തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാർ ജീവനക്കാർ ഒരു മാസത്തെ വേതനം നൽകണമെന്ന് മന്ത്രി തോമസ് ഐസക്. തയ്യാറല്ലാത്ത ജീവനക്കാർ അക്കാര്യം എഴുതി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഭരണപക്ഷത്തോട് അനുഭാവമുളള സംഘടനകൾ സർക്കാർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ പ്രതിപക്ഷ സംഘടനകൾ ഈ തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി. ജീവനക്കാരോട് സന്നദ്ധത ചോദിച്ച ശേഷമേ തുക ഈടാക്കാവൂ എന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്.

ജീവനക്കാരോടു സന്നദ്ധത ചോദിച്ചശേഷം അവർക്കിഷ്ടമുള്ള തുക ഈടാക്കണമെന്ന നിലപാടാണ് യുഡിഎഫ് സംഘടനകളുടേത്. ശമ്പളം നൽകാൻ തയ്യാറല്ലെങ്കിൽ അക്കാര്യം എഴുതി നൽകണമെന്ന സർക്കാർ നിലപാട് ശരിയല്ലെന്ന് ഫെറ്റോ പറഞ്ഞു. ഒറ്റയ്ക്ക് തീരുമാനിക്കാൻ സാധിക്കില്ലെന്നായിരുന്നു മന്ത്രി തോമസ് ഐസകിന്റെ മറുപടി.

പ്രളയ ദുരിതത്തിൽ അകപ്പെട്ട ജീവനക്കാരിൽ നിന്ന് പണം ഈടാക്കരുതെന്നും വാദമുയർന്നു. ആർക്കെങ്കിലും വേതനത്തെക്കാൾ ഉയർന്ന തുക നൽകാൻ താത്പര്യം ഉണ്ടെങ്കിൽ അതും ഈടാക്കണം എന്ന് വാദമുയർന്നു.  എന്നാൽ പ്രതിപക്ഷ സംഘടനകളെ ഒന്നടങ്കം പ്രതിരോധത്തിലാക്കി സർക്കാർ അനുകൂല സംഘടനകൾ സർക്കാർ തീരുമാനം പൊതുവിൽ അംഗീകരിച്ചു.

ഒരു തവണയായോ 10 മാസമായോ ശമ്പളം നൽകാൻ സൗകര്യമുണ്ട്. ഇങ്ങനെ നൽകുന്ന പണത്തിന് ആദായനികുതി ഇളവുണ്ടാകും.  ലീവ് സറണ്ടർ തുകയായി നൽകാൻ താൽപര്യമുള്ളവർക്ക് അതും ചെയ്യാം.  പിഎഫ് വായ്പയെടുത്തും ദുരിതാശ്വാസത്തിനു നൽകാൻ താൽപര്യമുള്ളവർക്ക് അങ്ങനെയും നൽകാം. വിവിധ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് രണ്ടുമൂന്നു ദിവസത്തിനകം ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവിറങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.