തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. കേരളത്തിലുണ്ടായത് നൂറ്റാണ്ടിലെ ഏറ്റവും വലിയ കാലവര്‍ഷ കെടുതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് മുന്നോടിയായി പറഞ്ഞു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തില്‍ 98.5 മില്ലിമീറ്റര്‍ മഴ പെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ 359 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് പെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലവര്‍ഷത്തില്‍ നിന്നും മഹാപ്രളയമായി മഴ മാറുകയായിരുന്നു. 14.5 ലക്ഷത്തോളം പേരാണ് ഇതുവരെ ക്യാമ്പുകളിലെത്തിയത്. ഇപ്പോള്‍ 59286 പേര്‍ ക്യാമ്പുകളിള്‍ കഴിയുന്നുണ്ട്. പ്രളയത്തില്‍ 57000 ഹെക്ടര്‍ ഭൂമി വെള്ളത്തിലായി. 483 പേര്‍ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. 140 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അതേസമയം, സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് മരണസംഖ്യ കുറച്ചെതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്വയം അപകടത്തില്‍ പെട്ടിട്ടും പിന്മാറാതെ സഹോദരങ്ങളെ പോലെ മറ്റുള്ളവരെ രക്ഷിച്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുകയാണെന്നും കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ ക്രിയാത്മകമായ ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. അതോടൊപ്പം തന്നെ രക്ഷാപ്രവര്‍ത്തനത്തിലേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേയും കേരളത്തിന്റെ ഐക്യവും മാനവികതയും കരുത്തായി മാറിയെന്നും അത് ലോകത്തിന്റെ തന്നെ അഭിനന്ദനം ഏറ്റുവാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തന ഘട്ടത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് നിന്നാണ് പ്രവര്‍ത്തിച്ചെന്നും അത് സര്‍ക്കാരിനെ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പുനര്‍നിര്‍മ്മാണത്തിലും പ്രതിപക്ഷത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ഓഗസ്റ്റ് എട്ട് മുതലാണ് കനത്ത മഴ ആരംഭിച്ചതെന്നും ഐഎംഡി പ്രവചിച്ചതിനേക്കാള്‍ മൂന്നിരട്ടി മഴയാണ് സംസ്ഥാനത്ത് ലഭിച്ചതെന്നും ഓഗസ്റ്റ് ഒമ്പത് മുതല്‍ തന്നെ സെക്രട്ടറിയേറ്റിലും ജില്ലാ ഭരണ കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, കേന്ദ്രസേനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനങ്ങളേയും മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രാവിലെയും വൈകിട്ടും അവലോകന യോഗം ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും ഉപകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം ഘട്ടമായ പുനരധിവാസത്തിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നമ്മള്‍ ഒരുമിച്ച് നിന്നാല്‍ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കൂടുതല്‍ പ്രൗഢോജ്ജ്വലമായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുരിതത്തില്‍ തകര്‍ന്നവരെന്നല്ല അതിജീവിച്ച് കുതിക്കുന്നവരെന്നാകും നാം അറിയപ്പെടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസ പ്രവർത്തനങ്ങള്‍ക്ക് കേരളം ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്നദ്ധ പ്രവർത്തകരും സർക്കാർ സംവിധാനങ്ങളും കൈ കോർത്ത് നിന്നാണ് ദുരിതാശ്വാസ മേഖലയില്‍ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി യുവജനങ്ങളുടെ കടന്നുവരവിനെ അഭിനന്ദിച്ചു. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും മടങ്ങുന്നവർക്ക് 10000 രൂപ നല്‍കാനാവശ്യമായ തുക അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ദുരിത ബാധിതർക്ക് നല്‍കുന്നതില്‍ കേന്ദ്ര മാനദണ്ഡം അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ 6200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഓരോരുത്തർക്കും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 730 കോടി രൂപ എത്തിയിട്ടുണ്ടെന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.