scorecardresearch

Kerala Floods: എടുക്കാം ‘രോഗപ്രളയ’ത്തിനൊരു മുൻകരുതൽ

ആരോഗ്യപ്രശ്നങ്ങൾ വരാതിരിക്കാനുള്ള ടിപ്സുകളും വന്നാൽ ഉടനടി എടുക്കേണ്ട നടപടികളെ കുറിച്ചും വിശദമാക്കുകയാണ് ഡോക്ടർ ജിതേഷ്.

Kerala Floods: എടുക്കാം ‘രോഗപ്രളയ’ത്തിനൊരു മുൻകരുതൽ

കൊച്ചി: വെള്ളപ്പൊക്കം മാറി ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോയി തുടങ്ങുമ്പോള്‍, ഇനി അഭിമുഖീകരിക്കാൻ പോകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധി ആണ്. അതുകൊണ്ട് തന്നെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.

പാമ്പുകടി, പരുക്കുകള്‍, ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍, അണുബാധ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ വെള്ളപ്പൊക്കത്തിനു ശേഷം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഏറെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ധർ നിർദ്ദേശിക്കുന്നത്.

വയറിളക്കം, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, അതിസാരം പോലുള്ള ജല ജന്യ രോഗങ്ങളും എലിപ്പനി പോലുള്ള ജന്തു ജന്യ രോഗങ്ങളും ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളെയും മലിന ജലവുമായുള്ള സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന ത്വക് രോഗങ്ങളെയും കണ്ണ്, ചെവി, തൊണ്ട എന്നിവയിലെ അണുബാധകളെയും അതീവ ഗൗരവമായി തന്നെ നോക്കി കണ്ട് രോഗങ്ങൾ വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണമെന്നാണ് മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.ജിതേഷ് പറയുന്നത്.

ആരോഗ്യപ്രശ്നങ്ങൾ വരാതിരിക്കാനുള്ള ടിപ്സുകളും വന്നാൽ ഉടനടി എടുക്കേണ്ട നടപടികളെ കുറിച്ചും വിശദമാക്കുകയാണ് ഡോക്ടർ ജിതേഷ്.

പാമ്പ് കടിയേറ്റാൽ…

പാമ്പ് കടിയേറ്റ ആളെ സമാധാനിപ്പിക്കുക. പേടിക്കുന്നത് വിഷം വേഗം രക്തത്തില്‍ കലരാന്‍ കാരണമാകും. കടിയേറ്റ വ്യക്തിയെ കിടത്തുക. കടിയേറ്റ കൈ/കാല്‍ ഇളകാതിരിക്കാന്‍ സ്പ്ലിൻറ്റ് ഉപയോഗിച്ച് കെട്ടിവയ്ക്കാം. തുണി/ബാൻഡേജ് പോലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൈ കഴുത്തില്‍ തൂക്കിയിടുന്നതും സ്കെയില്‍/പലക പോലുള്ള ഉറപ്പുള്ള സാധനം വച്ച് പാന്പുകടിയേറ്റ കൈയ്യോ കാലോ ചേര്‍ത്ത് വച്ച് വീതി ഉള്ള തുണി കൊണ്ട് ചുറ്റി കെട്ടുന്നതും വിഷം പടരാതിരിക്കാൻ സഹായകരമാണ്.

മുറിവിൽ അമര്‍ത്തുകയോ/തടവുകയോ/മുറിവ് വലുതാക്കുകയോ ചെയ്യരുത്.

രോഗിയെ നടത്തിക്കാതെ ഉറപ്പുള്ള ഒരു പ്രതലത്തില്‍ (പലക, സ്ട്രെച്ചര്‍, മുതലായവ) കിടത്തി ഉടനെ ആശുപത്രിയില്‍ എത്തിക്കുക.

വിഷവൈദ്യം, പച്ച മരുന്ന് തുടങ്ങിയവ ചെയ്തു സമയം കളയുന്നത് രോഗിയുടെ ജീവന് ആപത്താണ്. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. കടിച്ച പാമ്പ് വിഷം ഉള്ളതാണോ എന്നറിയാനുള്ള പരിശോധനകള്‍ ആശുപത്രിയില്‍ ലഭ്യമാണ്.

കടിച്ച പാമ്പിനെ തിരഞ്ഞു സമയം കളയേണ്ടതില്ല. പാമ്പിനെ കിട്ടുന്നത് ചികിത്സയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കില്ല.

ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാം

തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക

എല്ലാ വെള്ളവും വെള്ളപ്പൊക്കത്തില്‍ മലിനമാകും എന്നതുകൊണ്ട് കിണര്‍ വെള്ളം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. നന്നായി ക്ലോറിനേറ്റു ചെയ്യുകയാണെങ്കില്‍ കിണറിലെ വെള്ളം വറ്റിച്ചു കളയേണ്ട ആവശ്യം വരുന്നില്ല.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി വെള്ളപ്പൊക്കത്തിനു ശേഷം കുടിക്കുന്ന വെള്ളം മാത്രം ശുദ്ധീകരിച്ചാല്‍ മതിയാകില്ല. പാത്രം കഴുകുന്ന വെള്ളം, പച്ചക്കറികള്‍ കഴുകുന്ന വെള്ളം ഒക്കെ ശുദ്ധമായിരിക്കണം. അസുഖങ്ങൾ ഏതുവഴിയും വരാം.​ വെള്ളം ക്ലോറിനേറ്റ് ചെയ്യാനായി ക്ലോറിന്‍ ടാബ്‌ലെറ്റ് ബക്കറ്റിലെ വെള്ളത്തില്‍ നിക്ഷേപിക്കാം.

ഭക്ഷണത്തിന് മുന്‍പും കക്കൂസില്‍ പോയ ശേഷവും കൈകള്‍ നിര്‍ബന്ധമായും സോപ്പിട്ടു കഴുകുക.

ഭക്ഷണം പാചകം ചെയ്യും മുന്‍പും കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം

6 മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കുക. 6 മാസം കഴിഞ്ഞ കുട്ടികള്‍ക്ക് വെള്ളത്തിന്‌ പകരം പരമാവധി മുലപ്പാല്‍ തന്നെ കൊടുക്കുക. ആവശ്യാനുസരണം വെള്ളം കൊടുക്കുമ്പോള്‍ നന്നായി തിളപ്പിച്ച വെള്ളം ആണെന്ന് ഉറപ്പു വരുത്തുക. വെള്ളത്തിലൂടെ രോഗങ്ങള്‍ പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കുട്ടികളിലാണ്.

വയറിളക്കം വന്നാല്‍ ഒആര്‍എസ് ലായനി തയ്യാറാക്കി കുടിപ്പിക്കുക. ഒപ്പം ഉപ്പിട്ട കഞ്ഞിവെള്ളവും കൂടുതലായി നൽകാം.

വയറിളക്കം ബാധിച്ചാല്‍ ഭക്ഷണവും വെള്ളവും കൂടുതലായി നല്‍കേണ്ടതുണ്ട്.

നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ (വര്‍ദ്ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട തൊലി, മയക്കം, മൂത്രം കുറവ്, കടുത്ത മഞ്ഞ നിറത്തില്‍ മൂത്രം മുതലായവ) കണ്ടാല്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കുക.

എലിപ്പനിയെ നേരിടുമ്പോൾ

എലിപ്പനി എന്ന പേര് ഉണ്ടെങ്കിലും വയനാട്ടില്‍ കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ എലിപ്പനിക്കു കാരണക്കാരാകുന്നത് എന്നോര്‍ക്കുക. അതിനാല്‍ തന്നെ, ഇവയുടെ മൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം.

തൊഴുത്തുകള്‍, നായ്ക്കൂടുകള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ ഗം ബൂട്ടുകള്‍, കട്ടിയുള്ള കൈയ്യുറകള്‍ എന്നിവ ഉപയോഗിക്കുക.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക

അഴുക്കു വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ഗം ബൂട്ടും കൈയ്യുറയും നിര്‍ബന്ധമായും ഉപയോഗിക്കുക.

മലിന ജലത്തില്‍ ജോലി ചെയ്യുന്നവരും, ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരും നിര്‍ബന്ധമായും എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക (ഡോക്സിസൈക്ലിന്‍ 200 മില്ലിഗ്രാം ആഴ്ചയില്‍ ഒന്ന് വീതം) കഴിക്കണം. ഗുളികകള്‍ സൗജന്യമായി ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കും.

കൊതുക് ജന്യ രോഗങ്ങളെ പ്രതിരോധിക്കേണ്ട രീതി

ഇവ രണ്ടാം ഘട്ടത്തില്‍ വരുന്ന രോഗങ്ങളാണ്. വെള്ളം മുഴുവന്‍ ഒഴുകി പോയ ശേഷം പല സ്ഥലങ്ങളിലായി കെട്ടി നില്‍ക്കാന്‍ സാധ്യത ഉള്ള സ്ഥലങ്ങള്‍ കണ്ടെത്തി വെള്ളക്കെട്ടുകള്‍ ഒഴിവാക്കണം.

ഇത്തരം വെള്ളക്കെട്ടുകളില്‍ നിന്ന് ഒരാഴ്ച കൊണ്ട് കൊതുകുകള്‍ വിരിഞ്ഞു ഇറങ്ങുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യും. അതിനാല്‍ ഇത്തരം വെള്ളക്കെട്ടുകള്‍ ഇല്ലാതെ നോക്കണം.

ഈഡിസ് കൊതുക് ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ പോലും മുട്ട ഇടും എന്നത് കൊണ്ടി ഡെങ്കിപ്പനി പടരാന്‍ രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ച സാധ്യത കൂടുതലാണ്. വീടും പരിസരവും അരിച്ചു പെറുക്കി അല്പം പോലും വെള്ളം കെട്ടി നിൽക്കുന്നില്ല എന്നുറപ്പു വരുത്തണം.

ത്വക് രോഗങ്ങളെ സൂക്ഷിക്കാം

കഴിയുന്നതും ശരീരത്തിൽ ഈർപ്പമില്ലാതെ, തൊലി ഉണങ്ങിയിരിക്കാൻ ശ്രദ്ധിക്കുക.

വളം കടി പോലുള്ള രോഗങ്ങള്‍ കണ്ടാല്‍ കൈകാലുകള്‍ എപ്പോഴും ഉണക്കി സൂക്ഷിക്കുക. വളംകടിയുള്ള സ്ഥലങ്ങളില്‍ ജെൻഷന്‍ വയലറ്റ് പുരട്ടുക. ആവശ്യം എങ്കില്‍ ഡോക്ടറെ കാണിക്കുക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala floods how to prevent spread of diseases

Best of Express