തിരുവനന്തപുരം: പ്രളയക്കെടുതിയിൽ പെട്ട് വോട്ടർ ഐഡി നഷ്ടമായവർക്ക് സൗജന്യമായി തിരച്ചറിയൽ കാർഡ് നൽകുമെന്ന് കേരളാ ചീഫ് ഇലക്ടറൽ ഓഫീസർ (സി ഇ ഒ) ടീക്കാറാം മീണ അറിയിച്ചു.

പ്രളയക്കെടുതിയിൽപ്പെട്ട കുടുംബങ്ങളുടെ വീടുകളോ ദുരിതാശ്വാസ ക്യാമ്പുകളോ സന്ദർശിച്ച് ബ്ലോക്ക് തല ഉദ്യോഗസ്ഥർ (ബി എൽ ഒ) പുതിയ തിരഞ്ഞെടുപ്പ് കാർഡുകൾ നൽകാനുളള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും സി ഇ ഒ​  പറഞ്ഞു.

2019 ലെ പൊതുതിരഞ്ഞെടുപ്പിനായുളള കേരളത്തിലെ  സമ്പൂർണ വോട്ടർ പട്ടികയുടെ കരട് ഒക്ടോബർ ഒന്നിന് മാത്രമേ പ്രസദ്ധീകരിക്കുകയുള്ളൂയെന്ന്  ടീക്കാറാം മീണ അറിയിച്ചു. സെപ്തംബർ ഒന്നിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

വ്യക്തികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കരട് വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ അവകാശവാദങ്ങളും തടസ്സവാദങ്ങളും ഉന്നയിക്കാം. അതാത് തഹസീൽദാർമാർക്ക് മുന്നിൽ ഒക്ടോബർ ഒന്നിനും നവംബർ 15നും ഇടയിൽ പരാതി നൽകാം.

പേര്, പ്രായം, വിലാസം എന്നിവയിൽ തിരുത്ത് ആവശ്യമുണ്ടെങ്കിൽ സി ഇ ഒയുടെ വെബ് സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് തിരുത്ത് വരുത്താം. താലൂക്ക് ഓഫീസുകളിലും ഇതിനായുളള​ അപേക്ഷാ ഫോം ലഭിക്കും.

ഡിസംബർ പത്ത് വരെ പരാതികൾ പരിഹരിക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും സമയമുണ്ടാകും. ഡിസംബർ പത്ത് വരെ രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ പരാതിയുണ്ടെങ്കിൽ നേരിട്ട് സി ഇ ഒയ്ക്ക് നൽകാം. 2019 ജനുവരി നാലിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ടീക്കാറാം മീണ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.