തിരുവനന്തപുരം: പ്രളയാനന്തരം സംസ്ഥാനത്ത് നടക്കുന്നത് സർക്കാരിന്റെ ഗുണ്ടാ പിരിവെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരെ ഗണ്‍ പോയിന്റില്‍ നിര്‍ത്തിയാണ് പണപ്പിരിവ് നടക്കുന്നത്. പ്രളയകാലം കഴിഞ്ഞപ്പോള്‍ പിരിവുകാലം വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ സംസ്ഥാനത്ത് മന്ത്രിമാരുടെ നിര്‍ബന്ധിത പണപ്പിരിവാണ്. ഭരണമല്ല ധനസംഭരണമാണ് നടക്കുന്നതെന്നും ഹസന്‍ ആരോപിച്ചു.

സാലറി ചലഞ്ചിന് താല്‍പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്നത് കേട്ടുകേള്‍വി ഇല്ലാത്ത നടപടിയാണ്. നോ പറയുന്നവരെ സ്ഥലം മാറ്റുകയാണെന്നും ഹസ്സന്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രണ്ട് തട്ടിലാക്കുന്ന ഉത്തരവ് ധനവകുപ്പ് പിന്‍വലിച്ച് പുതിയ ഉത്തരവിറക്കണം. സംഘടനാ നേതാക്കളോട് ധനമന്ത്രി ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നത്. തോമസ് ഐസക്കിന്റെ സ്‌നേഹത്തിന്റെ ഭാഷ ഇതാണോ എന്നും ഹസന്‍ ചോദിച്ചു.

നവകേരള നിർമ്മിതിയിൽ അഭിനവ പരശുരാമനായി പിണറായിയും മന്ത്രിമാരും മാറേണ്ട. നവകേരള നിർമ്മിതിയിൽ ഭാഗമാക്കേണ്ട സർക്കാർ ഉദ്യോഗസ്ഥരെ പണ പിരിവ് നടത്തി ഗൺ പോയിന്റിൽ നിർത്തുന്നത് ദോഷം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയശേഷം ഇതുവരെ മന്ത്രിസഭ ചേര്‍ന്നിട്ടില്ല. സംസ്ഥാനത്ത് ഭരണസ്തംഭനമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായി.

മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. ഇക്കാരണത്താല്‍ രണ്ട് മന്ത്രിസഭാ യോഗങ്ങള്‍ മുടങ്ങി. മന്ത്രിസഭയില്‍ പരസ്പര വിശ്വാസം ആര്‍ക്കുമില്ലെന്നും ഹസ്സന്‍ പരിഹസിച്ചു. 48 മണിക്കൂറിനകം പതിനായിരം രൂപ ദുരിതബാധിതര്‍ക്ക് നല്‍കുമെന്ന് പറഞ്ഞതാണ്. അത് ഇതുവരെയും നല്‍കിയിട്ടില്ല. ഇത് സര്‍ക്കാരിന്റെ വീഴ്ചയാണ്. പണം പിരിക്കുന്നതില്‍ കാണിക്കുന്ന താല്‍പ്പര്യം കൊടുക്കുന്നതില്ലെന്നും ഹസന്‍ പറഞ്ഞു. ദുരിതാശ്വാസത്തിന്റെ മറവില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ചാരക്കേസിലെ കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഹസ്സന്‍ വ്യക്തമാക്കി. അന്വേഷണം നടക്കട്ടെ, ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല. പൊലീസും എസ്എഫ്‌ഐ പ്രര്‍ത്തകരും ചേര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിക്കും. ക്യാമ്പസുകളില്‍ എസ്എഫ്ഐയുടെ ഫാസിസമാണ് നടക്കുന്നതെന്നും കന്യാസ്ത്രീകളുടെ സമരത്തിന് പാര്‍ട്ടി ധാര്‍മ്മിക പിന്തുണ നല്‍കുമെന്നും ഹസന്‍ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ