ന്യൂഡല്‍ഹി: പ്രളയത്തിൽ തകർന്ന കേരളത്തിന് വേണ്ടി ചരക്ക്-സേവന നികുതിക്കുമേൽ (ജിഎസ്ടി) ഒരു ശതമാനംവരെ അധിക  സെസ് ചുമത്താൻ കേരളത്തെ അനുവദിക്കാമെന്ന് ജിഎസ്ടി മന്ത്രിതല ഉപസമിതിയുടെ ശുപാർശ. സംസ്ഥാനാടിസ്ഥാനത്തിലാണ് സെസ് ചുമത്താൻ അനുമതി നൽകിയിരിക്കുന്നത്.

വിദേശത്ത് നിന്നും സംസ്ഥാനങ്ങൾക്ക് സ്വീകരിക്കാവുന്ന വായ്‌പ പരിധിയിൽ കേരളത്തിന് ഇളവ് നൽകാനും മന്ത്രിതല സമിതി തീരുമാനിച്ചു. ഈ രണ്ട് ശുപാർശകളും അടുത്ത് ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗം പരിഗണിക്കും. സെസ് നിരക്കും കാലയളവും ഏതൊക്കെ ഉത്പന്നങ്ങൾക്കുമേലാണ് ചുമത്തുന്നതെന്ന്‌ സംസ്ഥാനത്തിന്‌ തീരുമാനിക്കാനാവും. ശുപാർശകൾക്ക് ജിഎസ്ടി കൗൺസിലാണ് അന്തിമ അംഗീകാരം നൽകേണ്ടത്.

പ്രളയദുരന്തം നേരിടാൻ രാജ്യവ്യാപകമായി സെസ് ഏർപ്പെടുത്താമെന്ന നിർദേശത്തെ ചില സംസ്ഥാനങ്ങൾ എതിർത്തിരുന്നു. ഇതേ തുടർന്ന് അധിക സെസ് പിരിക്കുന്നത് പഠിക്കാൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാറിനെ ചുമതലപ്പെടുത്തി. പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ അതിന്റെ വ്യാപ്തി ജിഎസ്ടി കൗൺസിലിനെ ബോധ്യപ്പെടുത്തിയ ശേഷം ഇനി മുതൽ അധിക സെസ് ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന വ്യവസ്ഥയ്ക്ക് ഇതോടെ വഴി തെളിഞ്ഞു.  ഏത് ഉത്പന്നങ്ങൾക്ക് എത്ര ശതമാനമാണ് നികുതി ചുമത്തുകയെന്നത് ബജറ്റിൽ പ്രഖ്യാപിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.