കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം തുറന്നു. 33 വിമാനങ്ങളാണ് ഇന്ന് ഇറങ്ങുന്നത്. 30 എണ്ണം കൊച്ചിയില്‍ നിന്നും പുറപ്പെടുന്നുമുണ്ട്. ബെംഗളൂരുവില്‍ നിന്നുമുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ആദ്യം ഇറങ്ങിയത്. ഉച്ചയ്ക്ക് 2.05 ഓടെയായിരുന്നു വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. ഈ വിമാനം തന്നെയാകും ആദ്യം പുറപ്പെടുന്നതും. 3.25 നായിരിക്കും ഈ വിമാനം പറന്നുയരുക.

ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ എല്ലാ സര്‍വ്വീസുകളും പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും ജെറ്റ് എയര്‍വെയ്‌സിന്റേയും മസ്‌കറ്റില്‍ നിന്നുമുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വെയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപൂര്‍ എന്നീ വിമാനങ്ങളും എത്തുകയും മടങ്ങുകയും ചെയ്യുന്നുണ്ട്. ആഭ്യന്തര സര്‍വ്വീസുകളാണ് ബാക്കി.

കനത്ത മഴയിലും പ്രളയത്തിലും ഓഗസ്റ്റ് 15 നായിരുന്നു വിമാനത്താവളം അടച്ചത്. റണ്‍വേയിലും പാര്‍ക്കിങ് ബെ, ടെര്‍മിനുകള്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു.. റൺവേയില്‍ ചെളി അടിഞ്ഞ് കൂടിയിരുന്നു. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നു. എട്ട് ദിവസം കൊണ്ടാണ് വിമാനത്താവളത്തെ പൂര്‍വ്വ സ്ഥിതിയിലേക്ക് മടക്കി കൊണ്ടു വന്നത്. ഇതിനായി ആയിരത്തോളം പേരാണ് ജോലി ചെയ്തത്. ഏതാണ്ട് 300 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

കൊച്ചിയിലെ വിമാനത്താവളം തുറന്നതോടെ നാവിക താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഇന്ന് അവസാനിക്കും. ഇന്നലെ ഉച്ചയോടെ തന്നെ വിമാനക്കമ്പനികള്‍, ഗ്രൗണ്ട് ഹാന്‍ഡ് ലിങ് ഏജന്‍സികള്‍, കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളെല്ലാം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

വിമാനത്താവളത്തിലെ തകര്‍ന്ന മതില്‍ താല്‍ക്കാലികമായി പുനര്‍നിര്‍മ്മിച്ചു. 22 എക്‌സ്‌റേ മെഷീനുകള്‍, വൈദ്യുതി വിതരണം, നാല് കണ്‍വെയര്‍ ബെല്‍റ്റുകള്‍, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ എന്നിവ പുര്‍വ്വസ്ഥിതിയിലെത്തിയിട്ടുണ്ട്. സിയാല്‍ മാനേജിങ് ഡയക്ടര്‍ വി.ജെ.കുര്യന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.