തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ പൂർണമായും തകർന്ന വീടുകളുടെ പുനർ നിർമാണം ഏപ്രിലിൽ പൂർത്തിയാക്കുമെന്ന‌് മുഖ്യമന്ത്രി. ഭാഗികമായി തകർന്ന മുഴുവൻ വീടുകൾക്കുമുള്ള ധനസഹായ വിതരണം ഫെബ്രുവരി 15നുളളിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിൽ കൃഷി നശിച്ച കർഷകരുടെ കടം എഴുതിതള്ളുന്ന കാര്യം സർക്കാർ പരിശോധിക്കുകയാണ്. ദുരിത ബാധിതരെ സഹായിക്കാൻ സൂക്ഷ്മ പദ്ധതികൾ തുടങ്ങും. നിയമസഭയിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 13,362 വീടുകളാണ‌് പ്രളയത്തിൽ പൂർണമായും തകർന്നത‌്. 2000 വീടുകൾ സഹകരണ സ്ഥാപനങ്ങൾ കെയർഹോം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ‌് നിർമ്മിക്കുന്നത്. ഭാഗികമായി തകർന്ന വീടുകളുടെ പുനർനിർമാണത്തിന‌് വിവിധ ഗഡുക്കളായാണ‌് പണം നൽകുന്നത്. ഇത് ഫെബ്രുവരി 15 നുള്ളിൽ നൽകും.
രക്ഷാപ്രവർത്തനം നടത്തിയ മത്സ്യതൊഴിലാളികളുടെ ബോട്ടുകളുടെയും മറ്റ് ഉപകരണങ്ങളുടെയും അറ്റകുറ്റ പണികൾക്ക് ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. അവരുടെ ഇന്ധനചിലവും നൽകികഴിഞ്ഞെന്നും പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ഇതുവരെ ലഭിച്ചത് 3242.69 കോടിരൂപയാണ‌് ലഭിച്ചത‌്. വീടുനിർമാണത്തിന‌് മാത്രം 1357.78 കോടിരൂപ ചെലവഴിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ ബാധ്യതകൾ തീർക്കാനാവുന്നില്ല. ഓഖിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 108.34 കോടി രൂപയാണ് ലഭിച്ചത്. അഞ്ചു ഘട്ടങ്ങളിലായി 110.84 കോടി ധനസഹായമായി വിതരണം ചെയ്തു. ഓഖിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നുണ പ്രചരിപ്പിക്കുന്നതായും മുഖ്യമന്ത്രി വിമർശിച്ചു.