തിരുവനന്തപുരം: ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ എത്തി. തിരുവനന്തപുരം എയര്‍ഫോഴ്‍സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നും യാത്ര തിരിച്ച മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരുമുണ്ട്. വ്യോമസേനയുടെ AN32 വിമാനത്തിലാണ് മുഖ്യമന്ത്രിയുടെ യാത്ര.

രാവിലെ ഒമ്പത് മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘം എത്തിച്ചേർന്നു. അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം സുല്‍ത്താന്‍ബത്തേരിയിലെത്തിയ മുഖ്യമന്ത്രിയും സംഘവും മേപ്പാടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ശേഷം മലപ്പുറത്തെത്തി റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ഭൂതാനവും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

ദുരിതാശ്വാസ ക്യാംപുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്യാംപുകളിലെ ആളുകളുടെ സൗകര്യങ്ങൾ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങൾ ക്യാംപുകളിൽ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ വീടുകൾ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രദേശത്തിന്റെ സാധ്യതകൾ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച കേരളത്തിലെത്തിയ, കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി തിങ്കളാഴ്ച വയനാട് സന്ദർശിച്ചിരുന്നു. ദുരന്ത മേഖലയില്‍ നിന്ന് രാഷ്ട്രീയം പറയാനില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വയനാട്ടിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ക്യാംപ് നടത്തിപ്പും രാഹുല്‍ ഗാന്ധി വിലയിരുത്തി.

വയനാട്ടിൽ ഉരുൾപൊട്ടിയ പുത്തുമലയിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തി. ദുരന്തത്തിന്റെ തീവ്രത നേരിട്ട് മനസിലാക്കിയ രാഹുൽ ഉരുൾപൊട്ടി പാറയും മണ്ണും ഒലിച്ചെത്തിയ പ്രദേശത്ത് എത്തി. ദുരന്തഭൂമി കാണാൻ പ്രത്യേക സ്ഥലം സുരക്ഷ ജീവനക്കാർ ഒരുക്കിയിരുന്നെങ്കിലും രാഹുൽ ഇതു അവഗണിക്കുകയായിരുന്നു. വയനാട് ജില്ലാ കലക്ടർ എ.ആർ.അജയകുമാറുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.