കോട്ടയം: മഴക്കെടുതിയിൽ കേരളം വലയുന്നതിനിടെ ജർമനിക്കു പോയ മന്ത്രി കെ.രാജുവിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മഴക്കെടുതിയിൽ കേരളം വലഞ്ഞപ്പോൾ രാജുവിന്‍റെ വിദേശയാത്ര തെറ്റായിപ്പോയി. അതുകൊണ്ടാണ് പാർട്ടി ഉടൻതന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചതെന്നും കാനം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വിഷയം സെപ്റ്റംബർ നാലിന് ചേരുന്ന പാർട്ടി എക്സിക്യൂട്ടീവ് ചർച്ച ചെയ്യുമെന്നും കാനം കൂട്ടിച്ചേർത്തു. മന്ത്രി ഇന്നാണ് കേരളത്തിലെത്തുക. സർക്കാരിനു നാണക്കേടുണ്ടാക്കിയ രാജുവിനെതിരെ നടപടിയെടുക്കണമെന്നാണ് സിപിഐയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ വിദേശയാത്രാ വിഷയത്തിൽ വിവാദത്തി​​​ന്റെ ആവശ്യമില്ലെന്നും കാനം പറഞ്ഞു.

കോട്ടയം ജില്ലയുടെ പ്രളയക്കെടുതി നേരിടുന്നതിനുള്ള ചുമതല രാജുവിനായിരുന്നു. സംസ്​ഥാനം പ്രളയത്തിൽ മുങ്ങി നിൽക്കു​മ്പോൾ ഓസ്റ്റ് 16നാണ്​ മന്ത്രി രാജു ജർമനിയിലേക്ക്​ പോയത്​. മലയാളി സമ്മേളനത്തിനായി മൂന്ന്​ ദിവസത്തെ സന്ദർനത്തിനായിരുന്നു രാജുവി​​ന്റെ ജർമ്മൻ യാത്ര.

സിപിഐയ്ക്ക് പുതുതായി കിട്ടിയ ചീഫ് പദവിയിലേയ്ക്ക് ആരെ നിയമിക്കണമെന്ന തീരുമാനം ഇതോടൊപ്പം ഉണ്ടാകുമെന്നാണ് സിപിഐ​ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സിപിഐ സമ്മേളന കാലം മുതൽ പാർട്ടിക്കുളളിൽ ഉയർന്നിട്ടുളള​ മന്ത്രിമാരെ മാറ്റണമെന്ന ആവശ്യം ​ഈ പശ്ചാത്തലത്തിൽ പാർട്ടി പരിഗണിച്ചേയ്ക്കും എന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.