Kerala Floods:  കൊച്ചി: വൃഷ്ടി പ്രദേശത്ത് മഴകുറഞ്ഞെങ്കിലും ഇടുക്കി ഡാമില്‍ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയോടടുക്കുന്നു. ഡാമില്‍ നിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ഡാമില്‍ ജലനിരപ്പ് കൂട്ടാനിടയാക്കുന്നത്. 2402. 30 അടിയാണ് ഞായറാഴ്ച വൈകുന്നേരം ഡാമില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്. അതേസമയം 2403 അടിയാണ് ഡാമിന്റെ മൊത്തം സംഭരണശേഷി.

ഇതേ സമയം തമിഴ് നാട്ടിലെ വൈഗാ ഡാമിന്റെ ഷട്ടറുകൾ​ തുറന്നു, മുല്ലപ്പെരിയാറിൽ നിന്നുളള​ വെളളം സംഭരിക്കുന്ന തമിഴ് നാട്ടിലെ ഡാമാണ് വൈഗ.

ഇതിനിടെ ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവില്‍ ഞായറാഴ്ച വീണ്ടും കുറവു വരുത്തി. സെക്കന്‍ഡില്‍ 70 ലക്ഷം ലിറ്ററാണ് നിലവില്‍ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ്. പ്രതിദിനം 115 ലക്ഷം ലിറ്റര്‍ ജലം വൈദ്യുതി ഉല്‍പ്പാദനത്തിനായും ഉപയോഗിക്കുന്നു.

തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറച്ചതോടെ തുറന്ന അഞ്ചു ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ സെക്കന്‍ഡില്‍ 15 ലക്ഷം ലിറ്റര്‍ വെളളമാണ് ഡാമില്‍നിന്നു തുറന്നു വിട്ടിരുന്നത്. ഇത് ശനിയാഴ്ച 80 ലക്ഷമായും ഞായറാഴ്ച 70 ലക്ഷമായും കുറയ്ക്കുകയായിരുന്നു. ഡാമില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ 10 ലക്ഷം ലിറ്ററെങ്കിലും തുറന്നു വിടാന്‍ അനുവദിക്കണമനെന്ന് ഡാം സേഫ്റ്റി വിഭാഗം ആവശ്യപ്പെട്ടങ്കിലും വെള്ളക്കെട്ടില്‍ വലയുന്ന ആലുവ പോലുള്ള മേഖലകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ ആവശ്യം തള്ളുകയായിരുന്നുവെന്നാണ് വിവരം.

ഇതിനിടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141.10 അടിയായി കുറഞ്ഞു. ശനിയാഴ്ച ഇത് 142.30 അടിയായിരുന്നു. അതേ സമയം മുല്ലപ്പെരിയാറില്‍ നിന്നുള്ള വെളളം ശേഖരിക്കുന്ന തമിഴ് നാട്ടിലെ വൈഗ ഡാമില്‍ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയെത്തിയതോടെ ഡാമിന്റെ ഏഴു ഷട്ടറുകള്‍ ഞായറാഴ്ച തുറന്നു. 69 അടിയാണ് ഡാമിന്റെ മൊത്തം സംഭരണശേഷി.

മുല്ലപ്പെരിയാരാര്‍ ഡാമിലെ ജലനിരപ്പില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഡാമിന്റെ സ്പില്‍വേകള്‍ ഇതുവരെ അടച്ചിട്ടില്ല. ഇതിനിടെ മുല്ലപ്പെരിയാറില്‍ നിന്നു കൂടുതല്‍ വെള്ളമൊഴുകുകയോ ഇടുക്കിയില്‍ വീണ്ടും കനത്ത മഴ തുടരുകയോ ചെയ്താല്‍ ഇടുക്കി ഡാമില്‍ നിന്നു കൂടുതല്‍ വെള്ളം വീണ്ടും തുറന്നുവിടേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.