അബുദാബി: കേന്ദ്ര സര്‍ക്കാരിന്‍റെ എതിര്‍പ്പ് മൂലം പ്രളയദുരിതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് നഷ്ടമായത് വലിയ സഹായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള നിർമ്മാണത്തിന് വിദേശ സഹായം സ്വീകരിക്കരുതെന്ന കേന്ദ്ര സർക്കാർ നിലപാട് പരാമർശിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അബുദാബിയിൽ ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ഐപിബിജി സംഘടിപ്പിച്ച യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 350 വ്യവസായികള്‍ പങ്കെടുത്ത യോഗത്തിലാണ് കേന്ദ്രസർക്കാരിന്റെ നിലപാടിനെ മുഖ്യമന്ത്രി വിമർശിച്ചത്.

വിദേശ സഹായം കേരളത്തിന് ഇനി സ്വീകരിക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാരിന്റെ നിലപാടുമൂലം ഇതൊരു അടഞ്ഞ അദ്ധ്യായമാണ്. ഇതിനാൽ തന്നെ പ്രവാസികൾ ഒരു മാസത്തെ വേതനമെങ്കിലും കേരളത്തിന് വേണ്ടി നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“കേരളത്തെ സഹായിക്കാൻ മുന്നോട്ട് വന്ന വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ തിരുത്തുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല. ഇനി ആ പ്രതീക്ഷയും ഇല്ല. ഇതുമൂലം കേരളത്തിന് നഷ്ടമായത് വലിയ സംഖ്യയാണ്. പ്രവാസികള്‍ കഴിവിന്‍റെ പരമാവധി സഹായിക്കണം. ഒരു മാസത്തെ വേതനം നൽകാൻ സാധിക്കില്ലെങ്കിൽ ഒരാഴ്ചത്തെ വേതനമെങ്കിലും സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിന് നൽകണം,” മുഖ്യമന്ത്രി അബുദാബിയിൽ മലയാളികളോട് പറഞ്ഞു.

തകർന്ന കേരളത്തിന്‍റെ സമഗ്ര ചിത്രവും നവകേരളത്തിന്‍റെ പുനർനിർമ്മാണ പദ്ധതികളും ഉൾപ്പെടുത്തികൊണ്ടുള്ള മാസ്റ്റർപ്ലാൻ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ അവതരിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook