തിരുവനന്തപുരം: കേരളത്തിൽ ഏറെ ദുരിതം വിതച്ച പ്രളയത്തിൽ നിന്ന് കരകയറാനുളള പരിശ്രമത്തിന് കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ഇതുവരെ നൽകിയത് വെറും 600 കോടി മാത്രമാണെന്നും വിദേശസഹായം അടക്കമുളള കാര്യങ്ങളിൽ കേന്ദ്രത്തിന്റെ നിലപാട് കേരളത്തിന് തിരിച്ചടിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയം സംഭവിച്ചതിന് ശേഷം ഇതാദ്യമായാണ് കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനവുമായി രംഗത്ത് വരുന്നത്. കേന്ദ്രത്തിന്റെ നിലപാടുകളെ എണ്ണിയെണ്ണി പറഞ്ഞാണ് മുഖ്യമന്ത്രി വിമർശിച്ചത്.

യുഎഇയുടെ സഹായം കേന്ദ്രം ഇടപെട്ട് തടഞ്ഞതിനാൽ വലിയ തുകയാണ് സംസ്ഥാനത്തിന് നഷ്ടമായത്. ഇതുവരെ 600 കോടി മാത്രമാണ് കേന്ദ്രം നൽകിയത്. അരിക്കും മണ്ണെണ്ണയ്ക്കും താങ്ങുവില നൽകേണ്ട അവസ്ഥയിലാണ് സംസ്ഥാനം.

“പ്രളയ ദുരിതത്തിൽ നിന്ന് കരകയറാൻ കേരളം ഒറ്റക്കെട്ടായി നീങ്ങണം. പ്രളയകാലത്ത് ഏകോപനം ഉണ്ടാക്കാൻ കഴിഞ്ഞത് ദൃഢമായ മതനിരപേക്ഷത മൂലമാണ്. ഈ കൂട്ടായ്മ സംരക്ഷിച്ച് മുന്നോട്ട് പോകണം. ഇതിനെതിരെ ആരെങ്കിലും മുന്നോട്ട് വരുന്നുണ്ടെങ്കിൽ ഒരുമിച്ച് നിന്ന് ചെറുക്കണം.”

“കേരളത്തിന്റെ പുനർനിർമ്മാണത്തിന് നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുളള സഹായം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല. എല്ലാ കാര്യങ്ങളും സഹകരിച്ച് പോകാനാണ് സംസ്ഥാന സർക്കാർ എന്നും സന്നദ്ധമായത്. എന്നാൽ അർഹതപ്പെട്ടത് ഇതുവരെ കിട്ടിയിട്ടില്ല. സഹായിക്കാൻ തയ്യാറായി മുന്നോട്ട് വന്ന യുഎഇയെ പോലുളള രാജ്യങ്ങളുടെ സഹായം സ്വീകരിക്കാതിരിക്കുകയും ചെയ്തു. കേരളത്തിന്റെ പുനർനിർമ്മാണത്തിന് ലഭിക്കുമായിരുന്ന വലിയ തുകയാണ് ഇതിലൂടെ നഷ്ടമായത്.”

“കേന്ദ്രം ഇതുവരെ നൽകിയത് 600 കോടി മാത്രം. പ്രളയത്തിന്റെ ഘട്ടത്തിൽ അരിയും മണ്ണെണ്ണയും കേന്ദ്രം നൽകിയിരുന്നു. അതിന് താങ്ങുവില കേന്ദ്രത്തിന് നൽകേണ്ട സ്ഥിതിയാണ്. 336.24 കോടി മാത്രമേ കേന്ദ്രം നൽകിയതിൽ ബാക്കി കാണൂ.”

“ആദ്യ ഘട്ടത്തിലുണ്ടായ പ്രളയത്തിന് 820 കോടിയും രണ്ടാം പ്രളയത്തിന് 4796 കോടിയുമാണ് കേന്ദ്രത്തോട് സഹായം ചോദിച്ചത്. പുറമെ പ്രത്യേക സഹായമായി 5000 കോടിയുടെ പാക്കേജ് അനുവദിക്കണം എന്നും കേന്ദ്രത്തോട് പറഞ്ഞു. ഇതാകെ അനുവദിച്ചാലും കേരളത്തിന്റെ നഷ്ടം നികത്താനാവുമില്ല. എന്നാൽ കേന്ദ്രത്തോട് ചോദിച്ച സഹായത്തിൽ ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ല.”

“ജൂലൈ 27 മുതൽ നവംബർ 22 വരെയുളള കണക്കെടുത്താൽ 2683.18 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ചു. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ കേന്ദ്രം നൽകിയ 600 കോടി അടക്കം 958.23 കോടിയാണ്. 3641.91 കോടിയാണ് സംസ്ഥാന സർക്കാരിന്റെ കൈവശം ഉളളത്. ഇതിൽ സിഎംഡിആർഎഫിൽ ചിലവഴിച്ചതും മന്ത്രിസഭാ തീരുമാനം പ്രകാരം ചിലവഴിക്കാനിരിക്കുന്നതും കൂടി കൂട്ടിയാൽ 1950.18 കോടി വരും.”

“കേന്ദ്രാവിഷ്കൃത പദ്ധതികളിലെ സംസ്ഥാനത്തിനുളള ധനസഹായം പത്ത് ശതമാനം വർദ്ധിപ്പിക്കണം എന്ന് പറഞ്ഞിരുന്നു. ജിഎസ്‌ടിയിൽ സെസ് ഏർപ്പെടുത്തി സഹായിക്കാമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. എന്നാൽ അതിലും സഹായം ലഭിച്ചില്ല. ഇതുവരെ കേന്ദ്രം കേരളത്തെ സഹായിക്കുന്നതിൽ ഗുരുതരമായ അലംഭാവം ഉണ്ടായി.”

“പൂർണ്ണമായി തകർന്ന വീടിന് കേന്ദ്രം നൽകുന്നത് ഒരു ലക്ഷം രൂപ. സംസ്ഥാനം മൂന്ന് ലക്ഷം രൂപയാണ് നൽകുന്നത്. ഇത് രണ്ടും ചേർത്താണ് നാല് ലക്ഷം രൂപ നൽകുന്നത്. എല്ലാ മേഖലയിലും കേന്ദ്രം നൽകുന്നതിനേക്കാൾ സംസ്ഥാനം കൂടുതൽ സഹായം നൽകുന്നുണ്ട്. ഇത്തരത്തിൽ എല്ലാ ചിലവുകളും നിറവേറ്റിയാൽ ദുരിതാശ്വാസ നിധിയിൽ 736 കോടി മാത്രമേ ബാക്കിയാവൂ. കേന്ദ്ര സഹായം ഇല്ലാതെ പ്രളയദുരിതാശ്വാസം പൂർത്തിയാക്കാൻ കഴിയില്ല,” മുഖ്യമന്ത്രി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ