തിരുവനന്തപുരം: ബാർ തുറക്കുന്ന ലാഘവത്തോടെ ഡാം തുറക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ. 40 കോടി രൂപ ലാഭിക്കാനായി 50,000 കോടി രൂപ കളഞ്ഞു കുളിച്ച വകുപ്പാണ് കെഎസ്ഇബിയെന്നും മുനീർ ആരോപിച്ചു.

‘ബാറുകള്‍ തുറക്കുന്ന ലാഘവത്തോടെ ഡാമുകള്‍ തുറക്കരുത്. ഡാമുകള്‍ തുറന്നതിനെപ്പറ്റി പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാല്‍ അത് മാത്രം പോരാ. മുഖ്യമന്ത്രി സ്വന്തം നിലയില്‍ വിദഗ്‌ധരെ വച്ച് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എന്തു സഹായം നല്‍കാനും പ്രതിപക്ഷം തയ്യാറാണ്. എന്നാല്‍ മുന്നോട്ടുള്ള പോക്കില്‍ ചില കാര്യങ്ങളില്‍ തിരുത്തല്‍ വേണം’, മുനീര്‍ ആവശ്യപ്പെട്ടു.

‘ജലസേചന, വൈദ്യുത വകുപ്പുകളുടെ വീഴ്ചകളെ കുറിച്ച് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം. വിമാനത്താവളത്തിൽ വിദേശത്ത് നിന്നു വന്ന സാധനങ്ങൾ കെട്ടിക്കിടക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് സന്നദ്ധ സംഘടനകള അകറ്റി നിർത്തുന്നത് ശരിയല്ലെന്നും മുനീർ പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് അർഹമായത് വാങ്ങിയെടുക്കണമെന്നും ഇതിന് പ്രതിപക്ഷം സർക്കാരിനൊപ്പമുണ്ടെന്നും എം.കെ.മുനീർ നിയമസഭയിൽ പറഞ്ഞു.

‘ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള പന്പ, കക്കി, ആനത്തോട് ഡാമുകള്‍ തുറന്നതോടെയാണ് പത്തനംതിട്ട ജില്ല വെള്ളത്തിലായത്. സെക്കന്റിൽ 47,000 ലിറ്റര്‍ വെള്ളമാണ് പമ്പയിലൂടെ ആദ്യം വന്നതെങ്കിൽ പമ്പ, കക്കി, ആനത്തോട് ഡാമുകൾ തുറന്നതോടെ പിറ്റേന്ന് രാവിലെ ആറ് മണിക്ക് സെക്കന്റില്‍ 9.39 ലക്ഷം ലിറ്റര്‍ വെള്ളമാണ് പമ്പയുടെ തീരങ്ങളിലേക്ക് ഒഴുകിയെത്തിയത്. പമ്പയിലുണ്ടായ പ്രളയത്തിൽ മൂന്ന് മണ്ഡലങ്ങളിൽ സർവനാശമാണുണ്ടായത്. റാന്നി, ആറന്മുള, ചെങ്ങന്നൂര്‍ എന്നീ മണ്ഡലങ്ങള്‍ വെള്ളത്തിൽ മുങ്ങി. ശേഷം ഈ വെള്ളമെല്ലാം കുട്ടനാട്ടിലേക്ക് എത്തി. അടിയന്തര സാഹചര്യത്തില്‍ ഡാമുകള്‍ തുറക്കുന്പോള്‍ അത് സ്ഥലം എംഎല്‍എമാരെ എങ്കിലും അറിയിക്കേണ്ടതാണ്, എന്നാൽ ഒരൊറ്റ എംഎൽഎയ്ക്ക് പോലും ഇതുസംബന്ധിച്ച വിവരം കിട്ടിയില്ല’, മുനീര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.