തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വിസമ്മതം പ്രകടിപ്പിച്ച ധനകാര്യവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ അനില്‍ രാജ് കെ.എസിന് എതിരായ നടപടി റദ്ദാക്കി. അനില്‍രാജിന്റെ സ്ഥലംമാറ്റം വിവാദമായതിന് പിന്നാലെയാണ് ധനവകുപ്പ് ഉത്തരവ് തിരുത്തിയത്.

ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സാലറി ചലഞ്ചിനെ എതിര്‍ത്ത് അനില്‍ രാജ് സംസാരിച്ചത്. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റം. ദേശീയ സമ്പാദ്യ പദ്ധതിയുടെ പെന്‍ഷന്‍ വിഭാഗത്തിലേക്കായിരുന്നു സ്ഥലംമാറ്റം. തുടര്‍ന്ന് ക്ഷമാപണം നടത്തി അനില്‍രാജ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി റദ്ദാക്കിയത്.

സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കണ്‍വീനറാണ് അനില്‍രാജ് . അതേസമയം, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കില്ലെന്ന് നിലപാട് എടുത്തതിനല്ല അനിലിനെ സ്ഥലംമാറ്റിയതെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇക്കാര്യത്തില്‍ അസ്വാഭാവികതയില്ലെന്നും മന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ജീവനക്കാരായ തന്റെയും ഭാര്യയുടെയും ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ നിവൃത്തിയില്ലെന്നും ഭാര്യയുടേത് മാത്രം നല്‍കാമെന്നുമായിരുന്നു അനില്‍ രാജിന്റെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത മെസ്സേജ്. ദുരിതത്തില്‍ താനും കുടുംബവും ഏറെ സഹായങ്ങള്‍ ചെയ്തെന്നും ഇതിൽ കൂടുതല്‍ നല്‍കാനാകില്ലെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന്റെ ഉത്തരവ് തയ്യാറാക്കിയത് അനില്‍ രാജായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.