ന്യൂഡല്‍ഹി: കേരളത്തിലെ രക്ഷാപ്രവര്‍ത്തനം ഊജിതമാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കരസേന, നാവികസേന, വ്യോമസേന കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്തനിവാരണ സേന എന്നിവരുടെ കൂടുതല്‍ സംഘം വൈകാതെ തന്നെ കേരളത്തില്‍ എത്തിച്ചേരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളത്തിന്റെയും തമിഴ്നാടിന്റെയും ചീഫ് സെക്രട്ടറിമാരും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മറ്റിയുടെ ഉന്നതതല സംഘവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് ഇവര്‍ യോഗം ചേരുന്നത്.
കൂടുതല്‍ ബോട്ടുകള്‍ ഹെലികോപ്റ്ററുകള്‍, ലൈഫ് ജാക്കറ്റുകള്‍, ലൈഫ് ബോയ്, റെയിന്‍ കോട്ട്, ഗം ബോട്ടുകള്‍, ടവര്‍ ലൈറ്റുകള്‍ എന്നിവയാണ് എത്തുക. ആവശ്യമെങ്കില്‍ സിഎപിഎഫ്, സിആര്‍പിഎഫ്, ബിഎസ്എഫ്, എസ്എസ്ബി എന്നിവരുടെ സഹായം തേടാനും നിര്‍ദ്ദേശമുണ്ട്.
രാജ്യ സുരക്ഷാ വകുപ്പിനോടും ആഭ്യന്തര വകുപ്പിനോടും ഒട്ടേറ ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചത്. ആര്‍മി സ്പെഷ്യല്‍ ടീമിന്റെ നാല് ടീമുകള്‍ കൂടി, പത്ത് നേവി യൂണിറ്റുകള്‍, എന്‍ഡിആര്‍എഫിന്റെ അഞ്ച് യൂണിറ്റുകള്‍ എന്നിവ അടിയന്തരമായി അയക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇത് കൂടാതെ പത്ത് MI 17 ഹെലികോപ്റ്ററുകള്‍, 10 ALH ഹെലികോപ്റ്ററുകള്‍, 98 മോട്ടോറൈസ്ഡ് ബോട്ടുകള്‍, 48 മോട്ടോര്‍ രഹിത ബോട്ടുകള്‍ എന്നിവ രാജ്യരക്ഷാ വകുപ്പില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 1098 ലൈഫ് ജാക്കറ്റുകള്‍, 512 ലൈഫ് ബോയ്, 262 ടവര്‍ ലൈറ്റ്, 1275 റെയില്‍ കോട്ട്, 106 ചെയിന്‍സോ, 1357 ഗം ബോട്ട് എന്നിവയും കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ അറിയിച്ചിരുന്നു.
കുടിവെള്ളവും അവശ്യവസ്തുകളം നിറച്ച ഒരു ട്രെയിന്‍ നാളെ തന്നെ കേരളത്തിലെത്തുന്നുണ്ട്. റെയില്‍വേ ഇതിനോടകം തന്നെ 1,20,000 കുപ്പി കുടിവെള്ളം വിതരണം ചെയ്തിട്ടുണ്ട്. 2.9 ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായെത്തുന്ന വണ്ടി നാളെയോടെ കായംകുളത്തെത്തും.
ക്യാമ്പുകളിലേക്ക് അത്യാവശ്യം വേണ്ട മരുന്നുകളും എത്തിക്കുമെന്ന് ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചു. നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് നാളെയും യോഗം ചേരുന്നുണ്ട്.