തൊടുപുഴ: മഴ അതിശക്തമായി പെയ്യുകയും മുല്ലപ്പെരിയാറിൽ നിന്നും വെള്ളം തുറന്നുവിടുകയും ചെയ്ത നാല് ദിവസങ്ങളിൽ ഇടുക്കി ഡാമിലെത്തിയത് 33 അടിയോളം വെളളം. അതായത് ഒരു ദിവസം ശരാശരി എട്ടടിയിലേറെ വെളളമാണ് ഡാമിലേയ്ക്ക് ഒഴുകിയെത്തിയത്. പതിനാറിനും പതിനേഴിനുമായിരുന്നു ഏറ്റവും കൂടുതൽ വെളളം ഡാമിനുളളിൽ നിറഞ്ഞത്. പത്ത് അടിയും 8.29 അടിയും. ഇത് ഇതിന് മുന്നിലും പിന്നിലുമുളള ദിവസത്തേക്കാൾ വളരെ കൂടുതലായിരുന്നു. മറ്റുളള ദിവസങ്ങളിൽ അതിനേക്കാൾ വളരെ കുറവായിരുന്നുവെന്നും കണക്കുകൾ കാണിക്കുന്നു.
അതിശക്തമായ മഴയും നീരൊഴുക്കും മുല്ലപ്പെരിയാറിന്റെ തുറന്ന് വിടലും എല്ലാം കൂടെയാണ് ഇടുക്കിയെയും കേരളത്തെയും പ്രളയത്തിലേയ്ക്കും ദുരന്തത്തിലേയ്ക്കും നയിച്ചതിൽ ഒരു പങ്ക് വഹിച്ചതെന്ന് ഇത് സൂചിപ്പിക്കുന്നു.
നിലവില്‍ ഇടുക്കി ഡാമില്‍ സംഭരിച്ചിരിക്കുന്ന വെള്ളത്തിന്റെ അളവ് ഞായറാഴ്ചത്തെ കണക്ക് പ്രകാരം 55443 മില്യണ്‍ ഘനയടി (2398 അടി) ആണ്. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തിയ ഓഗസ്റ്റ് 15 മുതലുള്ള ദിവസങ്ങളില്‍ ഇടുക്കി ഡാമില്‍ ഒഴുകിയെത്തിയത് എട്ടു മുതല്‍ പത്തടി വരെ വെള്ളമായിരുന്നുവെന്നും കെഎസ്ഇബിയുടെ കണക്കുകള്‍ പറയുന്നു. 16 മുതല്‍ 17 വരെ മില്യണ്‍ ഘന അടി വെള്ളമാണ് ഇടുക്കി ഡാമില്‍ ഒരടി ജലനിരപ്പുയരാന്‍ വേണ്ടത്. എന്നാല്‍ കനത്ത മഴ കോരിച്ചൊരിഞ്ഞ ഓഗസ്റ്റ് 15 ന് ഡാമില്‍ ഒഴുകിയെത്തിയത് 134 മില്യണ്‍ ക്യുബിക് ഫീറ്റ് (7.8 അടി), ഓഗസ്റ്റ് 16 ന് 165 മില്യണ്‍ ക്യുബിക് ഫീറ്റ് (10 അടി), ഓഗസ്റ്റ് 17 ന് 141 മില്യണ്‍ ക്യുബിക് ഫീറ്റ് (8.29 അടി), ഓഗസ്റ്റ് 18ന് 111മില്യണ്‍ ക്യുബിക് ഫീറ്റ് (6.52 അടി) എന്നീ നിലയിലാണ്.
ഇത്തരത്തില്‍ പ്രളയജലം ഒഴുകിയെത്തിയതിനാലാണ് ഡാമില്‍ അതിവേഗം ജലനിരപ്പുയര്‍ന്നതെന്നും ഇതാണ് ഡാമില്‍ നിന്നു കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ നിര്‍ബന്ധിതമാക്കിയതെന്നും കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗത്തില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഡാം നിര്‍മിച്ചതിനു ശേഷം ആദ്യമായാണ് ഒരു ദിവസം പത്തടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നതെന്നും അധികൃതര്‍ പറയുന്നു.
ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയ ഓഗസ്റ്റ് ഏഴിന് ഡാമില്‍ ഒഴുകിയെത്തിയത് വെറും ഏഴു മില്യണ്‍ ക്യുബിക് ഫീറ്റ് വെള്ളം (അര അടിയോളം) മാത്രമാണ്. ഓഗസ്റ്റ് ഒന്‍പത്, പത്ത് തീയതികളില്‍ ഇത് യഥാക്രമം 57, 61 മില്യണ്‍ ക്യുബിക് ഫീറ്റായി വര്‍ധിച്ചുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വന്‍തോതില്‍ വെള്ളം തുറന്നു വിടുന്നതിനു മുമ്പു തന്നെ ഡാം ഷട്ടറുകള്‍ തുറന്നിരുന്നുവെന്നും അല്ലായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതി ഉണ്ടാകുമായിരുന്നുവെന്നും വകുപ്പ് വ്യക്തമാക്കുന്നു.
നിലവില്‍ തുറന്നു വിട്ട 900 മില്യണ്‍ ക്യൂബ് മീറ്റര്‍ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ചാൽ അതിൽ നിന്നും 1400 മില്യണ്‍ യൂണിറ്റ് വൈദ്യുതി ലഭിക്കും. എത്രത്തോളം വെള്ളമാണ് ഡാമില്‍ നിന്നു തുറന്നു വിട്ടതെന്നു മനസ്സിലാകുന്നതിനാണ് ഈ ഉദാഹരണം വകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ 29 മില്യണ്‍ ക്യബിക് ഫീറ്റുവരെ (രണ്ടടിയോളം)യാണ് പ്രതിദിനം ഡാമിലേയ്ക്ക് ഒഴുകിയെത്തുന്നത്. രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം ഇപ്പോഴും ഡാമില്‍ നിന്നും തുറന്നു വിടുന്നുണ്ട്. 115 ലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം വൈദ്യുതി ഉല്‍പ്പാദനത്തിനായും ഉപയോഗിക്കുന്നു.
വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതാണ് ഡാം തുറക്കാനിടയാക്കിയതെന്നും ഇതിന്റെ പേരില്‍ വിവാദങ്ങള്‍ക്കു കാര്യമില്ലെന്നും ഡാം സേഫ്റ്റി വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ ഇപ്പോഴാണ് ഇടുക്കിയിലേയ്ക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെ കണക്കു പുറത്തു വരുന്നത്.
ഡാം സേഫ്റ്റി വിഭാഗവും ജില്ലാ ഭരണകൂടവും ഡാം തുറക്കുന്നതിനു മുമ്പ് മതിയായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും ഡാം തുറന്നപ്പോള്‍ തകര്‍ന്നത് ചെറുതോണി പുഴയിലെ കൈയ്യേറ്റങ്ങള്‍ മാത്രമാണെന്നും വൈദ്യുതി വകുപ്പ് പറയുന്നു.
ഇങ്ങനെ നിറഞ്ഞു കവിഞ്ഞ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ നിന്നും തുറന്നു വിട്ടത് സംഭരണശേഷിയുടെ എഴുപത് ശതമാനത്തോളം വരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇടുക്കി ഡാമില്‍ നിന്നു തുറന്നു വിട്ട വെള്ളത്തിന്റെ അളവ് കണക്കാക്കിയാല്‍ ഡാമിലെ നിലവിലെ സംഭരണ ശേഷിയുടെ 65 മുതല്‍ 70 ശതമാനം വരെ വരുമെന്ന് കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗത്തിന്റെ കണക്ക്. ഇടുക്കി ഡാമില്‍ വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതിനാല്‍ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കാനാവുമായിരുന്നില്ലെന്നും കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം പറയുന്നു.
നിലവില്‍ ഞായറാഴ്ച രാവിലെ വരെ 896.5 മില്യണ്‍ മീറ്റര്‍ ക്യൂബ് ജലമാണ് ഇടുക്കി ഡാമില്‍ നിന്നു തുറന്നു വിട്ടത്. ഇടുക്കി ഡാമിന്റെ മൊത്തം സംഭരണ ശേഷി 1996.3 മില്യണ്‍ മീറ്റര്‍ ക്യൂബ് (ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 2403 അടി). ഇതില്‍ 1459 മില്യണ്‍ മീറ്റര്‍ ക്യൂബിന് മുകളിലേയ്ക്കുള്ളത് (2280 അടിവരെ) വരെ ഡെഡ് സ്റ്റോറേജായാണ് കണക്കാക്കുന്നത്.