തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരെ ആദരിക്കാന്‍ ചടങ്ങ് സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടക്കം പങ്കെടുത്ത പരിപാടിയില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെത്തി. മത്സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രി പൊന്നാട അണിയിക്കുകയും പ്രശസ്തി പത്രം നല്‍കുകയും ചെയ്തു. സ്വന്തം ജീവന്‍ പോലും നോക്കാതെയാണ് അവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
‘ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് നമ്മള്‍ നേരിട്ടത്. സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞത്. ഇതിനെ അതിജീവിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നമ്മുടെ സഹോദരങ്ങളുടെ പങ്കിനെ അംഗീകരിക്കുകയും അവരെ ആദരിക്കുകയും ചെയ്യുക എന്നതാണ് ഈ ചടങ്ങ് കൊണ്ട് ഉദ്ദേശിച്ചത്. രക്ഷപ്പെടുത്താന്‍ പോയവര്‍ നമ്മുടെ മത്സ്യത്തൊഴിലാളികളായ സഹോദരങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി കുറച്ച് നാള്‍ കഴിഞ്ഞ് മതി ഈ ചടങ്ങെന്നത് ബോധപൂര്‍വ്വം നിശ്ചയിച്ചതാണ്. ഈ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വിധത്തിലുളള ശാരീരിക അസ്വാസ്ഥ്യം ഓരോരുത്തരും നേരിട്ടിട്ടുണ്ടാവും. അത്ര ദുര്‍ഘടമായ അവസ്ഥയിലാണ് അവര്‍ മറ്റുളളവരെ രക്ഷിച്ചത്. അവര്‍ കരുത്തരാണെങ്കിലും പുറത്ത് കാണാന്‍ കഴിയാത്ത തരത്തിലുളള ക്ഷതവും അവര്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാവും. അതുകൊണ്ടാണ് സമയം എടുത്ത് ഈ ചടങ്ങ് സംഘടിപ്പിച്ചത്’, മുഖ്യമന്ത്രി പറഞ്ഞു.
‘രക്ഷാപ്രവര്‍ത്തനത്തില്‍ പ്രാഗത്ഭ്യം നേടിയ സേനാവിഭാഗങ്ങള്‍ നമുക്കൊപ്പം ഉണ്ടായിരുന്നു. അവര്‍ നടത്തിയ പ്രവര്‍ത്തനം മികച്ചതായിരുന്നു. കടലില്‍ തന്നെ തങ്ങളുടെ ദൗത്യം നിറവേറ്റുന്നവരാണ് നാവികസേന. ആകാശത്ത് ഹെലികോപ്റ്റര്‍ ഏറെ നേരം പറത്തിയാണ് പലരേയും വ്യോമസേന രക്ഷിച്ചത്. കോസ്റ്റ്ഗാര്‍ഡും നമ്മളെ നല്ല രീതിയില്‍ സഹായിച്ചു. ഒട്ടേറെ പേരെ അവരും രക്ഷപ്പെടുത്തി. ദുരന്തം നേരിടുന്നതിന് ദേശീയ ദുരന്തനിവാരണസേനയും നമ്മളെ നല്ല രീതിയില്‍ സഹായിച്ചു. അതോടൊപ്പം ഒട്ടേറെ അര്‍ദ്ധസൈനിക വിഭാഗങ്ങളും നമ്മുടെ പ്രവര്‍ത്തനത്തെ സഹായിക്കാനും ആളുകളെ രക്ഷിക്കാനും നമ്മോടൊപ്പം ഉണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നല്ല രീതിയില്‍ മുഴുകിയ പൊലീസുണ്ട്, ഫയര്‍ഫോഴ്സിലെ അംഗങ്ങളുണ്ട്. ചിലയിടങ്ങളില്‍ എക്സൈസുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. ഇവിടെ ആരെയാണ് നാം പ്രത്യേകമായി അഭിനന്ദിക്കേണ്ടത് എന്ന പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്. കാരണം എല്ലാവരും അവരവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്. സ്വന്തം ജീവന്‍ പരിഗണിക്കാതെ തന്നെ ഈ പ്രവര്‍ത്തനത്തിലേക്ക് എല്ലാവരും ഇറങ്ങി’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘പെട്ടെന്നാണ് നമുക്ക് കടുത്ത വെള്ളപ്പൊക്കം നേരിടേണ്ടി വരുന്നത്. വെള്ളപ്പൊക്കത്തോടെ ആര്‍ത്തലച്ചു വരുന്ന തിരമാലയാണ് എല്ലാ ഭാഗത്തും ഉണ്ടായത്. പലയിടത്തും പലരും കുടുങ്ങിക്കിടക്കുകയായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ ഉള്‍ക്കരുത്തോടെ ചാടിയിറങ്ങിയ നമ്മുടെ യുവാക്കളുണ്ട്. അവര്‍ ആരുടേയും ആഹ്വാനം ഇല്ലാതെ തന്നെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായവരാണ്. അവരെയാണ് നമ്മള്‍ ആദ്യം പ്രശംസിക്കേണ്ടത്. കാരണം ഇത്തരമൊരു ദുരന്തം അവരുടെ ജീവിതത്തില്‍ അവര്‍ കണ്ടിട്ടില്ല. കഴിയാവുന്നത്ര ആളുകളെ രക്ഷിക്കാനായി അവര്‍ ഇടപെട്ടത് നമുക്ക് വലിയ പ്രത്യാശ നല്‍കുന്നതാണ്. എന്നാല്‍ കുത്തിയൊഴുകി വരുന്ന വെള്ളത്തെ സമീപിക്കാന്‍ നമ്മള്‍ ഭയപ്പെട്ടപ്പോഴാണ് വെള്ളത്തില്‍ നല്ല പരിചയമുളള, വെളളവുമായി ഇഴുകിചേര്‍ന്ന് നില്‍ക്കുന്നവര്‍ നമ്മുടെ മത്സ്യത്തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞത്. അവിടെ പിന്നെ അറച്ച് നിന്നില്ല. കാരണം മത്സ്യത്തൊഴിലാളികളുടെ കരുത്തിലും അതിജീവനശേഷിയിലും വൈദഗ്ധ്യത്തിലും പൂര്‍ണവിശ്വാസം ഉണ്ടായിരുന്നത് കൊണ്ട് അവരെ സ്ഥലത്തേക്ക് എത്തിക്കാന്‍ നിർദ്ദേശം നല്‍കി’, മുഖ്യമന്ത്രി പറഞ്ഞു.
‘ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളിയുടെ യാനവും വേണമായിരുന്നു. എന്നാല്‍ ദുരന്തബാധിത മേഖലകളിലേക്ക് അവരെ എത്തിക്കുക എന്നത് വെല്ലുവിളിയായിരുന്നു. ഈ ദൗത്യം പൊലീസിനെ ഏല്‍പ്പിച്ചു. ഓരോ മത്സ്യത്തൊഴിലാളിയും മുന്നിട്ടിറങ്ങി. തുടര്‍ന്ന് വലിയ തോതിലുളള രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. നമ്മുടെ ദൗത്യം വിജയിപ്പിക്കുന്നതിന്റെ ഏറ്റവും പ്രധാനഘടകമായി മത്സ്യത്തൊഴിലാളികള്‍ മാറി. നമ്മുടെ സഹോദരങ്ങളെ പറ്റിയുളള മേനി പറച്ചിലല്ല, അക്ഷരാര്‍ത്ഥത്തില്‍ ഇതാണ് സംഭവിച്ചത്. നമ്മുടെ സേനാവിഭാഗം പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ഇത് നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഭാഗമാണ്. ഈ ദുരന്തത്തെ നാം നേരിട്ടത് ഒരുമയോടെയാണ്. ഈ ഐക്യമാണ് ദുരന്തം അതിജീവിക്കാന്‍ നമുക്ക് കരുത്ത് നല്‍കിയത്. തങ്ങളുടെ ജോലി, വരുമാനം, കുടുംബം ഒന്നും അവര്‍ ചിന്തിച്ചില്ല. അപകടത്തില്‍ പെട്ടത് എന്റെ സഹോദരനാണ് എന്ന ചിന്തയിലാണ് മത്സ്യത്തൊഴിലാളികള്‍ ചാടി ഇറങ്ങിയത്. കരഞ്ഞിരിക്കാന്‍ നമ്മളില്ല, കൂടുതല്‍ കരുത്തോടെ നമ്മള്‍ ഉയരുക തന്നെ ചെയ്യും’, മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഇന്ന് രാവിലെ രണ്ട് ചെറുപ്പക്കാര്‍ അമേരിക്കയില്‍ നിന്നും ഓഫീസില്‍ വന്നു. 1.6 മില്യണ്‍ യുഎസ് ഡോളര്‍ അവര്‍ ഫെയ്സ്ബുക്കിലൂടെ സമാഹരിച്ചു. 10 കോടി രൂപയാണ് അവര്‍ എന്നെ ഏല്‍പ്പിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലുളളവരും നമ്മളെ സഹായിക്കുകയാണ്. എല്ലാവരും നമ്മുടെ കൂടെയുണ്ട്. നമ്മള്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കും’, മുഖ്യമന്ത്രി പറഞ്ഞു.