Car Insurance Claim: പ്രളയക്കടലിൽ നിന്നും കരകയറിത്തുടങ്ങുകയാണ് കേരളീയർ. നഷ്ടങ്ങൾ നൽകിയ കനത്ത വേദനകളെ മറക്കാൻ ശ്രമിച്ച് വീണ്ടും ഒന്നിൽ നിന്നും ജീവിതം തുടങ്ങാൻ ശ്രമിക്കുന്നവരാണ് ചുറ്റും.

നിരത്തുകളിലും വീടുകളിലും വെള്ളത്തിൽ മുങ്ങിയും ചളിയിൽ പുതഞ്ഞും ഉപയോഗശൂന്യമായി കിടക്കുന്ന ആയിരക്കണക്കിനു വാഹനങ്ങൾ കാണാം. ഈ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യലും റിപ്പയർ ചെയ്തെടുക്കലുമൊക്കെയാണ് ആളുകൾ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. വെള്ളം കയറിയ വാഹനങ്ങൾക്കു ഇൻഷുറൻസ് ലഭിക്കാൻ എന്തു ചെയ്യണം എന്ന കാര്യത്തിലുള്ള​ ആശങ്കയിലാണ് ജനങ്ങൾ.

All you need to know about car insurance if your car is flooded:  എങ്ങനെ ഇൻഷുറൻസ് ക്ലെയിം ചെയ്യാം?

വാഹനമായാലും വസ്തുവായാലും ഇൻഷുറൻസ്‌ ക്ലെയിമുകൾ കഴിയുന്നത്ര വേഗം സമർപ്പിക്കുകയാണ് ആദ്യം വേണ്ടത്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിര്‍ത്തിയിട്ടിരിക്കുമ്പോഴോ മരം വീണോ മണ്ണിടിച്ചില്‍ മൂലമോ അപകടങ്ങൾ സംഭവിച്ചാല്‍ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എന്നാൽ, പ്രകൃതി ദുരന്തങ്ങളിൽ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ വരുന്നുണ്ടെങ്കിലും വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന കേടുപാടുകള്‍ക്ക് ചില പ്രത്യേക നിബന്ധനകൾ ഇൻഷുറൻസ് കമ്പനികൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഈ നിബന്ധനകൾ പ്രകാരം, വാഹനത്തിന്റെ എഞ്ചിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ പ്രയാസമാണ്. കാരണം എഞ്ചിനിൽ വെള്ളം കയറുന്ന വിധത്തിൽ വാഹനമോടിക്കുന്ന അവസ്ഥയെ ഉപഭോക്താവിന്റെ ശ്രദ്ധക്കുറവായിട്ടാണ് ഇൻഷുറൻസ് നിയമങ്ങൾ പരിഗണിക്കുന്നത്. വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കിടന്നാലും എഞ്ചിനിൽ വെള്ളം കയറില്ല. വെള്ളത്തിൽ വച്ച് വാഹനം സ്റ്റാർട്ട് ആക്കിയാൽ മാത്രമേ എഞ്ചിനിൽ വെള്ളം കയറൂ.

വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്

വാഹനം വെള്ളക്കെട്ടിൽ വച്ച് ഓഫായി പോയാൽ പെട്ടെന്ന് വീണ്ടും സ്റ്റാർട്ട് ചെയ്യരുത്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ എത്രയും പെട്ടെന്ന് വെള്ളക്കെട്ടിൽനിന്നു നീക്കുകയാണ് ചെയ്യേണ്ടത്. ശേഷം, ഇൻഷുറൻസ് കമ്പനിക്കാരെ വിവരം അറിയിക്കുക. അതുപോലെ, ബാറ്ററി ടെർമിനലുകൾ എത്രയും പെട്ടെന്ന് മാറ്റി വർക്‌ഷോപ്പിലെത്തിക്കുക.

 ഓട്ടോമാറ്റിക് കാറുകൾ എങ്ങനെ മാറ്റാം?

ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ളതാണ് വാഹനമെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചുവേണം കെട്ടിവലിക്കാൻ. ഇത് സാധ്യമല്ലെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ ഗ്രൗണ്ടിൽനിന്നുയർത്തി വലിക്കണം. അല്ലെങ്കിൽ എടിഎം ഗിയർ ബോക്സ് തകരാറിലാകും. ശ്രദ്ധിക്കുക, ഓട്ടോമാറ്റിക് വാഹനങ്ങൾ ഒരു കാരണവശാലും തള്ളി സ്റ്റാർട്ട് ചെയ്യരുത്.

 വാഹനം ടോ ചെയ്ത്‌ മാത്രം സർവ്വീസ് സെന്ററിലെത്തിക്കുക

വാഹനങ്ങൾ നിർത്തിയിട്ട സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ, നമ്പർ പ്ലേറ്റ് തെളിയുന്ന രീതിയിലോ വാഹനം പൂർണമായും മുങ്ങികിടക്കുന്നതിന്റെയോ ഫോട്ടോകൾ എടുത്തുവയ്ക്കുന്നത് ഉചിതമാണ്. വാഹനം വെള്ളപ്പൊക്കത്തിൽ പെട്ടു എന്നതിനുള്ള തെളിവാണ്​ അത്തരം ഫോട്ടോകൾ.

വെള്ളക്കെട്ടിൽ വച്ച് ഓഫായി പോയ വാഹനം യാതൊരു കാരണവശാലും സ്റ്റാർട്ട് ചെയ്യരുത്. പകരം വെള്ളമില്ലാത്തയിടത്തേക്ക് തള്ളിമാറ്റി ഇൻഷുറൻസ് കമ്പനിയിൽ വിവരം അറിയിക്കുക. അതിനു ശേഷം ടോയിങ് വെഹിക്കിളോ ഫ്ളാറ്റ് ബെഡ് വെഹിക്കിളോ ഉപയോഗിച്ചു സർവ്വീസ് സെന്ററിൽ എത്തിക്കാം. വാഹനം സർവ്വീസ് സെന്ററിലോ വർക്‌ഷോപ്പിലോ എത്തിക്കാൻ പരമാവധി 2,500 രൂപ വരെ ടോയിങ് ചാർജായി ഇൻഷുറൻസ് കമ്പനികൾ നൽകാറുണ്ട്.

എങ്ങനെ ക്ലെയിം ചെയ്യണം?

1. വാഹനം വെളളക്കെട്ടിൽ ഓഫായി പോയാൽ ആദ്യം ചെയ്യേണ്ടത്, ക്ലെയിം ചെയ്യാനായി പോളിസി എടുത്ത ശാഖയിലോ​ അല്ലെങ്കിൽ ഇന്‍ഷുറന്‍സ് കമ്പനിയുടെ തൊട്ടടുത്ത ശാഖയിലോ അറിയിക്കുക എന്നതാണ്. മിക്കവാറും മോട്ടോർ പോളിസികളിൽ അപകടം സംഭവിച്ചാൽ എവിടെയാണ് ബന്ധപ്പെടേണ്ടത്​ എന്ന വിവരം രേഖപ്പെടുത്താറുണ്ട്.

2. അവിടെ നിന്നും ലഭിക്കുന്ന ക്ലെയിം ഫോമും ആര്‍സി ബുക്കിന്റെ കോപ്പിയും ഇന്‍ഷുറന്‍സിന്റെ കോപ്പിയും വാഹനത്തിനൊപ്പം നിങ്ങളുടെ വാഹനം സര്‍വീസ് ചെയ്യുന്ന സര്‍വ്വീസ് സെന്ററിലോ വർക്‌ഷോപ്പിലോ ഏല്‍പ്പിക്കുക.

3. ക്ലെയിം ഫോമില്‍ വിവരങ്ങള്‍ പൂരിപ്പിച്ചു വാഹനത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ ആവശ്യമാകുന്ന സാധനങ്ങളുടെയും മറ്റും എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍വീസ് സെന്ററുകാര്‍ തന്നെ ഇന്‍ഷുറന്‍സ് ഓഫീസില്‍ നല്‍കിക്കൊള്ളും.

4.   ഇന്‍ഷുറന്‍സ് ഓഫീസില്‍ നിന്നും സര്‍വ്വേയര്‍ വന്നു വാഹനം കണ്ട് മാറ്റേണ്ട പാര്‍ട്സുകള്‍, ലേബര്‍ ചാർജ് എന്നിവ ഏതൊക്കെ, എത്രമാത്രം ചെലവുവരും എന്നൊക്കെ വിലയിരുത്തും. സർവ്വേയർ നൽകുന്ന റിപ്പോർട്ടിന്​​ അനുസരിച്ച് നിങ്ങളുടെ ക്ലെയിം അപ്രൂവ് ചെയ്ത് കിട്ടും.

ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ

ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്/ പോളിസി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍, 50 രൂപ ഫീസ് അടച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ബ്രാഞ്ചില്‍ നിന്നും ഡ്യൂപ്ലിക്കേറ്റ് കിട്ടും. ആര്‍സി ബുക്ക് കോപ്പിയില്ലെങ്കില്‍, ക്ലെയിം പേയ്മെന്‍റ് തുക ലഭിക്കുമ്പോള്‍ കാണിച്ചാലും മതി.

വാഹനം നഷ്ടപ്പെട്ടാൽ

വാഹനം കാണാതാവുകയോ മോഷണം പോവുകയോ ഒലിച്ചു പോവുകയോ ചെയ്തിട്ടുണ്ടെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം ​അറിയിച്ച് ജനറൽ ഡയറി (ജിഡി) എൻട്രി വരുത്തേണ്ടതാണ്. ക്ലെയിം സെറ്റിൽ ചെയ്യാൻ ഇത്​വേണം. ഇത്തരം ക്ലെയിമുകൾ സെറ്റിൽ ചെയ്യാൻ പൊലീസിന്റെ ഫൈനൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടും ആവശ്യമാണ്. ഇതിന് സാധാരണഗതിയിൽ ആറുമാസം കാലതാമസം വരാം.

ടോട്ടൽ ലോസ് ക്ലെയിം

വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുവാനുള്ള തുക ഇൻഷുർ ചെയ്ത തുകയേക്കാൾ അധികമാകുന്ന അവസ്ഥയിൽ അത്തരം ക്ലെയിമുകൾ ‘ടോട്ടൽ ലോസ് ‘ വ്യവസ്ഥയിലാണ് സെറ്റിൽ ചെയ്യുക. ഇൻഷുർ ചെയ്ത തുകയിൽ നിന്നും തേയ്മാനത്തിനുള്ള കിഴിവ് കുറച്ചതിനു ശേഷമുള്ള തുക ഉടമയ്ക്ക് ലഭിക്കും. ഇത്തരം കേസുകളിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഇൻഷുറൻസ് കമ്പനിക്ക് വിട്ടുകൊടുക്കേണ്ടതായും വരും.

വാഹനത്തിനൊപ്പം ഉടമയ്ക്കോ ഡ്രൈവർക്കോ പരുക്കു പറ്റിയാൽ മോട്ടോർ പോളിസിയോടൊപ്പം തന്നെ വ്യക്തിഗത അപകട ഇൻഷുറൻസ് (പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ്) എടുത്തിട്ടുണ്ടെങ്കിൽ അപകട സമയത്ത് സംഭവിച്ച പരുക്കുകൾക്കുള്ള നഷ്ടപരിഹാരവും ഇൻഷുർ ചെയ്ത വ്യക്തിക്ക് ലഭിക്കുന്നതാണ്. കൂടാതെ നിങ്ങളുടെ ഡ്രൈവർക്ക് വർക്ക്മെൻസ്  കോംപെന്‍സെഷന്‍ ആനുകൂല്യവും ലഭിക്കും.

വെള്ളപ്പൊക്കം മൂലമുള്ള ഇൻഷുറൻസ് ക്ലെയിം അറിയാൻ താഴെ നൽകിയ നമ്പറുകളിൽ വിളിക്കാം:

വിവരങ്ങൾക്ക് കടപ്പാട്:
ടി.കെ.സദാശിവൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ