തിരുവനന്തപുരം: പ്രളയത്തില്‍ ഏറെ നാശമുണ്ടായ ജില്ലകളിലൊന്നായിരുന്നു വയനാട്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ ഇതുവരെ കാണാത്ത ദുരിതമാണ് വയനാട് അഭിമുഖീകരിച്ചത്. പടിഞ്ഞാറത്തറ ബാണാസുര ഡാമിന്റെ ഷട്ടര്‍ തുറന്നതോടെ ജില്ലയിലെ പലയിടവും വെള്ളത്തിനടിയിലാവുകയായിരുന്നു. പടിഞ്ഞാറത്തറ, പുതുശ്ശേരിക്കടവ്, വെണ്ണിയോട് കുറുമണി, പനമരം ഭാഗത്തൊക്കെ വെള്ളം കയറുകയും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഡാമിന്റെ ഷട്ടര്‍ തുറന്നതിനെ ചൊല്ലി വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. അര്‍ധരാത്രി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെയാണ് ഷട്ടറിന്റെ ഉയരം കൂട്ടിയത് എന്നായിരുന്നു ആരോപണം. മാനന്തവാടി എംഎല്‍എ ഒ.ആര്.കേളു അടക്കമുള്ളവര്‍ കെഎസ്ഇബിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചീഫ് സെക്രട്ടറി.
വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നതില്‍ വീഴ്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും പിഴവുണ്ടായി. എന്നാല്‍, മറ്റ് ഡാമുകളുടെ കാര്യത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ചീഫ് സെക്രട്ടറിയുടെ നിലപാടിനെ കെഎസ്ഇബി തള്ളി. ഡാം തുറന്നു വിട്ടതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് കെഎസ്ഇബി ചെയര്മാന് എന്എസ്പിള്ള പറഞ്ഞു. നൂറ് ശതമാനം മുന്നൊരുക്കങ്ങളോടെയാണ് ബാണാസുര സാഗര്‍ ഡാം തുറന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ കെഎസ്ഇബിയുടെ പക്കലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ബാണാസുര സാഗര്‍ ഡാമിനെ കുറിച്ച് ഉയര്‍ന്ന പരാമര്‍ശങ്ങള്‍ സത്യത്തിനു നിരക്കാത്തതാണെന്നും എന്‍എസ് പിള്ള പറഞ്ഞു.
ഇടുക്കി, ഇടമലയാര്‍ ഡാമുകളാണ് കേരളം മുഴുവന്‍ ഉറ്റുനോക്കിക്കെണ്ടിരിക്കുന്നത്. ഈ ഡാമുകള്‍ തുറക്കുന്നതിനു മുമ്പായി എന്‍ജിനീയര്‍മാരുമായി കൂടിയാലോചിച്ച് വ്യക്തമായ ധാരണയിലെത്തിയിരുന്നു. അലര്‍ട്ട് ലെവലുകള്‍ തയ്യാറാക്കി കൃത്യമായ സമയങ്ങളില്‍ ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണ സേനയെയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രളയത്തില്‍ നിന്നും കരകയറുകയാണ് വയനാട് ജില്ലയും. മഴ മാറി നിന്നതോടെ വെള്ളം ഇറങ്ങി. റോഡു ഗതാഗതം പുനഃസ്ഥാപിച്ചു. ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും മടങ്ങി തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്നു വരികയാണ്.