കൊച്ചി: പ്രളയവും പേമാരിയും തകർത്തെറിഞ്ഞ കേരളത്തിന്റെ നഷ്ടം തുടരുന്നു. അടിസ്ഥാന സൗകര്യങ്ങളുൾപ്പടെ പ്രളയത്തിൽ തകർന്നത് കേരളത്തിന്റെ ടൂറിസം മേഖലയെ അത് ശക്തമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ​കുത്തനെയുളള ഇടിവായിരിക്കും സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലുണ്ടാകുക. പ്രളയ ദുരന്തം ഏറ്റവും കൂടുതൽ​ ബാധിച്ചത് കേരളത്തിന്റെ രണ്ട് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ വയനാടിനെയും മൂന്നാറിനെയുമാണ്.

കഴിഞ്ഞ മൂന്ന് മാസത്തോളമായി നില നിന്നിരുന്ന കനത്ത മഴ കേരളത്തിൽ​ 370 പേരുടെ മരണത്തിനും എട്ട് ലക്ഷത്തോളം പേരെ കിടപ്പാടമില്ലാത്തവരാകുന്നതിലേയ്ക്കുമാണ് നയിച്ചത്. നിരവധി ഉരുൾപ്പൊട്ടലുകളും വെള്ളപ്പൊക്കവുമാണ് ഈ ദുരന്തങ്ങളുടെ ആക്കം കൂട്ടിയത്. ഐഎം ഡിയുടെ കണക്കുകൾ പ്രകാരം ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 27 വരെയുള്ള 88 ദിവസങ്ങളിൽ ഇടുക്കി ജില്ലയിൽ പ്രതീക്ഷിത മഴയേക്കാൾ 83.92​ ശതമാനം അധിക മഴയാണ് ലഭിച്ചത്. ഇത്രയധികം കനത്ത മഴകാരണം അടിസ്ഥാന സൗകര്യങ്ങളായ റോഡുകൾ, വരമ്പുകൾ, നീർച്ചാലുകൾ, പാലങ്ങൾ, ബസ് ഷെൽട്ടറുകൾ ബസ് സ്റ്റേഷനുകൾ എന്നിവയൊക്കെ തകർന്നു.

ടൂറിസുമായി ബന്ധപ്പെട്ട ഓണം സീസൺ​ പൂർണമായും പ്രളയത്തിൽ നഷ്ടമായതായി സി ജി എച്ച് എർത്ത് ഗ്രൂപ്പ് സി ഇ ഒ​യായ ജോസ് ഡൊമനിക് അഭിപ്രായപ്പെട്ടു. ടൂറിസമാണ് കേരളത്തിൽ ഏറ്റവും കനത്ത ആഘാതമേറ്റുവാങ്ങുന്ന ഒരു മേഖലയെന്ന് അദ്ദേഹം പറഞ്ഞു. കുമരകം, മൂന്നാർ, തേക്കടിയൊക്കെ എത്തിച്ചേരാൻ പോലും പറ്റാത്ത വിധമായിരിക്കുകയാണ്. കേരളം കണ്ട എറ്റവും വലിയ ദുരന്തമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സംസ്ഥാന ആഘോഷമായ ഓണം സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലാണ് വരുന്നത്. ഇത് വളരെയധികം ടൂറിസ്റ്റുകളെ കേരളത്തിലേയ്ക്ക് ആകർഷിക്കുന്ന സമയം കൂടെയാണ്. ഇതിന് പറമെ എം ഐ​ സി ഇ ടൂറിസത്തിന് (മീറ്റിങ്,ഇൻസെന്റീവ്സ്, കോൺഫറൻസ്, എക്സിബിഷൻസ് ടൂറിസം) കേന്ദ്രം കൂടെയായിരുന്നു കേരളം. എം ഐ​സി ഇ ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട് ഏപ്രിൽ – ജൂൺ കാലത്ത് കാലവാസ്ഥപരമായ അനുകൂല ഘടകം കേരളത്തെ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലും ഒക്ടോബർ മുതൽ മാർച്ച് വരെ വരുന്ന സാമ്പത്തിക വർഷത്തെ മൂന്നും നാലും പാദങ്ങളിലും ടൂറിസവും മറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാന കേന്ദ്രമായിരുന്നു.

ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം 2017 ലെ സാമ്പത്തിക വർഷത്തിൽ 1.09 മില്യൺ​വിദേശ ടൂറിസ്റ്റുകളും 14.67 മില്യൺ ആഭ്യന്തര ടൂറിസ്റ്റുകളും കേരളം സന്ദർശിച്ചു.

ടൂറിസം മേഖലയ്ക്ക് കുറഞ്ഞത് അഞ്ചൂറ് കോടിരൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിക്കാണുമെന്നാണ് പ്രാഥമിക കണക്കെന്ന് ടൂറിസം ഡയറക്ടർ പി. ബാലകിരൺ പറയുന്നു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതി ടൂറിസം മേഖലയ്ക്ക് നഷ്ടമായെന്നും അടിസ്ഥാന സൗകര്യങ്ങളൊക്കെ ശരിയാക്കിയെടുക്കാൻ ഒരുമാസമെങ്കിലും വേണ്ടി വരുമെന്ന് അദ്ദേഹം ഫിനാൻഷ്യൽ എക്സപ്രസ്സിനോട് പറഞ്ഞു.

പ്രളയം ഹൗസ് ബോട്ട് മേഖലയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചതെന്ന് റയിൻബോ ക്രൂയിസ് ഡയറക്ടറായ ജോജി മാത്യു അഭിപ്രായപ്പെട്ടു. എല്ലാ പ്രവർത്തനങ്ങളും നിർത്തി വെച്ചിരിക്കുകയാണ്. ഇനിയും ഇത് പുനരാരംഭിക്കാൻ പത്ത് ദിവസം കൂടെയെങ്കിലും വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റിലെ മുഴുവൻ വരുമാനവും നഷ്ടമായി. കുറച്ച് സമയം കൂടെയെടുക്കും ഇതിന്റെ പ്രവർത്തനങ്ങൾ സാധാരണഗതിയിലാകാൻ. റോഡുകളൊക്കെ തകർന്നതോടെ മൂന്നാർ- ആലപ്പുഴ- കോവളം സർക്യൂട്ട് ട്രാക്കിലായിട്ടില്ല. ആലപ്പുഴയിലെ എഴുന്നൂറോളം വരുന്ന ഹൗസ് ബോട്ടുകൾ പ്രതിദിനം അഞ്ച് കോടിയുടെ ബിസിനസ്സാണ് സാധാരണഗതിയിൽ ഓഗസ്റ്റിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മദ്യനിരോധന നടപടികളുടെ ഭാഗമായി സംസ്ഥാനം കഴിഞ്ഞ സാമ്പത്തികവർഷത്തിൽ എം ഐ സി ഇ​ ടൂറിസത്തിന്റെ കാര്യത്തിൽ ഇടിവ് നേരിട്ടിരുന്നു. ഇത് കാരണം കേരളത്തിൽ നിന്നുളള​ ടൂറിസ്റ്റ് ഒഴുക്ക് ശ്രീലങ്കയിലേയ്ക്കും തായ്‌ലൻഡിലേയ്ക്കും മാറിയെന്നാണ് റേറ്റിങ് ഏജൻസിയായ കെയറിന്റെ റിപ്പോർട്ട്. നിപ്പ വൈറസ് ബാധ കേരളത്തിന്റെ ടൂറിസം മേഖലയെ നിലവിൽ ബാധിച്ചു കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വെള്ളപ്പൊക്കം കൂടെ വരുന്നത്. ടൂറിസം രംഗത്ത് സംസ്ഥാനത്തിന് തിരിച്ചുവരവ് നടത്താൻ ആറേഴ് മാസമെങ്കിലും വേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിൽ കേരളം ഒരു മാസത്തിനുള്ളിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ജോസ് ഡൊമനിക്.
ഭൂരിപക്ഷം ടൂറിസ്റ്റ് കേന്ദ്രങ്ങളും ഒരു മാസത്തിനുളളിൽ ടൂറിസം ബിസിനസ്സിലേയ്ക്ക് സജീവമായി തിരിച്ചുവരും. അടിസ്ഥാന സൗകര്യങ്ങളിൽ നേരിട്ട പ്രശ്നങ്ങളെല്ലാം ഒരു മാസത്തിനുളളിൽ തകരാറുകൾ തീർത്ത് പുനർനിർമ്മക്കാൻ സാധിക്കും. ഈ​ അവസരമുപയോഗിച്ച് ഒരു പുതിയ കേരളത്തെ നിർമ്മിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശ ടൂറിസ്റ്റുകൾ യാത്ര സംബന്ധിച്ച് നൽകിയിട്ടുളള മുന്നറിയിപ്പുകൾ പിൻവലിച്ചാലുടൻ കേരളത്തിലേയ്ക്ക് വന്നു തുടങ്ങും. എന്നാൽ ആഭ്യന്തര ടൂറിസ്റ്റുകൾ കേരളത്തിലേയ്ക്ക് വരാൻ കുറച്ച് കൂടെ കൂടുതൽ സമയം എടുക്കുമെന്ന്  ജോജി മാത്യു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.