scorecardresearch

Kerala Floods: ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആ പൈസ വേണ്ട, കൂടപ്പിറപ്പുകളെയാണ് രക്ഷിച്ചത്: ഹീറോയായി മത്സ്യത്തൊഴിലാളി

സൗഹൃദങ്ങളെ രക്ഷിച്ചതിന് കാശ് വേണ്ട സാർ, കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് വേണ്ട സാർ ഒരുപാട് നന്ദി സാർ ഒരുപാട് ആദരവോട് കൂടി

Kerala Floods: ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആ പൈസ വേണ്ട, കൂടപ്പിറപ്പുകളെയാണ് രക്ഷിച്ചത്: ഹീറോയായി മത്സ്യത്തൊഴിലാളി
Kerala Floods Fishermen Rescue

Kerala Floods: ഫോർട്ട് കൊച്ചി സ്വദേശിയായ ഖയാസ് മുഹമ്മദാണ് ഇപ്പോൾ കേരളത്തിലെ താരം. പ്രളയം വിഴുങ്ങിയ കേരളത്തെ വീണ്ടും കൈപിടിച്ച് ജീവിതത്തിന്റെ കരയ്ക്കെത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് കേരളത്തിന്റെ പലദേശങ്ങളിലുളള​ മത്സ്യത്തൊഴിലാളികളുടെ ജീവൻ പണയം വച്ചുളള രക്ഷാപ്രവർത്തനമായിരുന്നു. ആ സംഘത്തിലുണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളി ഫെയ്സ്ബുക്ക് വീഡിയോയിലൂടെ മുഖ്യമന്ത്രിയോട് നടത്തുന്ന അഭ്യർത്ഥനയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

സ്വന്തം ജീവൻ പോലും പരിഗണിക്കാതെ സ്വയം ഇറങ്ങിത്തിരിച്ച മത്സ്യത്തൊഴിലാളികൾ കേരളത്തിന് മാത്രമല്ല, ലോകത്തിന് തന്നെ പുതിയൊരു പാഠപുസ്തകമാവുകയായിരുന്നു. വിറങ്ങലിച്ചുപോയ കേരളത്തിന് ജീവശ്വാസം നൽകിയത് മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനമായിരുന്നു.

വളളത്തിൽ​ കയറാൻ സ്വന്തം മുതുക് കാണിച്ച് വെളളത്തിൽ കിടന്ന ജയ്‌സെൽ ​കെ.പിയെ  പോലെ മത്സ്യത്തൊഴിലാളികൾ തൊഴിലിന്റെ മഹത്വവും മനുഷ്യജീവന്റെ മഹത്വവും ലോകത്തിന് പഠിപ്പിക്കുകയായിരുന്നു ഈ​ ദിവസങ്ങളിൽ. ആർക്കും വിലയിടാനാകാത്ത ആ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്ന് ജീവനോടെയുളള​ കേരളം എന്ന് ആരും സമ്മതിക്കും.

Read More: ജയ്സെല്ലിനെ കുറിച്ച് ഇവിടെ വായിക്കാം, വീഡിയോ കാണാം

അവരുടെ പ്രവർത്തനം അംഗീകരിച്ച കേരള സർക്കാർ, കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മൂവായിരം രൂപാ വീതം നൽകുമെന്നും കേടായ ബോട്ടുകൾ നന്നാക്കി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തോടുളള മത്സ്യത്തൊഴിലാളിയും നടനും തിരക്കഥാകൃത്തുമായ ഖയാസിന്റെ പ്രതികരണമാണ് ഇപ്പോൾ​ വൈറലായിരിക്കുന്നത്. ഫെയ്സ്ബുക്ക് വീഡിയോയിലാണ് ഖയാസ് തന്റെ നിലപാട് വ്യക്തമാക്കുന്നത്.

Kerala Floods: ഖയാസ് മുഹമ്മദ് പറയുന്നു:

എന്റെ പേര് ഖയാസ്, വീട് ഫോർട്ട് കൊച്ചിയാണ്

മത്സ്യത്തൊഴിലാളിയുടെ മകനാണ്. ഉപ്പ പണിയെടുത്തത് ഹാർബറിലാണ്. ആ പൈസ കൊണ്ടാണ് എന്റെ കുടുംബവും ഞാനും എന്റെ അനിയുമൊക്കെ ജീവിച്ചത്. വാപ്പ പണിയെടുത്ത ഹാർബറിലാണ് ആ പണി കൊണ്ട് ഞങ്ങൾ ജീവിച്ചത്.

ഇന്നലെ, എന്റെ കൂട്ടുകാരന്മാർക്കൊപ്പം എന്റെ കൂടപ്പിറപ്പുകൾക്കൊപ്പം ബോട്ടെടുത്ത് ഒരുപാട് പേരെ രക്ഷിക്കാൻ പോയി. അതിൽ പങ്കെടുത്തതിൽ ഞാൻ അഭിമാനം കൊളളുന്നു. ഇന്ന് രാവിലെ ഉറക്കമെഴുന്നേറ്റപ്പോൾ ഞാൻ കേട്ടിരുന്നു ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്, മത്സ്യത്തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന്, ഞാൻ ഒരുപാട് അഭിമാനിച്ചു സാർ.

പക്ഷേ, ഇന്ന് വൈകിട്ട് ഞാൻ​ അറിഞ്ഞു സാറെ മൂവായിരം രൂപവച്ച് ഒരു മത്സ്യത്തൊഴിലാളിക്ക് കൊടുക്കുന്നു എന്ന്. വളരെ സങ്കടത്തോടെ പറയുന്നു സാർ ഞങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് ഞങ്ങൾക്ക് പൈസ വേണ്ട സാർ. ബോട്ട് നന്നാക്കി തരുമെന്ന് സാർ പറഞ്ഞു അത് നല്ല കാര്യം. ജീവിക്കാൻ വേറെ ഉപജീവന മാർഗമില്ല. സൗഹൃദങ്ങളെ രക്ഷിച്ചതിന് കാശ് വേണ്ട സാർ, കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് വേണ്ട സാർ ഒരുപാട് നന്ദി സാർ ഒരുപാട് ആദരവോട് കൂടി.

Read More: Kerala Floods: മലയോരത്തിന് കൈത്താങ്ങായി കടലോരം, പത്തനംതിട്ടയ്ക്ക് ജീവനേകിയത് മത്സ്യത്തൊഴിലാളി സമൂഹം

ഇത്രയും പറഞ്ഞ് ഖയാസ് അവസാനിപ്പിക്കുന്ന ലഘു വീഡിയോ നിരവധിപേർ കണ്ട് കഴിഞ്ഞു. ആ ആർജ്ജവത്തെയും സത്യസന്ധതയെയും അഭിനന്ദിച്ചും പുകഴ്ത്തിയും മത്സ്യത്തൊഴിലാളികളുടെ സേവനത്തെ ശ്ലാഘിച്ചും നിരവധിപേർ ഇതിന് കമന്റ് ചെയ്തു കഴിഞ്ഞു.

Read More: Kerala Floods: കേരളത്തെ ജീവിതത്തിന്റെ കരയ്ക്കടുപ്പിച്ച് മത്സ്യത്തൊഴിലാളികൾ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala floods fishermen turn heroes during states crisis hour refuse compensation offered by cm

Best of Express