ആലപ്പുഴ: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിൽ സർവ്വം തകർന്ന കേരളത്തിലെ ജനങ്ങളെ ആശ്വസിപ്പിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രത്യേക മന്ത്രാലയം ആരംഭിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“ഇന്ന് കർഷകരെ പോലെ കടുത്ത പ്രതിസന്ധി നേരിടുന്നവരാണ് മത്സ്യത്തൊഴിലാളികൾ. കേരളത്തിന് നിങ്ങളെ ആവശ്യമായി വന്നപ്പോൾ നിങ്ങൾ കടന്നുവന്ന് ഈ നാടിനെ രക്ഷിച്ചു. നിങ്ങളെ ആദരിക്കാൻ ഇവിടെ എത്തിച്ചേരാൻ സാധിച്ചത് എനിക്ക് ലഭിച്ച ആദരമായി ഞാൻ കാണുന്നു. നിങ്ങൾ രക്ഷിച്ച പതിനായിരക്കണക്കിന് പേർക്ക് വേണ്ടി ഞാൻ നിങ്ങളോട് നന്ദി പറയുന്നു,” അദ്ദേഹം പറഞ്ഞു.

“3000 മത്സ്യത്തൊഴിലാളികൾ കേരളത്തിൽ എഴുപതിനായിരം ജീവനാണ് രക്ഷിച്ചത്. അതൊരു മഹാദൗത്യമാണ്. വാക്കുകൾ കൊണ്ട് നിങ്ങളെ ആദരിക്കാൻ എനിക്ക് സാധിക്കില്ല. അതിനാൽ ഞാനുറപ്പ് പറയുകയാണ്, കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വരികയാണെങ്കിൽ ദൈവത്തിന്റെ സൈന്യത്തിന് പ്രത്യേക മന്ത്രാലയം ആ മന്ത്രിസഭയിൽ ഉണ്ടായിരിക്കും.”

“കർഷകനാണ് ഈ രാജ്യത്തെ രക്ഷിക്കുന്നതെന്ന് നമ്മൾ പറയാറുണ്ട്. ഇന്ന് മുതൽ മത്സ്യത്തൊഴിലാളികളെ കൂടി അതോടൊപ്പം ചേർത്ത് വയ്ക്കണം. അവർക്ക് സഹായം ആവശ്യമുണ്ട്,” കോൺഗ്രസ് മന്ത്രിസഭയിൽ ഫിഷറീസ് വകുപ്പ് ഉണ്ടായിരിക്കും എന്ന് ഉറപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷനെന്ന നിലയിലാണ് പറയുന്നതെന്നും ഇത് വെറും വാക്കല്ലെന്നും അദ്ദേഹം ആണയിട്ടു.

പ്രളയത്തിന്റെ ദുരിതം പേറുന്ന കേരളത്തിലെ ദുരിതബാധിതരെ നേരിൽ കാണാനായി സംസ്ഥാനെത്തെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആലപ്പുഴ ജില്ലയിൽ സന്ദർശനം നടത്തുന്നു
രാവിലെ 8.15 ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ അദ്ദേഹം ചെങ്ങന്നൂരിലേക്കാണ് ആദ്യം പോയത് അവിടെ നിന്നും ഇടനാട്ടിലെത്തിയ അദ്ദേഹം ദുരിതബാധിതരെ നേരിൽകണ്ട് അവരുടെ വിഷമങ്ങൾ മനസിലാക്കി. രണ്ട് ദിവസത്തേക്കാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം.

ദുരിതാശ്വാസ ക്യാംപുകളിലെത്തി ദുരിതബാധിതരെ നേരിൽ കണ്ട ശേഷം അദ്ദേഹം ആലപ്പുഴയിലേക്ക് പോവും. അവിടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കും.സംസ്ഥാനത്തിൽ പ്രളയത്തിൽ അകപ്പെട്ട് വീട് നഷ്ടപ്പെട്ട ആയിരം പേർക്ക് വീട് വച്ച് കൊടുക്കാനുളള തീരുമാനം കെപിസിസി എടുത്തിട്ടുണ്ട്. ഇന്ന് ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ പദ്ധതിക്കായുളള തുക രാഹുൽ ഗാന്ധി സംഭാവന ചെയ്യും.

ആലപ്പുഴയിൽ വിശ്രമിച്ച ശേഷം വൈകിട്ട് 3.30 ന് രാഹുൽ ഗാന്ധി എറണാകുളത്തേക്ക് പുറപ്പെടും. വൈകുന്നേരം പ്രളയത്തിൽ അകപ്പെട്ട ആലുവ, ചാലക്കുടി മേഖലകൾ സന്ദർശിക്കും. ഇതിന് ശേഷം ഇദ്ദേഹം എറണാകുളത്ത് ഗസ്റ്റ് ഹൗസിൽ ഇന്ന് തങ്ങും. നാളെ രാവിലെ കോഴിക്കോടേക്ക് പോകുന്ന രാഹുൽ ഗാന്ധി അവിടെ നിന്നും വയനാട്ടിലെ ദുരിതബാധിത മേഖലകൾ സന്ദർശിക്കാൻ പോകും. നാളെ വൈകിട്ട് അദ്ദേഹം ഡൽഹിക്ക് തിരികെ പോകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.