കൊച്ചി: ഇടമലയാർ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ വെളളം ഒഴുക്കിവിടാൻ തീരുമാനിച്ചു. നിലവിൽ സെക്കന്റിൽ 200 ഘനമീറ്റർ വെളളം ഒഴുക്കിവിടുന്നത് ഇനി 300 ഘനമീറ്ററാക്കാനാണ് തീരുമാനം.

രാവിലെ 11 മണിക്ക് ഇടമലയാർ അണക്കെട്ടിൽ 168.90 മീറ്ററായിരുന്നു ജലനിരപ്പ്. ഇവിടുത്തെ പരമാവധി ശേഷി 169 മീറ്ററാണ്. ഇതിനെത്തുടർന്നാണ് ഇടമലയാർ അണക്കെട്ടിൽ നിന്നും ഇപ്പോൾ ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അതിനിടെ കേരളത്തിലെത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 12.50 നാണ് അദ്ദേഹം വിമാനമിറങ്ങിയത്. അദ്ദേഹം അൽപസമയത്തിനുളളിൽ ഹെലികോപ്റ്ററിൽ അദ്ദേഹം ദുരിതബാധിത മേഖലകൾ സന്ദർശിക്കും. ഇതിന് ശേഷം വൈകിട്ട് നാല് മണിയോടെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റ് ജനപ്രതിനിധികളുമായും സ്ഥിതിഗതികൾ ചോദിച്ച് മനസിലാക്കും.

വെളളം ഒഴുക്കിവിടുന്നത് വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ദുരിതത്തിലാകാതിരിക്കാൻ ചെറുതോണി അണക്കെട്ടിൽ നിന്നുളള വെളളത്തിന്റെ അളവ് കുറയ്ക്കും. ഇതോടെ പുഴകളിലെ വെളളം നിയന്ത്രിച്ച് നിർത്താനാകുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.

അതേസമയം ഇടുക്കിയിലും വയനാട്ടിലും മലബാറിലെ മറ്റ് ജില്ലകളിലും ശക്തമായ മഴ തുടരുന്നുണ്ട്. ഇടുക്കിയിൽ ഇടവിട്ടാണ് മഴ പെയ്യുന്നത്. ഇതും ആശങ്കയ്ക്ക് വഴിവച്ചു. ഇടുക്കിയിൽ നിന്നുളള വെളളത്തിന്റെ അളവ് കുറച്ചതോടെ ഇന്ന് രാവിലെ ആലുവ ശിവരാത്രി മണപ്പുറത്ത് നിന്ന് വെളളം താഴേക്ക് ഇറങ്ങിത്തുടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.