഉള്‍ക്കൊള്ളിക്കണം.

ഇഎല്‍സിബി പ്രവര്‍ത്തനക്ഷമമല്ലെങ്കിലോ പുതിയവ വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലോ പ്രളയത്താല്‍ ദുരിതം അനുഭവിച്ച ജനങ്ങള്‍ക്ക് അത്യാവശ്യം വെളിച്ചം നല്‍കാനുള്ള സൗകര്യം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുമെന്നും കെഎസ്ഇബി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.