കൊച്ചി: വെളളപ്പൊക്കത്തിൽ അകപ്പെട്ട നെടുമ്പാശേരി വിമാനത്താവളത്തിന് പകരം കൊച്ചി നാവികസേനയുടെ വിമാനത്താവളം സുസജ്ജം. ഇതോടെ ഇന്റിഗോ വിമാനങ്ങളും ഇവിടെ നിന്നും സർവ്വീസ് നടത്തുമെന്ന് ഉറപ്പായി. ആഭ്യന്തര സർവ്വീസുകൾ മാത്രമായിരിക്കും നാളെ നാവിക സേന എയർ സ്റ്റേഷനായ ഗരുഡിൽ പറന്നിറങ്ങുക.
നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഇന്നാണ് നാവിക സേനയുടെ വിമാനത്താവളത്തിലേക്ക് ഒരു പാസഞ്ചർ വിമാനം പറന്നിറങ്ങിയത്. 2000 ജൂൺ 30 നായിരുന്നു ഇവിടേക്ക് അവസാനമായി ഒരു വിമാനം എത്തിയത്. നെടുമ്പാശേരി വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതോടെയാണ് ഈ വിമാനത്താവളം നാവികസേനയുടെ ഭാഗമാക്കി മാറ്റിയത്.
ഇന്ന് എയർ ഇന്ത്യയുടെ അലിയൻസ് എയർ സർവ്വീസിന്റെ വിമാനങ്ങളാണ് കൊച്ചിയിൽ എത്തിയത്. ബെംഗളൂരുവിൽ നിന്നുളള ആദ്യ വിമാനം രാവിലെ 7.20 ഓടെ കൊച്ചി നാവിക സേന വിമാനത്താവളമായ ഗരുഡിൽ തൊട്ടു. പിന്നീട് 8.20 ന് ബെംഗളൂരുവിലേക്കുളള സർവ്വീസ് നടത്തി.
ഇതിന് ശേഷം രാവിലെ 10.10 നും സർവ്വീസുണ്ടായിരുന്നു. വൈകിട്ട് 6.10 നാണ് അടുത്ത സർവ്വീസ്. അതേസമയം ഇന്ന് ഉച്ചയോടെ ഇൻഡിഗോ വിമാനക്കമ്പനിയുടെ ചെറുവിമാനം ഇവിടെ ട്രയൽ സർവ്വീസ് നടത്തി. ഇത് വിജയകരമായി പൂർത്തിയായതോടെ നാളെ കൂടുതൽ സർവ്വീസുകൾ നടത്താൻ വിമാനക്കമ്പനി നിശ്ചയിച്ചിരിക്കുകയാണ്.
ബെംഗളൂരു-കൊച്ചി, ചെന്നൈ-കൊച്ചി സർവ്വീസുകളാണ് നടത്തുക. രാവിലെ അഞ്ച് മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം 6.20 ന് കൊച്ചിയിലെത്തും. പിന്നീട് 7.20 ന് കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്ക് തിരികെ പോകുന്ന വിമാനം അവിടെ രാവിലെ 9 മണിക്ക് എത്തും. പിന്നീട് 9.35 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കൊച്ചിയിൽ 11.15 ന് വിമാനം എത്തും.
കൊച്ചിയിൽ നിന്ന് അടുത്ത സർവ്വീസ് ചെന്നൈയിലേക്കാണ്. 12.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35 ന് അവിടെയെത്തും. ചെന്നൈയിൽ നിന്നും 1.55 ന് പുറപ്പെടുന്ന വിമാനം 3.15 ന് കൊച്ചിയിൽ തിരികെയെത്തും. പിന്നീട് വൈകിട്ട് 6.15 ന് കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്കാണ് അവസാന സർവ്വീസ്.
നാളത്തെ സർവ്വീസുകളുടെ വിവരങ്ങൾ മാത്രമാണ് ഇതുവരെ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അലയൻസ് എയറിന്റെ നാളത്തെ സർവ്വീസുകളുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല.