Kerala Flood: തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യു എസ്സിലേയ്ക്ക് പോകാനിരുന്ന യാത്ര മാറ്റിവച്ചേക്കും. കേരളത്തിലെ പ്രളയ ദുരന്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി മുൻകൂട്ടി നിശ്ചിയിച്ചിരുന്ന യാത്ര മാറ്റിവയ്ക്കുന്നത്.

ഈ മാസം 19 മുതൽ സെപ്റ്റംബർ ആറ് വരെയായിരുന്നു മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസ് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിയും പത്നിയുമാണ് ചികിത്സാർത്ഥം യുഎസ്സിലേയ്ക്ക് പോകാൻ സർക്കാർ അനുമതി നൽകിയിരുന്നത്.

കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായാണ് മുഖ്യമന്ത്രി ചികിത്സാർത്ഥം നടത്താനിരുന്ന യാത്ര മാറ്റിവയ്ക്കുന്നത്. ദുരന്തസാഹചര്യം മറികടന്ന ശേഷം മാത്രമേ മുഖ്യമന്ത്രിയുടെ യാത്ര ഉണ്ടാവുകയുളളൂവെന്നാണ് അറിയുന്നത്.

അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ (21-08-18) മുഖ്യമന്ത്രി പങ്കെടുക്കും എന്ന് അറിയിച്ചത് ഈ ​സാഹചര്യത്തിലാണ്.

ഓഗസ്റ്റ് ഒമ്പത് മുതൽ ആരംഭിച്ച കാലവർഷക്കെടുതി നിലവിൽ നൂറിലേറെ ജീവൻ അപഹരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുകയും ചെയ്തു കഴിഞ്ഞു. ഒരാഴ്ചയായിട്ടും അവസാനിക്കാത്ത ദുരന്ത സാഹചര്യത്തെ നേരിടുകയാണ് കേരളം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.