കോഴിക്കോട്: ജീവിതത്തില്‍ ഇന്നോളം സമ്പാദിച്ചു വച്ചതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടമായവര്‍, നാളെ എന്ത് ചെയ്യുമെന്ന് അറിയാത്തവര്‍, ഇങ്ങനെയെക്കെ ആണെങ്കിലും പ്രളയത്തിന് തോല്‍പ്പിക്കാനാവില്ല മലയാളിയുടെ മനസാന്നിധ്യത്തെ. പ്രളയത്തെ ആത്മബലം കൊണ്ട് മറി കടക്കുകയാണ് കേരള ജനത.

കഴിഞ്ഞ ഒരാഴ്ചയായി കേരളം നേരിടുന്ന പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ വലിയ പെരുന്നാള്‍ എന്നത് ആഘോഷത്തേക്കാള്‍ ഉപരി ഒത്തൊരുമയുടെയും, ഒന്നിച്ചു നില്‍ക്കലിന്റെയും സമയം കൂടിയാവുകയാണ്. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപെട്ടവരെ ഓര്‍ത്തു കൊണ്ടും, അവരെ പ്രാർഥനകളില്‍ ചേര്‍ത്ത് കൊണ്ടുമാവും ഓരോ വിശ്വാസിയും ഇന്ന് ഈദുല്‍-അദ്ഹ നമസ്‌കാരം നടത്തുക.

Read More: ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷം: മുഖ്യമന്ത്രി

പ്രളയക്കെടുതിയിലും ദുരിത്യാശ്വാസ ക്യാംപുകളില്‍ പെരുന്നാള്‍ ആഘോഷത്തിന് കുറവില്ല. എല്ലാം മറന്ന് അവര്‍ ചിരിക്കുകയും പാട്ടുപാടുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു. കേരളത്തിലെ എല്ലാ ദുരിതാശ്വാസ ക്യാംപുകളിലും പെരുന്നാള്‍ ആഘോഷിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ത്യാഗസ്മരണകളുണര്‍ത്തുന്ന പെരുന്നാള്‍ ദിനത്തില്‍ പരസ്പരം ചേര്‍ത്തു പിടിച്ച് കൂടുതല്‍ നല്ല മനുഷ്യരായി പ്രളയത്തെ അതിജീവിക്കുകയാണ് കേരളം.

ഈ ബക്രീദ് പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചു കൊണ്ടാകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ബക്രീദ് ആശംസ നേര്‍ന്നു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് ‘ഈദുല്‍ അസ്ഹ’ നല്‍കുന്നത്. ഈ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ബക്രീദ് ആഘോഷം എല്ലാവര്‍ക്കും പ്രചോദനമാകട്ടെ. പേമാരി സൃഷ്ടിച്ച കെടുതികള്‍ക്കിടയിലാണ് ഇത്തവണ നാം ബക്രീദ് ആഘോഷിക്കുന്നത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: അതിജീവനത്തിന്റെ വഴികളിൽ വിശ്വാസക്കൈ നീട്ടി വലിയ പെരുന്നാൾ: കേരളത്തിൽ ഇന്ന് ബക്രീദ്

ഞായര്‍ വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് 72 പേരാണു സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,639 ക്യാംപുകളിലായി 2,51,831 പേര്‍ കഴിയുന്നു. 73,076 കുടുംബങ്ങള്‍. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ ക്യാംപ്, 313. തൃശൂര്‍ (251), മലപ്പുറം (235), വയനാട് (210) ജില്ലകളാണു തൊട്ടുപിന്നില്‍. മലപ്പുറത്ത് 56,203, കോഴിക്കോട് 53,642, തൃശൂരില്‍ 42,176, വയനാട്ടില്‍ 37,059 പേര്‍ ക്യാംപുകളില്‍ കഴിയുന്നു. കേരളത്തിലാകെ 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.