തിരുവനന്തപുരം: പ്രളയക്കെടുതിയെ അതിജീവിക്കാൻ പോരാടുന്ന കേരള ജനതയ്ക്ക് സഹായ പ്രവാഹം. വിരലിലെണ്ണാവുന്ന ദിനങ്ങൾ കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ധനസഹായം ആയിരം കോടി രൂപ പിന്നിട്ടു.

ഇന്ന് രാവിലെ 1027.53 കോടി രൂപയില്‍ എത്തി.  ലോകത്തെമ്പാടുമുള്ളവര്‍ കേരളത്തിനോട് കാണിക്കുന്ന ഐക്യദാർഢ്യത്തില്‍ നിറഞ്ഞ സന്തോഷമുണ്ടെന്നും, നിലവില്‍ സഹായ വാഗ്‌ദാനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ 2000 കോടി കവിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത് എന്നും ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക് ട്വിറ്ററില്‍ പറഞ്ഞു. ഇത് ഇന്ത്യയിലെ തന്നെ സര്‍വ്വകാല റെക്കോര്‍ഡ്‌ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഇന്നലെ വൈകുന്നേരത്തോടെയാണ് ദുരിതാശ്വനിധിയിലെ സംഭാവന ആയിരം കോടി കടന്നത്. നിലവിൽ 1027.2 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിച്ചത്. ക്യാഷ്, ചെക്ക്, ആർടിജിഎസ് എന്നിവ വഴിയാണ് കൂടുതൽ തുക ലഭിച്ചത്. ഇതുവഴി 835.86 കോടി രൂപ ലഭിച്ചു. ഇലക്ട്രോണിക് പേയ്മെന്റ് വഴി 145.3 കോടി രൂപ ലഭിച്ചു. വിർച്വൽ പേയ്മെന്റ് അഡ്രസ് (വിപിഎ), യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് (യുപിഐ) എന്നിവ വഴി 46.4 കോടി രൂപയും ലഭിച്ചു.

മൂന്ന് ദിവസം മുമ്പത്തെ കണക്ക് പ്രകാരം എഴുന്നൂറ് കോടിയോളം രൂപയായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ​ എത്തിയിരുന്നത്. ഓഗസ്റ്റ് 20ന് 210 കോടിയായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിൽ എത്തിയിരുന്നത്. ഏഴ് ദിവസം പിന്നിട്ട് 27 ആയപ്പോൾ അത് എഴുന്നൂറ് കോടിയായി. അതിന് ശേഷം മൂന്ന് ദിവസം കൊണ്ട് മുന്നൂറ് കോടി രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേയ്ക്ക് വന്നു. ഓഗസ്റ്റ് 30​ആയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തുക ആയിരം കോടി കവിഞ്ഞു.

പേമാരിയെ തുടർന്ന് ഓഗസ്റ്റ് ഒമ്പതിന് ദുരിതാശ്വാസ നിധിയിലേയ്ക്ക് മുഖ്യമന്ത്രി സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ 15,16 തീയതികളിലെ പ്രളയം സൃഷ്ടിച്ച ദുരന്തം ലോകത്തിന് മുന്നിൽ വന്നപ്പോഴാണ് ധനപ്രവാഹം ആരംഭിച്ചത്. വിവിധ പ്രദേശങ്ങളിൽ നിന്നുളള മലയാളികളും അല്ലാത്തവരും ആയ നിരവധി പേരാണ് കേരളത്തിലെ പ്രളയത്തിൽ​ നിന്നുളള അതിജീവനത്തിന് കൈപിടിച്ച് ഒപ്പം നിൽക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ പിന്തുണയുമായി എത്തി. അതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിവരൊക്കെ ധനസഹായം ഉൾപ്പടെ വിവിധ തലത്തിൽ​ കേരളത്തെ പിന്തുണച്ച് രംഗത്ത് എത്തി.

ലോകത്തിന്റെ വിവിധ കോണുകളിലുളള മലയാളികൾ കേരളത്തെ സഹായിക്കുന്നതിന് മുന്നിട്ടിറങ്ങി. അത് വ്യക്തികളായും സംഘടനാപരമായും സ്ഥാപനപരമായും കേരളത്തിന് പിന്തുണയുമായി രംഗത്തെത്തി.

കേരളത്തെ സഹായിക്കാൻ യു​എ​ഇ, തായ്‌ലൻഡ്, മാലിദ്വീപ് എന്നിവ ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങൾ മുന്നോട്ട് വന്നുവെങ്കിലും കേന്ദ്ര സർക്കാർ ആ ധനസഹായം നിഷേധിച്ചു. അതേ തുടർന്ന് ഉയർന്ന വിവാദങ്ങൾ വീണ്ടും കേരളത്തിലെ പ്രളയ ദുരന്തത്തെ ലോക ശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നു. കേന്ദ്രം കേരളത്തിന് ആദ്യം നൂറ് കോടിയും പിന്നീട് അഞ്ഞൂറ് കോടിയുമാണ് ധനസഹായമായി നൽകിയത്.

മലയാളികൾക്കെതിരെ മലയാളികളെന്ന് പറയുന്നവർ തന്നെ വിദ്വേഷ പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ​ പ്രളയ ദുരന്തത്തിൽപ്പെട്ടവർ ധനാഢ്യരാണെന്ന നിലയിലും കേരളത്തെ സഹായിക്കരുത് എന്ന നിലയിലുമായിരുന്നു ഇവരുടെ ക്യാംപെയിൻ, മനുഷ്യജീവനുകൾ നഷ്ടമാവുകയും കിടപ്പാടം പോലും ഒഴുകി പോയ അഭയാർത്ഥികളായ മനുഷ്യരുടെ മുന്നിൽ നടത്തിയ വിദ്വേഷ രാഷ്ട്രീയക്കളി, മനുഷ്യസ്നേഹികളുടെ നിലപാടിന് മുന്നിൽ ഒലിച്ചുപോകുന്ന കാഴ്ചയാണ് ഈ ധനസഹായം ഒഴുകുമ്പോൾ വ്യക്തമാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.