കൊച്ചി: ദുരന്തബാധിതമേഖലകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. നാലു ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി സന്ദർശിച്ചു. ചെങ്ങന്നൂർ, കോഴഞ്ചേരി, ആലപ്പുഴ, പറവൂർ, ചാലക്കുടി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. വീട് നഷ്ടമായവരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പതിവ് അവലോകന പരിപാടികൾക്ക് ഇളക്കം തട്ടാത്ത വിധത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ ക്യാംപ് സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട അദ്ദേഹം വൈകിട്ട് നാല് മണിക്ക് മുൻപ് തിരുവനന്തപുരത്ത് പ്രളയത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന യോഗത്തിന് തിരികെയെത്തും.

രാവിലെ ചെങ്ങന്നൂരിലേക്കാണ് മുഖ്യമന്ത്രി ആദ്യം പോയത്. പിന്നീട് ഇവിടെ നിന്ന് കോഴഞ്ചേരിയിലെ ക്യാമ്പുകളിലേക്ക് പോയി. ഇതിന് ശേഷമാണ് എറണാകുളത്ത് പറവൂരിലേക്ക് മുഖ്യമന്ത്രി പോയത്. ഇവിടെ നിന്ന് തൃശ്ശൂർ ചാലക്കുടിയിലെ ദുരിതാശ്വാസ ക്യാമ്പ് കൂടി സന്ദർശിച്ച ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും. വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തിൽ പങ്കെടുക്കാനാവും വിധമാണ് യാത്ര.

അതിനിടെ, സംസ്ഥാനത്തെ പ്രളയക്കെടുതി അനുഭവിച്ച സ്ഥലങ്ങളിലെ റേഷൻ കാർഡ് ഉടമകൾക്ക് കാർഡ് ഒന്നിന് 5 കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഓണക്കാലത്ത് അരി വിതരണം ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ