scorecardresearch

സഹായം അനിവാര്യം, എത്ര വലുതായാലും അധികമാവില്ലെന്ന് മുഖ്യമന്ത്രി

“ഇതേവരെ ഓണ്‍ലൈന്‍ വഴി ലഭിച്ച 45 കോടി ഉള്‍പ്പെടെ 210 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. 160 കോടിയുടെ വാഗ്ദാനവും കിട്ടിയിട്ടുണ്ട്”

സഹായം അനിവാര്യം, എത്ര വലുതായാലും അധികമാവില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: കേരളം നേരിടുന്ന പ്രളയ ദുരന്തത്തിൽ നിന്ന് രക്ഷനേടാൻ എല്ലാവരുടെയും സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി. സഹായം ലഭിക്കാതെ കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് രക്ഷപ്പെടാനാവില്ല. അതിനാൽ തന്നെ എത്ര വലിയ സഹായവും അധികമാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം സഹായിച്ചാൽ മാത്രമേ കേരളത്തിന് മുന്നോട്ട് പോകാനാവൂ. “ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ എത്തിക്കുക എന്നത് കേരളത്തിന്‍റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇതേവരെ ഓണ്‍ലൈന്‍ വഴി ലഭിച്ച 45 കോടി ഉള്‍പ്പെടെ 210 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. 160 കോടിയുടെ വാഗ്ദാനവും കിട്ടിയിട്ടുണ്ട്. സഹായം ഏത് രീതിയിലും അയക്കുന്നതിന് ബാങ്കുകളില്‍ നിന്ന് പേയ്മെന്‍റ് ഗേയ്റ്റ് വേയുമുണ്ട്. അത് ഉപയോഗപ്പെടുത്താനാവണം” മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

പത്രസമ്മേളനത്തിന്റെ വിശദവിവരങ്ങൾ

സംസ്ഥാനം നേരിട്ട വെള്ളപ്പൊക്ക ദുരിതത്തിന്‍റെ ആഘാതങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളിലെ ആദ്യ ഘട്ടമായ രക്ഷാ പ്രവര്‍ത്തനം ഇന്നത്തോടെ പൂര്‍ണതയിലേക്ക് എത്തിക്കഴിഞ്ഞു. രക്ഷപ്പെടുത്തിയവരുടെ കണക്ക് പരിശോധിച്ചാല്‍ വന്നിട്ടുള്ള മാറ്റം വ്യക്തമാണ്. 

17.08.2018 ന്   82,442
18.08.2018 ന്   58,000
19.08.2018 ന്   22,034  

ഇന്ന് 602 എന്ന സ്ഥിതിവിശേഷം ഇതാണ് കാണിക്കുന്നത്. അവസാനത്തെ ആളും രക്ഷപ്പെടുന്നതുവരെ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കില്ല. ഏത് പരിതസ്ഥിതിയെയും നേരിടാന്‍ തയ്യാറായിക്കൊണ്ട് തന്നെ രക്ഷാ പ്രവര്‍ത്തനത്തിനുള്ള സജ്ജീകരണങ്ങള്‍ തുടരും.

ക്യാമ്പുകളിലെ സ്ഥിതി

സംസ്ഥാനത്ത് 3,274 ക്യാമ്പുകളിലായി 10,28,073 ആളുകളാണ് ഇപ്പോഴുള്ളത്. 
വീടുകളില്‍ താമസിക്കാന്‍ പറ്റാത്തതുകൊണ്ട് വെള്ളമിറങ്ങിയിട്ടും ക്യാമ്പുകളില്‍ തന്നെ തുടരേണ്ട സ്ഥിതിയും ഉണ്ടാവുന്നുണ്ട്. പുനരധിവാസ പ്രവര്‍ത്തനം തീവ്രമായി നടത്തേണ്ടതിന്‍റെ പ്രാധാന്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെയാണ് പുനരധിവാസത്തിനുള്ള ഊര്‍ജ്ജിതമായ ഇടപെടല്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ക്യാമ്പുകളില്‍ ഭക്ഷണവും അവശ്യമരുന്നുകളും എത്തിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തുകഴിഞ്ഞിട്ടുണ്ട്.

വീടുകളിലേക്കുള്ള മടക്കം

വെള്ളം ഇറങ്ങിയതിനാല്‍ വീടുകളിലേക്ക് മടങ്ങിയെത്താവുന്ന സാഹചര്യം പല സ്ഥലത്തും രൂപപ്പെട്ടിട്ടുണ്ട്. ചിലയിടത്ത് വെള്ളമിറങ്ങാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. വെള്ളം ഇറങ്ങിയതുകൊണ്ട് മാത്രം ജനങ്ങള്‍ക്ക് വീടുകളില്‍ മടങ്ങിപ്പോകാനാവില്ല. വാസയോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് നടന്നാലേ അത് സാധ്യമാവുകയുള്ളൂ. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തേണ്ട സാഹചര്യമാണ് ഉണ്ടാവുന്നത്. വീടുകളിലേക്ക് മടങ്ങിയെത്തുന്നതുവരെ ജനങ്ങളെ താമസിപ്പിക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തേണ്ടിവരും. അതുകൂടി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍  വീടുകളുടെ അപകടസ്ഥിതി സംബന്ധിച്ചും പറയുന്നുണ്ട്. പലതും പെട്ടെന്ന് താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. അവ താമസയോഗ്യമാക്കി മാറ്റുന്നതിനുള്ള അടിയന്തരമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരേണ്ടതുണ്ട്. ചില വീടുകളില്‍ പെട്ടെന്ന് തന്നെ താമസിക്കാന്‍ പറ്റുന്ന സാഹചര്യവും ഉണ്ട്.

ജാഗ്രത വേണം

വെള്ളം കയറിയ വീടുകളില്‍ സ്വാഭാവികമായും വെള്ളത്തിനോടൊപ്പം ഇഴജന്തുക്കളും മറ്റും കടന്നുവരിക സ്വാഭാവികമാണ്. വൈദ്യുതി ബന്ധങ്ങളും ശരിയായ രീതിയിലായിരിക്കില്ല, ഉപകരണങ്ങളും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയായിരിക്കും ഉണ്ടാവുക. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ നല്ല ജാഗ്രതയോടെ ഇടപെടാനാവണം. വീടുകളിലേക്ക് മടങ്ങിപ്പോകുന്നവര്‍ നാട്ടിലെ മറ്റു ആളുകളുടെ കൂടി സഹായത്തോടെ വീടുകളില്‍ കടക്കാനും ആവശ്യമായ പരിശോധന നടത്തി താമസയോഗ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം താമസം തുടരാനാണ് തയ്യാറാവേണ്ടത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ വീടുകള്‍ക്ക് സമാനമായ സൗകര്യം ലഭിക്കില്ലെന്ന് നമുക്ക് അറിയാം. എന്നുകരുതി ശരിയായ പരിശോധന നടത്താതെ വീടുകളിലേക്ക് താമസം മാറാന്‍ ശ്രമിക്കുന്നത്, അപകടം ക്ഷണിച്ചുവരുത്താം. വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ ഒരു കുടുംബത്തിന് വേണ്ടിവരുന്ന അവശ്യവസ്തുക്കളുടെ കിറ്റും നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

വൈദ്യുതി

വീട്ടുടമകള്‍ ഇലക്ട്രിസിറ്റി ഓഫീസുമായി ബന്ധപ്പെട്ടാല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയറിംഗ്, പ്ലംബിംഗ് മേഖലയില്‍ ആവശ്യമായ റിപ്പയറിംഗ് പ്രവര്‍ത്തികള്‍ നടത്തുന്ന കാര്യത്തില്‍ ബന്ധപ്പെട്ട സംഘടനകളുമായി സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്തപ്പോള്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

മാത്രമല്ല, രംഗത്തെ വിദഗ്ധരായിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ സഹായത്തിന് മുന്നോട്ടുവന്നിട്ടുണ്ട.് പ്രാദേശിക തലത്തില്‍ പട്ടിക സലൃമഹമൃലരൌല.ശി എന്ന വെബ്സൈറ്റില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നേരിട്ട് ലഭിക്കുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശികമായി മുന്‍കൈ എടുത്ത് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണം.

ഗ്യാസ്

ഗ്യാസ് സിലണ്ടറുകള്‍ സൂക്ഷ്മമായി പരിശോധിച്ച് കൈകാര്യം ചെയ്യണം. പ്രദേശികമായി സിലിണ്ടറുകള്‍ ലഭ്യമാക്കാനും മറ്റു സഹായങ്ങള്‍ ചെയ്യുവാനുമായി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണക്കാര്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതാണ്. ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഒപ്പം ആളുണ്ടാവണം

വീടുകളിലേക്ക് ചെല്ലുമ്പോള്‍ റെസിഡന്‍സ് അസോസിയേഷന്‍ന്‍റെയോ സന്നദ്ധ സംഘടനകളുടെയോ സഹകരണം ഉറപ്പുവരുത്തുന്നതരത്തില്‍ ഇടപെടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ജനപ്രതിനിധികളുടെ ഇടപെടലും ഇവിടെ ഉണ്ടാവണം. പോലീസിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും സഹകരണം ഉണ്ടാവണം.

ആരോഗ്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഇടപെടല്‍

വീടുകളിലും ക്യാമ്പുകളിലും താമസിക്കുന്നവര്‍ക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇക്കാര്യത്തില്‍ ആവശ്യമായ കര്‍മ്മപദ്ധതികള്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആവിഷ്ക്കരിച്ചുകഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമുള്ള ഡോക്ടര്‍മാരുടെ സഹകരണം ഇക്കാര്യത്തില്‍ നല്ല നിലയില്‍ ലഭിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമായിത്തീരും. പാമ്പുകടിക്കുള്ള ആന്‍റി-വ്യനം ആശുപത്രികളില്‍ ലഭ്യമാക്കുന്നതിനും മെഡിക്കല്‍ സൗകര്യം ഉറപ്പുവരുത്തുന്നതിനും ഉള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

നോട്ട് മാറിയെടുക്കല്‍

ആകസ്മികമായുണ്ടായ ഈ വെള്ളപ്പൊക്കത്തില്‍ നോട്ടുകള്‍ നനയുകയും കേടുപാടുകള്‍ വരികയും ചെയ്തിട്ടുണ്ടാവും. അത്തരം നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഉത്തരവായിട്ടുണ്ട്.

ക്യാമ്പുകളിലെ ഇടപെടല്‍

ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണവും മറ്റ് അത്യാവശ്യ വസ്തുക്കളും എത്തിക്കുന്നതിന് വിവിധ രാഷ്ട്രീയ പാര്‍ടികളും സന്നദ്ധ സംഘടനകളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇവര്‍ ക്യാമ്പിലെ അന്തേവാസികളെ സഹായിക്കാന്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ ക്യാമ്പുകളില്‍ ചുമതലപ്പെട്ടവരെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. അതിന്‍റെ വിതരണവും മേല്‍നോട്ടവും അവരുടെ ഉത്തരവാദിത്തവുമാണ്. ക്യാമ്പുകളില്‍ വിവിധ രാഷ്ട്രീയ പാര്‍ടികളും മറ്റും അവരുടെ അടയാളങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ക്യാമ്പിന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ആര്‍ഭാടം ഒഴിവാക്കുക

ദുരന്തത്തിന്‍റെ ഇത്തരമൊരു സാഹചര്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നാം നിര്‍ത്തിവെച്ചിട്ടുണ്ട്. നമ്മുടെ സഹോദരങ്ങള്‍ ദുരിതത്തിന്‍റെ കയങ്ങളില്‍ മുങ്ങിക്കഴിയുമ്പോള്‍ ആര്‍ഭാടകരമായ ചടങ്ങുകള്‍ കഴിയുന്നതും ഒഴിവാക്കാനാവണം. വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലളിതമായി നിര്‍വഹിക്കുന്നതിന് നാം ശ്രദ്ധിക്കേണ്ടതുണ്ട്. ദുരിതമനുഭവിക്കുന്ന നമ്മുടെ സഹജീവികളോടുള്ള ഐക്യദാര്‍ഢ്യമെന്ന് നിലയിലാണ് നാം അതിനെ കാണേണ്ടത്.

തെറ്റായ പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ല

തെറ്റായ ചില പ്രവണതകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ആളില്ലാത്ത വീടുകളിലേക്ക് കടന്നുകേറുന്ന പ്രവണതകള്‍ അപൂര്‍വ്വം ചില സ്ഥലങ്ങളിലെങ്കിലും ഉണ്ടായിട്ടുണ്ട്. ദുരിതാശ്വാസത്തിനായി ഫണ്ട് ശേഖരിക്കുന്ന എന്ന പേരില്‍ ചില തെറ്റായ രീതികളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകമായി റിലീഫ് ഫണ്ട് ഈ ഘട്ടത്തില്‍ പിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നേരിട്ട് തുക നല്‍കുക എന്ന രീതി സ്വീകരിക്കുന്നതായിരിക്കും ഉചിതം.

മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണം

നമ്മുടെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏറ്റവും നല്ല നിലയില്‍ സേവനമര്‍പ്പിച്ച വിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ ധൈര്യവും സഹജീവി സ്നേഹവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സാഹസികമായി മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയതിന്‍റെ നിരവധി അനുഭവങ്ങള്‍ പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായമൊന്നുമില്ലാതെ സ്വന്തം അനുഭവത്തിന്‍റെയും സഹജീവി സ്നേഹത്തിന്‍റെ കരുത്തിന്‍റെയും ബലത്തില്‍ മുന്നിട്ടിറഞ്ഞിയ ഇവരുടെ സേവനം വിലമതിക്കാനാവാത്തതാണ് അതിന്‍റെ അംഗീകാരം എന്ന നിലയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും ഈ വരുന്ന 29-ാം തീയ്യതി തിരുവനന്തപുരത്ത് വച്ച് സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സ്യത്തൊഴിലാളികളും ഇത് ഒരു ക്ഷണമാണെന്ന് കൂടി കണക്കിലെടുത്തുകൊണ്ട് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മത്സ്യത്തൊഴിലാളികളെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും വേണം.

യുവതി-യുവാക്കളുടെ വിലമതിക്കാനാവാത്ത സേവനം

പ്രളയത്തിന്‍റെ ദുരിതത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സ്വയമേവ മുന്നോട്ടുവന്നവരാണ് യുവതി-യുവാക്കള്‍. ആരുടെയും പ്രത്യേക സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ സാഹസികമായി കുത്തൊഴുക്കിനെ അതിജീവിച്ചും എല്ലാ വെല്ലുവിളികളെയും തൃണവത്ഗണിച്ചും അവര്‍ കാണിച്ച ധീരത നമ്മുടെ രക്ഷാ പ്രവര്‍ത്തനത്തിലെ തിളങ്ങുന്ന മറ്റൊരു അധ്യായമാണ്. ക്യാമ്പുകളില്‍ യുവതികളും യുവാക്കളും നടത്തുന്ന സേവനവും വിലമതിക്കാനാവാത്തതാണ്. നമ്മുടെ യുവത്വം ത്യാഗസന്നദ്ധതയുടെയും സേവനതത്പരതയുടെയും മനുഷ്യ സ്നേഹത്തിന്‍റെയും പാതയില്‍ തന്നെയാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിച്ച അഭിമാനകരമായ മുഹൂര്‍ത്തങ്ങളായിരുന്നു അതില്‍ പലതും. നമ്മുടെ ഭാവി തലമുറ നമ്മുടെ ഉജ്ജ്വലമായ സംസ്കാരത്തിന്‍റെ പതാകവാഹകരാവുന്നു എന്നത് ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷ കൂടിയാണ്.

മോട്ടോര്‍ വാഹനങ്ങളുടെ പങ്ക്

രക്ഷാ പ്രവര്‍ത്തനത്തിന്‍റെ വിജയത്തിന് സഹായകമായി വര്‍ത്തിച്ച ഒരു ഘടകം മോട്ടോര്‍ വാഹന ഉടമകളുടെ സഹകരണമാണ്. ടിപ്പര്‍ ലോറികളും അതുപോലുള്ള വാഹനങ്ങളുമെല്ലാം ഗതാഗതയോഗ്യമല്ലാത്ത മേഖലകളില്‍ സാഹസികമായി നിലയുറപ്പിച്ചുകൊണ്ടാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അതില്‍ സേവനം അനുഷ്ഠിച്ച ഡ്രൈവര്‍മാരുടെ നെഞ്ചുറപ്പും കരളുറപ്പും പലരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇവരുടെ സേവനത്തെയും സര്‍ക്കാര്‍ ഏറെ മാനിക്കുന്നു.

അതിഥി തൊഴിലാളികള്‍

പ്രളയം സംസ്ഥാനത്ത് ബാധിച്ചതോടെ തൊഴില്‍ രഹിതരായി തീര്‍ന്നവരാണ് അതിഥിതൊഴിലാളികള്‍. ഇവരുടെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് സൗജന്യമായി ഇവര്‍ക്ക് ഭക്ഷണം സര്‍ക്കാര്‍ തന്നെ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം വെല്ലുവിളിയുള്ളത്

രക്ഷാ പ്രവര്‍ത്തനവും ജനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനവും പൂര്‍ത്തീകരിച്ച ശേഷം ഊന്നല്‍ നല്‍കേണ്ട മേഖലയാണ് പുനര്‍ നിര്‍മ്മാണത്തിന്‍റേത്. തകര്‍ന്നുപോയ വിവിധ മേഖലകളെ തിരിച്ചുകൊണ്ടുവരിക എന്നത് ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും പ്രധാനമാണ്.

ഇത്തരം പുനര്‍നിര്‍മ്മാണത്തിന്‍റെ സാധ്യതകളെ പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. ഈ വിലയിരുത്തല്‍ തന്നെ ഗൗരവമായ ചില പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്തെ ഈ വര്‍ഷത്തെ പദ്ധതി അടങ്കല്‍ 37,248 കോടി രൂപയാണ്. ഇതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായുള്ള മൂലധന ചെലവ് 10,330 കോടിയും.
ഈ കണക്ക് വച്ചുകൊണ്ട് പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്ന കാര്യം ഭാരിച്ച ഉത്തരവാദിത്തം നമുക്ക് ഏറ്റെടുക്കാനുണ്ട് എന്നതാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള വിഭവങ്ങള്‍ കണ്ടെത്തുക എന്നതും എറ്റവും ശ്രമകരമായ ദൗത്യങ്ങളിലൊന്നാണ്.

പ്രളയം ഉണ്ടാക്കിയ നാശം പൂര്‍ണ്ണമായും വിലയിരുത്തിയിട്ടില്ല. പ്രാഥമിക കണക്ക് വ്യക്തമാക്കുന്നത.് പ്രധാനമന്ത്രി സംസ്ഥാന സന്ദര്‍ശിച്ച ഘട്ടത്തില്‍ 20,000 കോടി രൂപയോളം നാശനഷ്ടമുണ്ടായ കാര്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ വരുന്നതോടെ അത് ഇനിയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് കാണിക്കുന്നത് ഒരു വര്‍ഷത്തെ പദ്ധതി തുകയ്ക്ക് വകയിരുത്തിയ അത്രയും തുകയോളം തന്നെ ഈ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ നമുക്ക് ചിലവഴിക്കേണ്ടിവരും എന്നതാണ്. അതല്ലെങ്കില്‍ നമ്മുടെ ഒരു വര്‍ഷത്തെ വികസനം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടിവരുന്ന സ്ഥിതിയുമാണ് ഉണ്ടാകുന്നത്.

ഈ കണക്ക് പരിശോധിക്കുമ്പോഴാണ് കേരളത്തിന്‍റെ സമ്പദ്ഘടനയ്ക്ക് ഇത് ഏല്‍പ്പിച്ചിട്ടുള്ള വമ്പിച്ച ആഘാതം മനസ്സിലാവുക. അത് കണ്ടുകൊണ്ട് ഇടപെട്ടെങ്കില്‍ മാത്രമേ വികസനമുരടിപ്പ് ഇല്ലാതെ തന്നെ ഈ പ്രശ്നം പരിഹരിക്കാനാവൂ.

പ്രളയദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് അവരുടെ വീടുകള്‍ വാസയോഗ്യമാക്കുന്നതിനും ഗാര്‍ഹികോപകരണങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, സ്ഥാവരജംഗമ വസ്തുക്കള്‍ ഉപയോഗയോഗ്യമാക്കുന്നതിനും വേണ്ടിവരുന്ന ചെലവ് ഇതിനുംപുറമെയാണ്.

പാരിസ്ഥിതിക ആഘാതവും അതുണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളും അത് പരിഹരിക്കാനെടുക്കേണ്ട സമഗ്രസമീപനവും ചേര്‍ത്താല്‍ ഒരു പഞ്ചവത്സര പദ്ധതിക്ക് തുല്യമായ നിര്‍മ്മാണ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളം തയ്യാറാവേണ്ടതുണ്ട്. ഈ ഭാരിച്ച ഉത്തരവാദിത്തം എങ്ങനെ പരിഹരിക്കാനാവും എന്നതാണ് സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.

സഹായങ്ങള്‍ അനിവാര്യം

ഇത് കേരളം പോലുള്ള കൊച്ചു സംസ്ഥാനത്തിന് വളരെ കടുത്ത വെല്ലുവിളിയാണ്. ഇവിടെയാണ് കേന്ദ്ര സഹായത്തിന്‍റെയും ഉദാരമായ പിന്തുണയുടെയും പ്രശ്നം ഉയര്‍ന്നുവരുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചതുപോലെ ഏത്ര വലിയ സഹായം ലഭിച്ചാലും അത് അധികമാവില്ല എന്ന് പറയാനുള്ള കാരണം. അതുകൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ എത്തിക്കുക എന്നത് കേരളത്തിന്‍റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇതേവരെ ഓണ്‍ലൈന്‍ വഴി ലഭിച്ച 45 കോടി ഉള്‍പ്പെടെ 210 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. 160 കോടിയുടെ വാഗ്ദാനവും കിട്ടിയിട്ടുണ്ട്. സഹായം ഏത് രീതിയിലും അയക്കുന്നതിന് ബാങ്കുകളില്‍ നിന്ന് പേയ്മെന്‍റ് ഗേയ്റ്റ് വേയുമുണ്ട്. അത് ഉപയോഗപ്പെടുത്താനാവണം.

മേല്‍ സൂചിപ്പിച്ചതുപോലെ സംസ്ഥാനത്തിന് അതിജീവിക്കാന്‍ താണ്ടേണ്ട വഴി ഇനിയും ഏറെ ഉണ്ട് എന്നിത് കാണിക്കുന്നു. ചില പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ തയ്യാറായി ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ചുമതലപ്പെട്ടവരുമായി ബന്ധപ്പെട്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് പുനരധിവാസ പ്രവര്‍ത്തനത്തിന് സഹായകരമാണ്.

ഉദാഹരണമായി സി.ഐ.ഐ സഹായിക്കുന്നതിന്‍റെ ഭാഗമായി 100 വീട് കേടുപാട് തീര്‍ത്ത് നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. ബ്രഡ് പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന കാര്യവും അറിയിച്ചിട്ടുണ്ട്. ചാലക്കുടി മേഖലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി 200 ഇലക്ട്രീഷ്യന്‍മാരെയും പ്ലംബര്‍മാരെയും അണിനിരത്തിക്കൊണ്ടുള്ള ഊരാളുംങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണ്.

നാം അതിജീവിക്കും 

ഈ പ്രതിസന്ധിയെയും നമുക്ക് മറികടക്കാനാവും. നാം ദുരിതത്തെ നേരിട്ടപ്പോള്‍ ഒറ്റക്കെട്ടായി നിന്ന കേരളീയരുടെ മനസ്സ് തന്നെയാണ് ആ ആത്മവിശ്വാസത്തിന്‍റെ അടിത്തറ. രാജ്യ സ്നേഹത്തിന്‍റെ ഉന്നതമായ സന്ദേശം മുന്നോട്ടുവച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നമുക്ക് ലഭിക്കുന്ന സഹായവും ഈ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു. നമ്മുടെ നാട്ടില്‍ നിന്ന് പഠിച്ചുവളര്‍ന്ന ഒരു ജനതയുണ്ട് ലോകത്തെമ്പാടും അവരുടെ സഹായങ്ങള്‍ അലമാലകള്‍ പോലെ വന്നുകയറുന്നുണ്ടിവിടെ.

ലോകത്തിലെ മനുഷ്യ സ്നേഹികളാവട്ടെ സഹായഹസ്തങ്ങളുമായി നമ്മെ പിന്തുണയ്ക്കുന്നു. നാം ഒന്നായി നില്‍ക്കുകയും മനുഷ്യ സ്നേഹം ഉയര്‍ത്തുന്ന സഹായങ്ങള്‍ തണലായി മാറുകയും ചെയ്യുമ്പോള്‍ ഈ പ്രതിസന്ധി മറികടക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഒന്നായി നിന്ന് നമുക്ക് കെട്ടിപ്പടുക്കണം, നഷ്ടമായതിനെയെല്ലാം. അതിനുള്ള സഹായങ്ങള്‍ ഉണ്ടാവണമെന്ന അഭ്യര്‍ത്ഥനയാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുന്നോട്ടുവയ്ക്കാനുള്ളത്.

ഇന്നത്തെ അവലോകനയോഗം

ആശ്വാസ ക്യാമ്പുകള്‍ ഒരു വീടുപോലെയാണ്. അവിടേക്ക് പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ ക്യാമ്പിലും പോലീസ് കാവലുണ്ടാകും. സഹായ സന്നദ്ധരായി ചെല്ലുന്നവര്‍ അവരുടെ ഐഡന്‍റിറ്റി കാണിക്കുന്നതിനുള്ള പ്രത്യേക വേഷങ്ങള്‍ ഉപയോഗിക്കേണ്ടതില്ല. സന്നദ്ധ പ്രവര്‍ത്തകര്‍ ക്യാമ്പിന്‍റെ ചുമതലയുള്ള ഓഫീസറെയാണ് ബന്ധപ്പെടേണ്ടതും സാധന സാമഗ്രികള്‍ ഏല്‍പ്പിക്കേണ്ടതും. 

ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് തിരിച്ചെത്തും മുമ്പ് വീടുകള്‍ വൃത്തിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തില്‍ ഇന്നുതന്നെ 11 നഗരസഭകളിലും 70 പഞ്ചായത്തുകളിലും വൃത്തിയാക്കല്‍ ആരംഭിച്ചു. വൃത്തിയാക്കല്‍ പ്രക്രിയയ്ക്കുവേണ്ടി ഓരോ പഞ്ചായത്ത് വാര്‍ഡിനും 25,000 രൂപയും ഓരോ നഗരസഭാ വാര്‍ഡിനും 50,000 രൂപയും വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ തകരാറിലായ വൈദ്യുതി വിതരണം സാധാരണ നിലയിലാക്കുന്നതിന് വൈദ്യുതി ബോര്‍ഡ് നാല് ഘട്ടങ്ങളായുള്ള കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രാഥമിക കണക്കനുസരിച്ച് 26 ലക്ഷം ഉപഭോക്താക്കളെ വൈദ്യുതി മുടങ്ങിയത് ബാധിച്ചിട്ടുണ്ട്. അതില്‍ 25 ലക്ഷം, വീടുകളാണ്. വൈദ്യുതി ഉല്‍പ്പാദനത്തെയും വെള്ളപ്പൊക്കം ബാധിച്ചു. വെള്ളപ്പൊക്കത്തിലൂടെ തകരാറിലായ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കുന്നതിന് ചാര്‍ജ്ജ് ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. 

എല്ലാ ക്യാമ്പുകളിലും അടുക്കള സജ്ജീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

ദുരിതാശ്വാസത്തിനുവേണ്ടി കൂടുതല്‍ ഭക്ഷ്യധാന്യം സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. 50,000 ടണ്‍ അരി കൂടുതലായി തല്‍ക്കാലം കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala floods chief minister pinarayi vijayan press conference