/indian-express-malayalam/media/media_files/uploads/2018/08/t-tk.jpg)
Claiming Household Insurance: ഒരു നൂറ്റാണ്ടിനിടെ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ ഏറെ സാമ്പത്തിക നഷ്ടങ്ങളാണ് വീടുകൾക്കും വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്കും ഉണ്ടായിരിക്കുന്നത്. വീടുകളിലെയും വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലെയും നല്ലൊരു ശതമാനം സാധന-സാമഗ്രികളും പൂർണമായോ ഭാഗികമായോ നശിച്ച രീതിയിലാണ്. കെട്ടിടത്തിന് അഗ്നിബാധക്കുള്ള ഇൻഷുറൻസ് (Fire Insurance Policy) പരിരക്ഷ എടുത്തിട്ടുള്ളവർക്കു വെള്ളപ്പൊക്കം മൂലവും മറ്റും വന്നിട്ടുള്ള നാശ നഷ്ടങ്ങൾക്കും നഷ്ടപരിഹാരം ലഭ്യമാണ്.
സാധാരണ ഗതിയിൽ വീട്/കെട്ടിടം ബാങ്കിന്റേയോ മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയോ വായ്പ ലഭ്യമാക്കിയാണ് പണിതിരിക്കുന്നതെങ്കിൽ, തീർച്ചയായും അതിനു നിങ്ങളോ അല്ലെങ്കിൽ വായ്പ നൽകിയ സ്ഥാപനമോ ഇൻഷുറൻസ് പരിരക്ഷ ഏർപെടുത്തിയിട്ടുണ്ടാവണം. നിങ്ങൾ ഇൻഷുറൻസ് പോളിസി എടുത്തിട്ടില്ലയെങ്കിൽ, നിങ്ങൾക്ക് വായ്പ നൽകിയ ധനകാര്യ സ്ഥാപനത്തെ സമീപിച്ച് പോളിസി എടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ ഉറപ്പുവരുത്തണം.
അഗ്നിബാധയിൽ നിന്നും പരിരക്ഷ ലഭിക്കാനായി എടുക്കുന്ന ഫയർ ഇൻഷുറൻസ് പോളിസി പ്രകാരം, വെള്ളപ്പൊക്കം, ഇടിമിന്നൽ, കൊടുംകാറ്റ്, ചുഴലിക്കാറ്റ് തുടങ്ങിയ വിവിധയിനം കാറ്റുകൾ മൂലം ഉണ്ടാകാവുന്ന കേടുപാടുകൾക്കും ഉരുൾപൊട്ടൽ, മണ്ണ് ഇടിച്ചിൽ തുടങ്ങിയ പ്രകൃതി ക്ഷോഭം മൂലമുണ്ടാകാവുന്ന നാശ നഷ്ടങ്ങൾക്കും അനുബന്ധമായി നഷ്ടപരിഹാരം ലഭിക്കുന്നതാണ്.
കെട്ടിടങ്ങൾക്കു ഇൻഷുറൻസ് പരിരക്ഷ എടുക്കുമ്പോൾ അതിനുള്ളിലുള്ള സാധന സാമഗ്രികൾക്കും ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷ എടുക്കാറുണ്ട്. ഇതിനായി, വീട് ഉടമസ്ഥർക്കുള്ള ഹൗസ് ഹോൾഡേഴ്സ് പോളിസിയാണ് ഉപഭോക്താക്കൾ വ്യാപകമായി എടുക്കുന്നത്. അതുപോലെ ടി. വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ വായ്പ എടുത്തു വാങ്ങിക്കുമ്പോഴും മിക്ക കേസുകളിലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കാറുണ്ട്. ഇത്തരം എല്ലാ പോളിസികളിലും വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്കും കേടുപാടുകൾക്കും നഷ്ടപരിഹാരം ലഭിക്കുവാൻ അർഹത ഉണ്ട്.
വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ മിക്കവാറും ധനകാര്യ സ്ഥാപനങ്ങളിലെ വായ്പ ലഭ്യമാക്കിയാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ, ഇവയ്ക്കും സാധാരണഗതിയിൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവാറുണ്ട്. അല്ലാത്ത അവസ്ഥയിലും ഇത്തരം സ്ഥാപനങ്ങൾ ഇൻഷുറൻസ് പരിരക്ഷ ഏർപെടുത്താറുണ്ട്. ഇത്തരം പോളിസിയുടെ ഭാഗമായി വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും പോളിസിയുടെ പരിരക്ഷയിൽ വരുന്നതാണ്.
വ്യാപാരികളും വ്യവസായികളും അവരുടെ ഉത്പന്നങ്ങൾ കയറ്റി അയക്കുമ്പോൾ, അത് ഏതു മാർഗത്തിലും ആയി കൊള്ളട്ടെ, യാത്രാമധ്യേ അവയ്ക്ക് ഉണ്ടാവുന്ന നഷ്ടങ്ങൾക്കും കേടുപാടുകൾക്കുമുള്ള നഷ്ടപരിഹാരം ട്രാൻസിറ്റ് പോളിസി എടുത്തിട്ടുള്ളവർക്കും ലഭിക്കും. യാത്രാമധ്യേ എവിടെയെങ്കിലും ഇറക്കി വെക്കേണ്ടി വരുന്ന സന്ദർഭങ്ങളിലും ഇതിന്റെ പരിരക്ഷ ഉണ്ടായിരിക്കുന്നതാണ്.
അപകടം ഉണ്ടായാൽ ആദ്യം ചെയ്യേണ്ട നടപടി, അപകടത്തിന്റെ ആഘാതം കുറക്കുവാൻ വേണ്ടത് ചെയ്യുക എന്നതാണ്. അഗ്നിബാധയാണെങ്കിൽ അത് അണയ്ക്കുവാൻ വേണ്ടത് ചെയ്യുക, ഫയർഫോഴ്സിനെ വിവരം അറിയിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണം. തുടർന്ന് കഴിയുന്നത്ര വേഗത്തിൽ ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിക്കണം. ക്ലെയിം ഉണ്ടാകുമ്പോൾ ബന്ധപ്പെടേണ്ട ഓഫീസുകളുടെ വിലാസം മിക്കവാറും എല്ലാ പോളിസികളിലും കൊടുത്തിട്ടുണ്ടാവും.
ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം ഫോം വാങ്ങി അപകടത്തിന്റെ വിവരങ്ങൾ, കേടുപാടുകൾ തീർക്കുവാൻ വേണ്ടി വരുന്ന ചെലവുകളുടെ എസ്റ്റിമേറ്റ് ഇവ സഹിതം സമർപ്പിക്കണം. വെള്ളപൊക്കത്തിന്റെ തുടർച്ചയായി ധാരാളം മോഷണവും നടന്നിട്ടുള്ളതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇൻഷുറൻസ് ചെയ്ത സാധനങ്ങൾ പൂർണമായി കാണാതാവുകയോ മോഷണം പോവുകയോ ചെയ്ത സാഹചര്യമാണ് ഉണ്ടായതെങ്കിൽ ആ വിവരം പോലീസിലും അറിയിക്കേണ്ടതാണ്.
ക്ലെയിമിനുള്ള അപേക്ഷ ലഭിക്കുമ്പോൾ നഷ്ടത്തിന്റെ വ്യാപ്തിയും തോതും മറ്റും പരിശോധിച്ചു റിപ്പോർട്ട് നൽകുവാൻ ഇൻഷുറൻസ് കമ്പനികൾ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സർവ്വേയർമാരെ നിയോഗിക്കും. ചെറിയ തുകക്കുള്ള ക്ലെയിം ആണെങ്കിൽ കമ്പനികൾ ഇത് ഒഴിവാക്കാറുമുണ്ട്. പതിനായിരം രൂപയിൽ കൂടുതൽ ക്ലെയിം തുക വരുന്ന സാഹചര്യങ്ങളിലാണ് സാധാരണ ഇൻഷുറൻസ് കമ്പനികൾ സർവേയർമാരെ നിയോഗിക്കുന്നത്. സർവേയർമാർ നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് നഷ്ട പരിഹാരതുക നിശ്ചയിക്കുന്നത്.
സാധനങ്ങൾ മോഷണം പോയ അവസ്ഥയിൽ ക്ലെയിം തീർപ്പാക്കാൻ പോലീസിന്റെ റിപ്പോർട്ടും ആവശ്യമാണ്. ഇതിനു സ്വാഭാവികമായും കാലതാമസം ഉണ്ടാവും.
നഷ്ടപരിഹാരതുക നിശ്ചയിക്കുന്നത് ഇൻഷുർ ചെയ്ത തുകയുടെ അടിസ്ഥാനത്തിൽ ആയിരിക്കും. ഏതൊരു വസ്തുവും ഇൻഷുർ ചെയ്യേണ്ടത് അതിന്റെ മാർക്കറ്റ് വിലയിൽ ആയിരിക്കണം എന്നതാണ് അടിസ്ഥാന തത്വം. സ്വാഭാവികമായും തേയ്മാനത്തിനുള്ള കിഴുവുകൾ കൂടി കണക്കാക്കിയാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുക. എന്നാൽ പണിക്കൂലിയിൽ ഇവ കുറക്കാറില്ല.
ഗൃഹോപകരണങ്ങളും മറ്റും റിപ്പയർ ചെയ്തു ശരിയാക്കുന്നതിന് ഇൻഷുർ ചെയ്തിട്ടുള്ള തുകയിൽ കൂടുതൽ ചിലവാകുമെങ്കിൽ അത്തരം വസ്ഥകളിൽ ഇൻഷുർ ചെയ്ത തുകക്ക് ആനുപാതികമായ തുക നൽകി ക്ലെയിം തീർപ്പാക്കുകയാണ് ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.