കേരളത്തിനെ തകർത്തെറിഞ്ഞെ പ്രളയം ഇന്നുവരെ കണ്ടിട്ടില്ലാത്ത ദുരന്തമുഖത്താണ് കേരളത്തെ കൊണ്ട് നിർത്തിയിരിക്കുന്നത്. ഇത് കേരളത്തെ മാത്രം ബാധിക്കുന്ന ഒരു പ്രതിസന്ധിയല്ല എന്നതാണ് വാസ്തവം. കേരളത്തിലെ തൊഴിലിനെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും കൂടെ ബാധിക്കുന്നുണ്ട് എന്നതാണ് വസ്തുത. തൽക്കാലത്തേയ്ക്കാണെങ്കിൽ പോലും മലയാളിയുടെ കുടുംബ ബജറ്റിനൊപ്പം അസം, ഒഡിഷ, ബംഗാൾ, ബീഹാർ, തമിഴ് നാട്, ഉത്തർപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 30 ലക്ഷത്തോളം കുടുംബങ്ങളുടെ ബജറ്റും തകർത്താണ് കേരളത്തിലെ പ്രളയം ഒഴുകിയത്.  ഇതിൽ പെരുമ്പാവൂരിൽ മാത്രം ഒരു ലക്ഷത്തിലേറെ തൊഴിലാളികൾ  വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇതുകൊണ്ട് തന്നെ  കൺമുന്നിൽ കാണുന്നതിനേക്കാളേറെ നാശനഷ്ടങ്ങളാണ് പ്രളയസൃഷ്ടിച്ച ദുരന്തമെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പിക്കുന്ന കാഴ്ചകളാണ് എവിടെയും കാത്തിരിക്കുന്നത്.

കേരളത്തിലേയ്ക്ക് തൊഴിൽ തേടിയെത്തിയവരുടെ ഹബ്ബാണ് പെരുമ്പാവൂർ. അയൽ സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ ഹബ്ബ് മാത്രമല്ല, കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് വ്യവസായങ്ങളുടെ കൂടെ കേന്ദ്രമാണ്. വേണമെങ്കിൽ കേരളത്തിലെ അരി, പ്ലൈവുഡ് വ്യവസായങ്ങളുടെ തലസ്ഥാനം എന്ന് തന്നെ പറയാം. 90 കൾ മുതൽ ഏകദേശം മൂന്ന് ദശകത്തോളമായി കേരളത്തിനകത്തും പുറത്തും പെരുമ്പാവൂരിന്റെ പെരുമ അറിയപ്പെടുന്നതും ഇവയുടെ പേരിലാണ്. കേരളത്തിലേയ്ക്ക് തൊഴിൽ തേടിയെത്തിയ വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ ആദ്യ ആശ്രയ കേന്ദ്രങ്ങളിലൊന്നായിരുന്നു പെരുമ്പാവൂർ.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ എന്ന പോലെ തന്നെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പെരുമ്പാവൂർ എന്ന പ്രദേശം നൽകിയ സംഭാവനകൾ ചെറുതല്ല. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടത്തിയ പഠനത്തിൽ 25 ലക്ഷം തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തൊഴിലാളികളായി കേരളത്തിലെത്തിയിരുന്നത് എന്ന് കണ്ടെത്തിയിരുന്നു. അതായത് കേരളത്തിൽ നിന്നും ഗൾഫിലേയ്ക്കുളള കുടിയേറ്റത്തിന് തുല്യമോ അതിൽ കൂടുതലോ ആണിത്. അതിന് ശേഷം ഇങ്ങനെ വരുന്ന തൊഴിലാളികളുടെ എണ്ണം വീണ്ടും വർധിച്ചതായാണ് ഊഹക്കണക്കുകൾ. ഇതിൽ ഭൂരിപക്ഷം തൊഴിലാളികളും ഒന്നിച്ചുളള സ്ഥലങ്ങളിലൊന്നാണ് പെരുമ്പാവൂർ. പെരുമ്പാവൂരിൽ മാത്രം ഒരു ലക്ഷത്തിലേറെ തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുണ്ടാകുമെന്നാണ് അവിടെയുളളവരുടെ അനൗദ്യോഗിക കണക്കുകൾ. perumbavoor,kerala flood,vishnu varma

മലയാളികൾ ജീവിതം കരുപ്പിടിപ്പിക്കാൻ എഴുപതുകളിൽ ഗൾഫിലേയ്ക്ക് പോയതുപോലെ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലുളളവർ കേരളത്തിലേയ്ക്ക് എത്തിത്തുടങ്ങിയിട്ട് മൂന്ന് ദശകത്തോളമായി. തമിഴ് നാട്ടിൽ നിന്നുളള തൊഴിലാളികളിൽ നിന്നും മാറി അത് ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുളളവരുടെ അഭയസ്ഥാനമായി കേരളം മാറി. ഒരിക്കൽ ഡൽഹിയും ബോംബെയും കൽക്കട്ടയും മദ്രാസും മലയാളിക്ക് എന്തായിരുന്നോ അതാണ് ഇന്ന് മറ്റ് സംസ്ഥാനക്കാർക്ക് കേരളം. പ്രത്യേകിച്ച് പെരുമ്പാവൂർ.

Read: പ്രളയം നിലംപരിശാക്കിയ പ്ലൈവുഡ് വ്യവസായം

അപ്രതീക്ഷിതമായ പേമാരിയും പ്രളയവും കൊണ്ട് പെരിയാർ കരകവിഞ്ഞൊഴുകിയപ്പോൾ കേരളത്തിന്റെ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലെ നിരവധി കുടുംബങ്ങളുടെ ജീവിതം കൂടെയാണ് ആടിയുലഞ്ഞത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഇടങ്ങളിലൊന്നാണ് പെരുമ്പാവൂർ, കഴിഞ്ഞ കുറച്ച് കാലമായി പ്രതിസന്ധി നേരിടുകയാണെങ്കിലും പിടിച്ചു നിൽക്കുന്ന വ്യവസായങ്ങളായിരുന്നു പ്ലൈവുഡും അരിയും. നോട്ട് നിരോധനവും ജി എസ്ടിയും തകർത്ത വ്യവസായങ്ങളിൽ നിന്നും ഇത് രണ്ടും മുക്തമല്ല എന്നത് ശരിതന്നെ. പക്ഷേ, അതിൽ നിന്നും ഒരു പരിധിവരെ കരകയറുന്നതിനിടയിലാണ് പ്രളയം വീണ്ടും ഇവയെ മുക്കികളഞ്ഞത്.

നിരവധി തൊഴിലാളികൾ ഈ പ്രദേശത്തെ ഈ രണ്ട് വ്യവസായങ്ങളുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ചെയ്യുന്നുണ്ട്. ഇത് മുഴുവൻ തകർത്തെറിഞ്ഞതാണ് ഇപ്പോഴത്തെ പ്രളയം. കൂനിൻമേൽ കുരു എന്ന ചൊല്ലിനേക്കാൾ വലിയ ദുരന്തമാണ് തങ്ങളുടേതെന്ന പെരുമ്പാവൂരുകാർ പറയുന്നു. നോട്ട് നിരോധനം തകർത്ത വ്യവസായ മേഖല ഒന്ന് പിച്ചവച്ചു തുടങ്ങിയപ്പോഴാണ് വീണ്ടും നട്ടെല്ലൊടിച്ച് ജി എസ് ടി നടപ്പാക്കിയത്. അതിന്റെ ആഘാതത്തിനിടയിൽ ഒന്ന് ഇഴഞ്ഞു നീങ്ങുമ്പോഴാണ് പ്രളയം മൊത്തം തകർത്ത് വാരിയത്. ഇനിയെന്തെന്ന ചോദ്യം പെരുമ്പാവൂരുകാർ മാത്രമല്ല ചോദിക്കുന്നത്. ആ ചോദ്യം ഉയർത്തുന്നതിൽ തൊഴിൽ തേടി ഇവിടെയെത്തി ജീവിതം കരുപ്പിടിപ്പിച്ച വിവിധ സംസ്ഥാനങ്ങളിലെ നിരവധി മനുഷ്യരുണ്ട്. പ്രളയത്തിന് മുന്നിൽപകച്ചു നിൽക്കുന്ന ഒരു ചെറിയ ഇന്ത്യയുടെ പതിപ്പാണ് പെരുമ്പാവൂരിൽ കാണാൻ കഴിയുക.

പ്രളയം മുക്കിയ ജീവിത അവസ്ഥയെ കുറിച്ച് പെരുമ്പാവൂരിൽ നിന്നും ഇന്ത്യൻ എക്സപ്രസ്സിന്റെ ലേഖകൻ വിഷ്ണുവർമ്മ എഴുതുന്ന രണ്ട് ഭാഗങ്ങളുളള പരമ്പര: പ്രളയത്തിൽ പകച്ച് പെരുമ്പാവൂർ

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ