തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ​ ഇതു വരെ കാണാത്ത ദുരന്ത മുഖത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. സമസ്ത മേഖലകളെയും തകർത്തെറിഞ്ഞ പ്രളയം തോട്ടം മേഖലയിലും കനത്ത നഷ്ടം വിതച്ചു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ആഗോള തലത്തിലും ഗ്രാമീണ തലത്തിലും ഒരു പോലെ ഇടപെടുന്ന ഒന്നാണ് തോട്ടം മേഖല. എന്നാൽ, പേമാരിയും പ്രളയവും തോട്ടം മേഖലയുടെ തണ്ടൊടിച്ചു. കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ നല്ലൊരു ശതമാനം വരുന്നത് തോട്ടം മേഖലയിൽ നിന്നാണ്. അതു പോലെ തന്നെ കാർഷികാദായ നികുതി വഴിയൊരു വരുമാനവും ഉണ്ട്. ഈ മേഖലകളെയൊക്കെ ബാധിക്കുന്നതാകും തോട്ടം മേഖലയെ തകർത്തൊഴികിയ പ്രളയം.

കാർഷിക മേഖലയുടെ പൊതു നഷ്ടമായി പ്രാഥമിക കണക്ക് പ്രകാരം 1430 കോടി രൂപയാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ കണക്കാക്കിയിരിക്കുന്നത്. എന്നാൽ തോട്ടം വിളകൾക്ക് ഏകദേശം എണ്ണൂറ് കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് കേരള കണക്കാക്കുന്നത്. ഇത് മൺസൂൺ കാലയളവിലെ നഷ്ടം മാത്രമാണ്. ഇവയുടെ സീസൺ പരിഗണിക്കുമ്പോൾ വരുന്ന മാസങ്ങൾ കൂടെ കണക്കിലെടുത്താൽ മാത്രമേ നഷ്ടം കൃത്യമായി കണക്കാക്കാൻ സാധിക്കുകയുളളൂവെന്ന് തോട്ടം മേഖലയിൽ നിന്നുളളവർ പറയുന്നു.

കേരളത്തിൽ ഒരു കാലത്ത് വൻ വിറ്റുവരവാണ് തോട്ടം മേഖല രേഖപ്പെടുത്തിയിരുന്നത്. ഈ ദശകത്തിന്റെ തുടക്കത്തിൽ 2012-13 ൽ ഇരുപതിനായിരം കോടി രൂപയുടെ ടേൺ ഓവർ ആണ് തോട്ടം മേഖലയിൽ രേഖപ്പെടുത്തിയിട്ടുളളതെന്ന് അസോഷിയേഷൻ ഓഫ് പ്ലാന്റേഴ്സ് കേരളയുടെ ചെയർമാൻ തോമസ് ജേക്കബ് പറഞ്ഞു. എന്നാൽ കഴിഞ്ഞ തവണ പല കാരണങ്ങളാൽ അത് ഒൻപതിനായിരം കോടി രൂപയായി കുറഞ്ഞിരുന്നു.​അതിൽ നിന്നും കനത്ത തിരിച്ചടിയാണ് ഇത്തവണ പേമാരിയും പ്രളയവും മൂലം സംഭവിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കാപ്പി, തേയില തുടങ്ങി ഉൽപ്പനങ്ങളുടെ ലഭ്യത കുറവ് മൂലമുണ്ടാകുന്ന വിലവർധനവ് കൂടെ കണക്കിലെടുത്താൽ പോലും മൊത്തം വിറ്റുവരവ് ആറായിരം കോടി കടക്കാനുളള സാധ്യത തോട്ടം മേഖലയിലുളളവർ അവകാശപ്പെടുന്നില്ല. കഴിഞ്ഞ വർഷം തോട്ടം മേഖലയിൽ നിന്നുളള ഉൽപ്പാദനം 25,000 ടണ്ണായിരുന്നു മൊത്തം ഉണ്ടായിരുന്നത്. ഇതിൽ 20,000 കഴിഞ്ഞ വർഷത്തെ തനത് ഉൽപ്പാദനവും ബാക്കി മുൻ നീക്കിയിരിപ്പുമായിരുന്നു. ഇത്തവണ ഇത് കുത്തനെ ഇടിഞ്ഞ് പതിമൂവായിരം ടണ്ണായി കുറയുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വച്ചുളള ആദ്യ നിഗമനം.

Photo: Vignesh Krishnamoorthy

കേരളത്തിലെ പ്രധാന തോട്ടം വിളകളായ ഏലം, തേയില, കാപ്പി, റബ്ബർ എന്നിവയുടെ മാത്രം കാര്യത്തിലാണ് 800 കോടി രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നത്. ഏലത്തിനാണ് കനത്ത നഷ്ടമെന്നാണ് ആദ്യ വിവരങ്ങൾ വ്യക്തമാക്കുന്നത്. 350 കോടിയുടെ ഉൽപ്പാദന നഷ്ടമാണ് മൂന്ന് മാസത്തിനുളളിൽ ഏലകൃഷി മേഖലയിൽ ​സംഭവിച്ചിട്ടുളളത്.

തേയിലയിൽ 200 കോടിരൂപയും, റബ്ബർ- 140 കോടി രൂപയും കാപ്പിയിൽ 110 കോടി രൂപയുടെയും ഉൽപ്പാദന നഷ്ടമാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വലുതും ചെറുതുമായ തോട്ടങ്ങളിലെ അടിസ്ഥാന സൗകര്യ നഷ്ടം 800 കോടിക്ക് മേൽ വരുമെന്നാണ് അനൗദ്യോഗിക കണക്ക്.

ഏലത്തിന്റെ മേഖലയിലെ നഷ്ടം 55 ശതമാനത്തിലേറെ വരും. ഇത് ഏറ്റവും കൂടുതൽ​ ബാധിച്ചിക്കുന്നത് ഇടുക്കി ജില്ലയെയാണ്. വണ്ടൻമേട്, ഉടുമ്പൻ ചോല, കമുളി, വണ്ടിപ്പെരിയാർ, പീരുമേട് ,ഏലപ്പാറ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം. ജൂണിൽ വലിയ കാറ്റിൽ തുടങ്ങിയതാണ് ഏലം മേഖലയുടെ തകർച്ചയെന്ന് അസോഷിയേഷൻ ഓഫ് പ്ലാന്റേഴ്സ് കേരളയുടെ സെക്രട്ടറി അജിത് ബാലകൃഷ്ണൻ പറഞ്ഞു.

ഈ കാറ്റിൽ തണൽ മരങ്ങൾ വീണു. 25ശതമാനം ചെടികൾ നശിച്ചു. പുതിയത് വെയ്ക്കേണ്ടി വന്നു. ഇത് കഴിയുമ്പോഴാണ് ഓഗസ്റ്റിൽ കനത്ത മഴയിൽ വെളളം കയറിയത്. അതോടെ അഴുകൽ രോഗം തുടങ്ങി. ചെടിയുടെ വേരിൽ നിന്നും തുടങ്ങുന്നതും കായിൽ വരുന്നതും ആയ രണ്ട്  തരം അഴുകൽ രോഗവും ബാധിച്ചു.   ചെടികളെ ബാധിച്ച  കുമിൾ  രോഗം തടയാൻ പറ്റിയില്ല. വെളളം കെട്ടി നിൽക്കുകയും ചെയ്തു, കായകൾ അഴുകി വീഴാൻ തുടങ്ങി. അന്തരീക്ഷത്തിൽ ജലാംശം കുറഞ്ഞിട്ടില്ലാത്തതിനാൽ ഇത് പൂർണ്ണമായ നിയന്ത്രണത്തിലായിട്ടില്ല. അതിനാലാണ് 350 കോടി രൂപയുടെ നഷ്ടം എന്ന് പറയുന്നത് ഇതുവരെയുളള പ്രാഥമിക കണക്കിന്റെ അടിസ്ഥാനത്തിലാണ് അജിത് പറയുന്നു.

Photo: Vignesh Krishnamoorthy

തേയില കൃഷി ഇടുക്കി, വയനാട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായാണ് കേരളത്തിലുളളത്.​ ഇതിൽ കൂടുതൽ ഇടുക്കി ജില്ലയിലാണ്. തേയിലയിൽ ഏകദേശം ഓഗസ്റ്റ് 24 വരെ ഹെക്ടറിന് 200 കിലോ നഷ്ടം സംഭവിച്ചിട്ടുണ്ട്. അതായത് ഉൽപ്പാദത്തിൽ അത്രയും കുറവുണ്ടായി എന്നതാണ്. 35,000 ഹെക്ടറാണ് കേരളത്തിലെ തേയില കൃഷി. ആ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ 70 ലക്ഷം കിലോഗ്രാം നഷ്ടമാണ് ഓഗസ്റ്റ് 24 വരെ പ്രാഥമികമായി കണക്കാക്കിയിട്ടുളളത്. തേയിലയുടെ ഈ വർഷത്തെ ഉൽപ്പാദനം മാത്രമല്ല, വരാൻ പോകുന്ന ഉൽപ്പാദനത്തിലും നഷ്ടമുണ്ടാകും. തേയിലച്ചെടി പഴയ തരത്തിലേയ്ക്ക് വരാൻ 60 ദിവസം എടുക്കും.

അതായത് മഴ മാറി നിന്നാൽ തന്നെ ഒക്ടോബർ പകുതിയാകും തേയിലച്ചെടി പഴയതു പോലെ ആകാൻ. കഴിഞ്ഞ വർഷം ഉൽപ്പാദിപ്പിച്ചത് 623 ലക്ഷം ടൺ ആയിരുന്നു കേരളത്തിന്റെ ഉൽപ്പാദനം. ഒക്ടോബർ വരെ കണക്ക് കൂട്ടിയാൽ 35 ശതമാനം തേയില ഉൽപ്പാദനം കുറയുമെന്നാണ് എ പി കെയുടെ കണക്കുകൂട്ടൽ.

മൂന്നാറിലെ ചില ഭാഗങ്ങൾ, പീരുമേട്, വണ്ടിപെരിയാർ, വയനാട് അച്ചൂർ നെല്ലിയാമ്പതിയിലെ മണലാറു ഭാഗം എന്നിവിടങ്ങളിൽ തേയില വെളളത്തിൽ മുങ്ങിപ്പോയി. അതിന്റെ നഷ്ടം കണക്ക് കൂട്ടിയിട്ടില്ല. കുറിച്യാർ മലയിൽ 100 ഏക്കർ തേയില ഉരുൾ പൊട്ടലിൽ ഒഴുകി പോയി. ദേശീയ പാത വികസനത്തിൽ പീരുമേട്, കുമിളി വഴിയിൽ തോട്ടങ്ങളിലെ അകത്ത് പ്രൈവറ്റ് റോഡ്, പാലങ്ങൾ, പമ്പ് ഹൗസ്, പമ്പ് കുടിവെളള വിതരണ വൈദ്യുതി വിതരണ കെട്ടിടങ്ങൾ നഷ്ടം എടുത്ത് തീർന്നിട്ടില്ലെന്നും എ പി കെ പറയുന്നു.

കാപ്പിയിൽ 20 മുതൽ25 ശതമാനം വരെ നഷ്ടമാകുമെന്നാണ് കണക്ക്. കാപ്പി ബ്ലാക്ക് റോട്ട് എന്ന അസുഖം ബാധിച്ചത് കൂടുതൽ നഷ്ടത്തിലേയ്ക്ക് ഈ​മേഖലയെ നയിക്കുമെന്ന ഭയത്തിലാണ് കർഷകർ. ഇത് കാരണം കാപ്പിക്കുരു കൊഴിഞ്ഞു പോകുകയാണ്.  തുടർച്ചയായി മഴ കാരണം നെല്ലിയാമ്പതിയില്‍ 30 ശതമാനനത്തോളം കാപ്പിക്കുരു കൊഴിഞ്ഞു. കഴിഞ്ഞ വർഷത്തെ (17-18 ൽ ) കേരളത്തിലെ കാപ്പി ഉൽപ്പാദനം, 65735 ടൺ കാപ്പി കേരളത്തിൽ ഉൽപ്പാദിപ്പിച്ചു. 25 ശതമാനം കണ്ട് ഇത്തവണ കുറയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് കാപ്പി മേഖലയിൽ വലിയൊരു ഉൽപ്പാദന നഷ്ടമായിരിക്കുമെന്ന് കർഷകർ പറയുന്നു.

റബ്ബർ ഏറ്റവും കൂടുതൽ ബാധിച്ചിട്ടുളളത് പത്തനംതിട്ടയിലെ കർഷകരെയാണ്. കേരളത്തിൽ റബ്ബറിന് ഇലകൊഴിച്ചിൽ വന്നിരിക്കുന്നു. അതിനാൽ വെട്ടാൻ പറ്റില്ല. മഴ മാറി ഇല കൊഴിച്ചിൽ മാറി വെട്ടാൻ ഇനി 90 ദിവസം വരെ വേണ്ടി വരും. അതായത് നവംബർ കഴിയുമ്പോഴെ ഇനി വെട്ടാൻ പറ്റുകയുളളൂ . സെപ്തംബർ ഒക്ടോബർ ആണ് റബ്ബറിന്റെ കാര്യമായ ഉൽപ്പാദനം നടക്കുന്ന സീസൺ. കേരളത്തിലെ കഴിഞ്ഞ വർഷത്തെ ഉൽപ്പാദനം 5ലക്ഷത്തിൽ​ 39,230 ടൺ ആയിരുന്നു. നിലവിലത്തെ സാഹചര്യം വച്ച് കണക്ക് കൂട്ടിയാൽ കഴിഞ്ഞ വർഷത്തേക്കാൾ​ 20 ശതമാനം ഉൽപ്പാദനം കുറവുണ്ടാകും. സെപ്തംബർ കഴിഞ്ഞാൽ മാത്രമേ കൃത്യമായി പറയാൻ കഴിയുകയുളളൂ. കാരണം കഴിഞ്ഞ വർഷം സെപ്തംബർ മുതൽ നവംബർ വരെ ലഭിച്ച റബ്ബറിന്റെ ഉൽപാദനം 61,000ടൺ (സെപ്തംബർ), 62,000ടൺ (ഒക്ടോബർ), 64,000ടൺ (നവംബർ) എന്നിങ്ങനെ ആയിരുന്നു. ഈ വർഷം ഈ​ കണക്കുകൾ വന്ന ശേഷമേ പറയാൻ സാധിക്കുകയുളളൂ എന്നതാണ്.

Photo: Vignesh Krishnamoorthy

തോട്ടം വിളകളുടെ ഇടവിളയായുളള​ കുരുമുളകിന്റെ കാര്യത്തിലും പ്രളയം കൊണ്ട് വൻ തകർച്ചയാണ് രേഖപ്പെടുത്തുന്നത്. വീടുകളിൽ കുരുമുളക് കൃഷി ചെയ്യുന്നവർ വരെയുളളതു കൊണ്ട് കുരുമുളക് കൃഷിയുടെ നഷ്ടം ആരും കൃത്യമായി പറയുന്നില്ലെങ്കിലും 50 ശതമാനം വരെ ഉൽപ്പാദനനഷ്ടത്തിന്റെ സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. 900 ഹെക്ടറിലെ കുരുമുളക് നഷ്ടമായിട്ടുണ്ടെന്നും ഇതു വഴി 82 കോടി രൂപയിലേറെ നഷ്ടമാണ് പ്രാഥമികമായി കണക്ക് കൂട്ടുന്നത് എന്ന് കൃഷി വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ​ വ്യക്തമാക്കി.

തൊഴിൽ നഷ്ടം, വില ഇടിച്ചിൽ, ഉൽപ്പാദന കുറവും പൊതുവിൽ ഉണ്ടാകുന്ന വിലവർധനവും തോട്ടം മേഖലയുടെ ഭാവിക്ക് മേൽ ഭീഷണിയാണെന്ന് തോട്ടം ഉടമകളും തൊഴിലാളികളും ഒന്നു പോലെ പറയുന്നു. തൊഴിൽ നഷ്ടമുൾപ്പടെയുളള വിഷയങ്ങൾ കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നതിലേയ്ക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാർ കാര്യമായി ഈ മേഖലയിൽ ​​ഇടപെട്ടില്ലെങ്കിൽ അടുത്ത കടുത്ത പ്രതിസന്ധി കേരളത്തിലെ തോട്ടം മേഖലകളുമായി ബന്ധപ്പെട്ട ഗ്രാമങ്ങളിൽ നിന്നാകുമെന്നാണ് നിരീക്ഷണം.

തോട്ടങ്ങളിലെ ലയത്തിലേക്കുള്ള ഫീൽഡ് റോഡുകൾക്കും കെട്ടിടങ്ങൾക്കും വ്യാപക നഷ്ടം ഉണ്ടായി. കുടിവെള്ള വിതരണ പമ്പുകളും പൈപ്പകളും ഒഴുകി പോയി. തോട്ടങ്ങളിലെ പാലങ്ങളും തകർന്നു. നഷ്ടം ഔദ്യോഗികമായി തിട്ടപെടുത്തിയില്ലെങ്കിലും അടിസ്ഥാന മേഖലയിലെ നഷ്ടം 800 കോടി രൂപയിൽ കുടുമെന്നാണ് അനൗദ്യോഗിക കണക്കുകൾ.

ഭൂരിഭാഗം തോട്ടങ്ങളിലും ഒരാഴ്ച തൊഴിലാളികൾക്ക് പണി നഷ്ടപെട്ടു. പ്രതികൂല സ്ഥിതിയിൽ തൊഴിൽ ദിനം കുറയും. സ്ഥിരം തൊഴിലാളിക്ക് ഉടമകൾ തൊഴിൽ നൽകാൻ ബാധ്യസ്ഥരാണ്. പക്ഷേ താൽക്കാലിക തൊഴിലാളികൾ പട്ടിണിയിലേക്ക് തള്ളപ്പെടാനുളള​സാധ്യതയാണ് കൂടുതൽ​.

ചെറുതും വലുതുമായി 26 ഓളം തോട്ടങ്ങളും നാലായിരത്തിലേറെ തൊഴിലാളികളുമുള്ള നെല്ലിയാമ്പതിയിലേക്കുള്ള റോഡ് പൂർണമായി തകർന്നു. നെൻമാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള ഏക ഗതാഗത മാർഗമാണ് ആ റോഡ്. പരിഹാരം കണ്ടില്ലെങ്കിൽ ഫാക്ടറി പ്രവർത്തനവും ഉൽപ്പന വസ്തു കൈമാറ്റവും തടസപെടുമെന്നും ഉടമകൾ ചൂണ്ടികാട്ടുന്നു. ലോഡ് കൊണ്ടുപോകാനോ കൊണ്ടു വരാനോ പറ്റുന്ന സാഹചര്യമല്ല. നാലായിരത്തിലേറെ തൊഴിലാളികൾ ഉണ്ട്. ഇന്ധനം കൊണ്ടു വരാൻ കഴിയാത്ത സാഹചര്യത്തിൽ ഫാക്ടറികൾ പ്രവർത്തിപ്പിക്കാൻ പറ്റില്ല. ബാങ്കിൽ നിന്നും പണമെടുക്കാൻ സാധിക്കാത്തിനാൽ തൊഴിലാളികൾക്ക് ശമ്പളം നൽകാനും സാധിക്കുന്നില്ല. മാത്രമല്ല, കൊച്ചിയിലെ ലേലകേന്ദ്രത്തിൽ സാധനങ്ങൾ എത്തിക്കാനും കഴിയുന്നില്ലെന്ന് അവർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.