തിരുവനന്തപുരം: പ്രളയത്തിലും ഓണത്തിനും ഇടയിലുളള 10 ദിവസം മലയാളി കുടിച്ചത് 516 കോടി രൂപയുടെ മദ്യമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില്‍പ്പനയില്‍ 17 കോടി രൂപയുടെ മാത്രം കുറവാണ് ഉണ്ടായത്. തിരുവോണത്തിന് ബെവ്കോ ഷോപ്പുകള്‍ തുറന്നിരുന്നില്ല. പ്രളയത്തെ തുടര്‍ന്ന് 60 ബിവറേജസ് ഷോപ്പുകള്‍ അടച്ചിട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.

ബാക്കി 210 ബെവ്കോ ഷോപ്പുകളിലാണ് ഇത്രയും അധികം വില്‍പ്പന നടന്നത്. 533 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. ഉത്രാടം ദിനത്തില്‍ 88 കോടി രൂപ, അവിട്ടം ദിനം 59 കോടി രൂപ എന്നിങ്ങനെയും മദ്യം വിറ്റു. ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്ന ഇരിങ്ങാലക്കുയില്‍ 1 കോടി 22 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

മഴക്കെടുതിയും പ്രളയവും മൂലം ഇത്തവണ ഓണാഘോഷങ്ങള്‍ ഒഴിവാക്കിയതോടെ മദ്യത്തിന്റെ ഉപയോഗവും കുറഞ്ഞു. ഇതോടെ വിവിധ ജില്ലകളിലേക്ക്‌ മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്‌തുക്കള്‍ കടത്തുന്നതും കുറവായി. സാധാരണ ഓണം ദിവസങ്ങളിലാണ്‌ തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ മദ്യം ഉപയോഗം കൂടുതലാവുക. എന്നാല്‍ ഇത്തവണ അത് കുറഞ്ഞു.

വിദേശമദ്യം 17.5 ലിറ്റര്‍, വാഷ്‌ 36 ലിറ്റര്‍, നിരോധിത മരുന്നുകള്‍ 33 എണ്ണം (18 ഗ്രാം), കഞ്ചാവ്‌ 200 ഗ്രാം, പാന്‍മസാല 600 ഗ്രാം, ഹാന്‍സ്‌ 1.3 കിലോ എന്നിവ ഉത്രാട ദിനത്തില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് പിടികൂടിയിരുന്നു. ആഘോഷങ്ങള്‍ ഇല്ലാതായതോടെ ലഹരി വസ്‌തുക്കളുടെയും മദ്യത്തിന്റെയും ഉപയോഗം കുറഞ്ഞതായി എക്‌സൈസ്‌ അധികൃതരും പറയുന്നു. സംസ്ഥാനത്ത് വ്യാജമദ്യത്തിന്റെയും ലഹരി പദാര്‍ഥങ്ങളുടെയും ഒഴുക്ക്‌ തടയുന്നതിന്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തുടങ്ങിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.