Flood-damaged House Cleaning Tips: ഒരു നൂറ്റാണ്ടിനിടെ കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്തു നിന്നും ജീവിതത്തിലേക്ക് മടങ്ങുകയാണ് കേരളം. ഹൃദയം തകർക്കുന്ന കാഴ്ചകളിലേക്കും മലീമസമായ ചുറ്റുപ്പാടുകളിലേക്കുമാണ് പലരും മടങ്ങുന്നത്. പകര്‍ച്ച വ്യാധികളുടെയും അസുഖങ്ങളുടെയും വരുംനാളുകളാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്. വീടുകളിൽ തിരിച്ചെത്തുന്ന ഒരോ വ്യക്തിയും സ്വയം ‘ക്ലീനിങ് ആർമി’യായി മാറി, മാരക രോഗങ്ങളെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്താൽ മാത്രമേ, കേരളത്തിന്റെ ആരോഗ്യം നമുക്കു കാത്തുസംരക്ഷിക്കാൻ കഴിയൂ.

വെള്ളക്കെട്ടിറങ്ങി ആളുകൾ വീടുകളിലേക്ക്​ തിരിച്ചു പോകാൻ തുടങ്ങിയതോടെ ശുചീകരണപ്രവർത്തനങ്ങളുമായി സജീവമാകുകയാണ് ജനങ്ങൾ. സമാനതകളില്ലാത്ത ദുരന്തമായതു കൊണ്ടുതന്നെ, മണ്ണും ചെളിയും മാലിന്യവും അടിഞ്ഞുകൂടിയ വീടുകളും റോഡുകളും നാടും നഗരവും എങ്ങനെ വൃത്തിയാക്കാം എന്ന കാര്യത്തിൽ ആശങ്കയിലാണ് ജനങ്ങൾ. ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം അണുനശീകരണം കൂടി നടത്തിയാൽ മാത്രമേ പകർച്ച വ്യാധികൾ ഫലപ്രദമായി തടയാൻ സാധിക്കൂ.

” ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ വിളിച്ചു അന്വേഷിക്കുന്നത് വീട് വൃത്തിയാക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നാണ്. ഡെറ്റോളിന്റെ മണം നല്ലതാണെങ്കിലും അത് ശക്തമായൊരു അണുനശീകരണ ഉപാധിയല്ല. അല്‍പ്പം ദുര്‍ഗന്ധമുണ്ടെങ്കിലും, വെള്ളപ്പൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെയാണ്,” ഡോ.ജിതേഷ് പറയുന്നു.

Tips to Clean Your Flood-damaged Home: കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി

വീടും പരിസരവും എങ്ങനെ വൃത്തിയാക്കണം?  ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് വീടുകളിൽ അണുനശീകരണം നടത്തേണ്ട രീതി മാനന്തവാടി ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി.ജിതേഷ്  വിവരിക്കുന്നു.

1. കടകളിൽ സാധാരണ ലഭിക്കുന്ന ബ്ലീച്ചിങ് പൗഡറില്‍ 30 മുതല്‍ 40 ശതമാനം വരെയാണ് ക്ലോറിന്‍റെ അളവ്. 33% ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തിലാണ് ഇനി പറയുന്ന അളവുകള്‍ നിർദ്ദേശിക്കുന്നത്.

2. കിണറിലെ വെള്ളത്തിന്‍റെ അളവ് ആദ്യം നമ്മള്‍ കണക്കാക്കണം. അതിനു ആദ്യം കിണറിന്‍റെ വ്യാസം മീറ്ററില്‍ കണക്കാക്കുക (D). തുടര്‍ന്ന് ബക്കറ്റ് കിണറിന്റെ ഏറ്റവുമടിയില്‍ വരെ ഇറക്കി നിലവില്‍ ഉള്ള വെള്ളത്തിന്‍റെ ആഴം മീറ്ററില്‍ കണക്കാക്കുക (H). ശേഷം, താഴെ നൽകിയ സമവാക്യം ഉപയോഗിച്ച് കിണറിലെ വെള്ളത്തിന്റെ അളവ് കണ്ടെത്താം. വെള്ളത്തിന്‍റെ അളവ് = 3.14 x D x D x H x 250 ലിറ്റര്‍

3. സാധാരണ ക്ലോറിനേഷന്‍ നടത്താന്‍ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ആണ് ആവശ്യം വരിക. എന്നാല്‍ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനമായിരിക്കും എന്നതുകൊണ്ട് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍) ബ്ലീച്ചിങ് പൗഡര്‍ ആണ് ആവശ്യം.

4. വെള്ളത്തിന്‍റെ അളവ് വച്ച് ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ ഒരു പ്ലാസ്റ്റിക്‌ ബക്കറ്റില്‍ എടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറ്റിന്‍റെ മുക്കാല്‍ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വയ്ക്കുക

5. 10 മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് അടിയില്‍ അടിയും. മുകളില്‍ ഉള്ള വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ചു ചേര്‍ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം, ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക.

6. ഒരു മണിക്കൂര്‍ സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.

Tips to Clean Your Flood-damaged Home: വീടിന്‍റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി

1. പരിസരം വൃത്തി ആക്കാന്‍ പലരും ബ്ലീച്ചിങ് പൗഡര്‍ വിതറുന്നത് കാണാം. ഇത് കൊണ്ട് മാത്രം പരിസരം അണുവിമുക്തമാക്കാന്‍ സാധിക്കില്ല.

2. ക്ലോറിന്‍ ലായനി തയ്യാറാക്കുന്ന വിധം: 6 ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ എടുത്തു കുഴമ്പു പരുവത്തില്‍ ആക്കുക. അതിലേക്ക് 1 ലിറ്റര്‍ വെള്ളം ചേര്‍ക്കുക. മുകളില്‍ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്‍റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യം എങ്കില്‍ ഒരു ലിറ്ററിന് 6 ടീസ്പൂണ്‍ എന്ന കണക്കിൽ ലായനി തയ്യാറാക്കാം.

3. നിലം തുടച്ച ശേഷം/ വീട്ടുപരിസരത്ത് ക്ലോറിന്‍ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20- 30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാല്‍ മാത്രമേ അണുനശീകരണം കൃത്യമായി നടക്കൂ. അതിനാല്‍ അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാനോ പാടില്ല.

4. അര മണിക്കൂറിനു ശേഷം സുഗന്ധമുള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തിയാക്കി ക്ലോറിന്‍ മണം മാറ്റാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.