കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി. നേരത്തെ വിമാനത്താവളം 26ന് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി 29 ലേക്ക് നീട്ടുകയാണെന്ന് സിയാല്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.

വെള്ളം കയറിയതിനെ തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 29ന് രണ്ടു മണി മുതലായിരിക്കും വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുക.

എയര്‍ലൈനുകളുടെയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടെയും ഇടയില്‍ 90 പേരും പ്രളയദുരിതത്തില്‍ പെട്ടവരാണ്. കൂടാതെ തൊട്ടടുത്ത ഹോട്ടലുകളും റസ്റ്ററന്റുകളെല്ലാം അടച്ചിട്ട നിലയിലുമാണ്. ഈ സാഹചര്യത്തിലാണ് വിമാനത്താവളം തുറക്കുന്നത് നീട്ടിയത്.

വലുപ്പത്തില്‍ രാജ്യത്തെ ഏഴാം സ്ഥാനമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്. ഇവിടെ പറന്നിറങ്ങുന്ന അമ്പത്തിയഞ്ച് ശതമാനം വിമാനങ്ങളും രാജ്യാന്തര വിമാനങ്ങളാണ്. മഴക്കെടുതിയില്‍ അടച്ചിട്ടതോടെ കൊച്ചി വിമാനത്താവളത്തിന് 22 മുതല്‍ 27 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക കണക്കുകള്‍. കുറച്ച് ദിവസം കൂടി അടച്ചിടുന്നതോടെ എട്ട് മുതല്‍ പന്ത്രണ്ട് കോടിയോളം കൂടി നഷ്ടം കൂടും എന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന്‍ പല വിമാനങ്ങളും കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായാണ് ക്രമീകരിച്ചത്. കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തിലേക്കും പല സര്‍വീസുകളും മാറ്റിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ