കൊച്ചി: സ്വന്തമായി ആകെ ഉണ്ടായിരുന്ന അഞ്ച് സെന്റ് ഭൂമി, ഓർമ്മയ്ക്കായി സൂക്ഷിച്ച സ്വർണവള എന്നിങ്ങനെ ജീവിതത്തോട് ചേർത്ത് പിടിച്ചവ പോലും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് ജനങ്ങൾ പ്രളയ ദുരന്തത്തിൽ അതിജീവനത്തിന് ഒപ്പം നിൽക്കുന്നു. ഇങ്ങനെ പ്രളയബാധിത താലൂക്കായ ആലുവയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് നാലുകോടിയിലധികം തുക.

മരിച്ചു പോയ കുഞ്ഞിന്റെ ഓർമ്മക്കായ് സൂക്ഷിച്ചു വച്ച സ്വർണ വളയാണ് കീഴ്‌മാട് കുറുന്തല സ്വദേശി കെ.എസ്.രാജഗോപാൽ നൽകിയത്. ഒരു പവന്റെ വളയാണ് നൽകിയത്. രാജഗോപാലും കുടുംബവും നേരിട്ടെത്തി മന്ത്രി ഇ.പി.ജയരാജനെ  വള ഏൽപ്പിച്ചു.

കെ.സി.ജേക്കബ് ഏലൂർ പാതാളത്തെ അഞ്ചു സെന്റ് ഭൂമി സഹായ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായി. ജേക്കബും ഭാര്യയും പാനായിക്കുളത്ത് വാടകയ്ക്ക് താമസിക്കുമ്പോഴാണ് സ്വന്തമായുണ്ടായിരുന്ന ഭൂമി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്. ചാക്കോളാസ് കമ്പനി തൊഴിലാളിയായിരുന്നു ജേക്കബ്. 25 വർഷം മുമ്പ് വാങ്ങിയതാണ് പാതാളത്തെ ഭൂമി. വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. നാട്ടുകാരുടെ സഹായം കൊണ്ടു മാത്രമാണ് പ്രായമായ താനും ഭാര്യയും വെള്ളത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് ജേക്കബ് പറഞ്ഞു. ജേക്കബും ഭാര്യയും നേരിട്ടെത്തിയാണ് വസ്തുവിന്റെ ആധാരം മന്ത്രിക്ക് നൽകിയത്.

പെരുന്നാള്‍ ദിവസം മാതാവിനെയും ഉണ്ണിയേശുവിനെയും അണിയിക്കുന്ന 25 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് കണിച്ചുകാട്ടില്‍ മന്ത്രി ഇ.പി.ജയരാജനെ ഏല്‍പ്പിച്ചു. നീലീശ്വരം സ്വദേശിനി മലേക്കുടി വീട്ടില്‍ സി.സി.സോജന്‍ തന്റെ പേരിലുള്ള ഭൂമി ദാനം ചെയ്തു. കാലടിയിൽ ആറു സെന്റ് സ്ഥലമാണ് നല്‍കിയത്. ഈ സ്ഥലത്ത് വീടുവച്ചു നല്‍കാന്‍ താല്‍പര്യമുണ്ടെന്ന് ഭൂമി കൈമാറുന്നതിന്റെ രേഖകള്‍ മന്ത്രിക്കു നല്‍കിക്കൊണ്ട് അവര്‍ അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിൽ ഇന്നലെ ആലുവ താലൂക്കിൽ നിന്നും 4,08,21,609 സംഭാവന ലഭിച്ചു. പണമായും സ്വർണമായും ഭൂമിയായും ലഭിച്ച സഹായങ്ങൾ വ്യവസായ മന്ത്രി ഇ.പി.ജയരാജനും തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീനും ചേർന്ന് ഏറ്റുവാങ്ങി.

താലൂക്കിനു കീഴിലുള്ള തദ്ദേശസ്വയംഭരണ വകുപ്പു സ്ഥാപനങ്ങളും ധനസമാഹരണ യജ്ഞത്തിൽ പങ്കാളികളായി. മുഴുവൻ പഞ്ചായത്തു പ്രസിഡന്റുമാരുടെയും സമാഹരണമായ 10 ലക്ഷം രൂപ അസോസിയേഷൻ പ്രസിഡന്റ് കെ.തുളസി ടീച്ചർ നൽകി. മിനി സിവിൽ സ്‌റ്റേഷനിൽ നടന്ന ധനസമാഹരണ യജ്ഞ പരിപാടിയിൽ ചെക്ക് ഡ്രാഫ്റ്റ് ഇനത്തിൽ 60,95,009 രൂപയും 1,66,600 രൂപ പണമായും ലഭിച്ചു. നെടുമ്പാശ്ശേരി പഞ്ചായത്തിന്റെ അഞ്ചു ലക്ഷം രൂപയും ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെ മൂന്നു ലക്ഷം രൂപയും കാലടി, കീഴ്മാട് പഞ്ചായത്തുകളുടെ ഓരോ ലക്ഷം രൂപയും ഇതിൽ പെടും. അങ്കമാലി നഗരസഭ 6,68,000 രൂപയും സ്വർണ മോതിരവും സഹായമായി നൽകി. ചെയർപേഴ്‌സൺ എം.എ.ഗ്രേസി തുക കൈമാറി. വിവിധ സർവീസ് സഹകരണ ബാങ്കുകളും സഹായങ്ങൾ മന്ത്രിയെ ഏൽപ്പിച്ചു. കുട്ടമശ്ശേരി സർവീസ് സഹകരണ ബാങ്ക് അഞ്ചു ലക്ഷം രൂപ നൽകി. മറ്റൂർ പിഡിഡിപി 10 ലക്ഷം രൂപയും നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.