കൊച്ചി: സംസ്ഥാനം ശക്തമായ മഴയിൽ പ്രളയ-വെളളപ്പൊക്ക ഭീതി നേരിടുന്നതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയെന്ന് വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചയാൾ പിടിയിലായി. നെന്മാറ നെല്ലിക്കാട്ടുപറമ്പിൽ അശ്വിൻ ബാബുവാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാളെ നെന്മാറ പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

പ്രളയത്തിനിടെ സംസ്ഥാനത്താകമാനം പരന്ന ശബ്ദസന്ദേശം നാടിനെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഭാഗം പൊട്ടിയിട്ടുണ്ടെന്നും സർക്കാർ ഇക്കാര്യം സുരക്ഷാ പ്രശ്നം ഉളളതിനാൽ പുറത്തുവിടാത്തതാണെന്നുമാണ് സന്ദേശം. താൻ ഇവിടെ നിന്നും രക്ഷപ്പെടുകയാണെന്നും ഈ സന്ദേശം എല്ലാവരെയും അറിയിച്ച് വേഗം ഇവിടെ നിന്ന് പുറത്തുകടക്കണമെന്നുമാണ് ജീവൻ ബാബു ശബ്ദസന്ദേശത്തിൽ പറഞ്ഞത്.

യാതൊരു വസ്തുതയുമില്ലാത്ത ഇത്തരം പ്രചാരണങ്ങൾ ജനങ്ങൾ തളളിക്കളയണമെന്ന് സർക്കാർ ശബ്ദസന്ദേശം പ്രചരിച്ചതിന് പിന്നാലെ വിശദീകരിച്ചിരുന്നു. പ്രളയത്തിൽ അകപ്പെട്ട ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കുട്ടനാടിൽ ജലനിരപ്പ് താഴാൻ ഇനിയും സമയമെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ശബ്ദം തന്റേതല്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ ശബ്ദം ഇയാളുടേത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ